- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പഞ്ചായത്ത് ബിജെപിക്ക് കൊടുത്താൽ ജില്ലയാകെ നേടാമെന്ന് ഒരു വിഭാഗം സിപിഎം നേതാക്കൾ; രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലെ സിപിഎം- കോൺഗ്രസ് സഖ്യം ഹരിപ്പാട്ട് തങ്ങൾക്കും വെല്ലുവിളിയെന്ന് സിപിഐയും; തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഎം ഉപേക്ഷിക്കുന്നത് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട്
ആലപ്പുഴ: സിപിഐയുടെ കടുത്ത അതൃപ്തിയെ തുടർന്ന് ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം വേണ്ടെന്ന് വെച്ച് സിപിഎം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റായത് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും ബിജെപി ഈ സഖ്യം ചൂണ്ടിക്കാട്ടി നേട്ടമുണ്ടാക്കും എന്നുമുള്ള സിപിഐയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെയാണ് തങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവെക്കാൻ സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയത്. അതേസമയം, ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലും ഈ സഖ്യം സിപിഎമ്മിന് തന്നെ വിനയാകുമെന്നും സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒൻപതിൽ എട്ടു മണ്ഡലങ്ങളിലും വിജയിച്ച എൽ.ഡി.എഫ് ചെങ്ങന്നൂർ മണ്ഡലം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് നിലനിർത്താൻ സാധിച്ചു എന്നതുമാത്രമാണ് യു.ഡി.എഫിന്റെ നേട്ടം. കുട്ടനാട്, ചേർത്തല, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരത്തെ അതിജീവിച്ചായിരുന്നു എൽ.ഡി.എഫിന്റെ വിജയം. ഉപതെരഞ്ഞെടുപ്പിൽ അരൂർ നഷ്ടമായെങ്കിലും ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളെല്ലാം ജയിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന പൊതുവികാരം. അത് നഷ്ടമാകുന്നതിന് കാരണമാകുന്ന താത്ക്കാലിക നേട്ടങ്ങളൊന്നും വേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചതോടെ കോൺഗ്രസ് പിന്തുണയോടെ ലഭിച്ച രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലെ പ്രസിഡന്റ് പദം രാജിവെക്കാൻ സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകുകയായിരുന്നു.
തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നിർദ്ദേശം. സംസ്ഥാന കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മറ്റി വിലയിരുത്തി. പാർട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകൾ തിരുത്തപ്പെടണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഇത് പ്രചരണ ആയുധമാക്കാൻ ശ്രമിക്കുന്നതായും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്.
ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനിക്കുകയായിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിനാണ് യുഡിഎഫ് ഇത്തരം നിലപാടെടുത്തത്. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്നും പട്ടികജാതി വനിതകളാരും ജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്നും വിജയിച്ച പട്ടികജാതി വനിതയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
കഴിഞ്ഞതവണ എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എൽഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ബിജെപിക്കൊപ്പം ആറു സീറ്റ് ലഭിച്ചെങ്കിലും യുഡിഎഫിൽ പട്ടിക ജാതി വനിതകളാരും ജയിച്ചിരുന്നില്ല. അതേസമയം എൽഡിഎഫിനും ബിജെപിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ടായിരുന്നു താനും. ഈ സഹാചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ ഇരുമുന്നണികളും ധാരണയിലെത്തിയത്.
പഞ്ചായത്ത് ഭരണം സിപിഎം നേടിയതിന് പിന്നാലെ സിപിഐ ഇക്കാര്യത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കന്മാരും ഈ സഖ്യം ജില്ലയിൽ പാർട്ടിക്ക് ഉണ്ടാക്കാനിടയുള്ള പിന്നോട്ടടിയെ ഭയന്നു. ഒരു പഞ്ചായത്ത് ബിജെപിക്ക് കൊടുത്ത് ജില്ലയാകെ നേടുന്നതോ നല്ലത് അതോ ഒരു പഞ്ചായത്തെടുത്ത് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പരാജയപ്പെടുന്നതാണോ നല്ലത് എന്ന ചോദ്യമാണ് ഇവർ ഉയർത്തിയത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ കോൺഗ്രസ്- സിപിഎം സഖ്യം ഉയർത്തിക്കാട്ടി ബിജെപിക്ക് വളരാനുള്ള സാഹചര്യം ഒരുക്കരുതെന്ന് ഇവർ നിലപാടെടുത്തു. ഇതോടെയാണ് വിഷയത്തിൽ സംസ്ഥാന നേതൃത്വവും ഇടപെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടാണ് ആലപ്പുഴ ജില്ലയിൽ യു.ഡി.എഫിന് പിടിക്കാനായ ഏക മണ്ഡലം. പൊതുവേ യു.ഡി.എഫിന് മുൻതൂക്കമുള്ള ഹരിപ്പാട് അനായാസേനയായിരുന്നു ചെന്നിത്തലയുടെ വിജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സിപിഐ.യുടെ പി. പ്രസാദിന് ചെന്നിത്തലയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. കഴിഞ്ഞതവണത്തെ 5520 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 18621 ആക്കി വർധിപ്പിച്ചാണ് ചെന്നിത്തല വിജയിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ഡി. അശ്വിനിദേവിന് 13,000ന് താഴെ വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ജില്ലയിൽ ഏറ്റവും കുറച്ച് വോട്ടുകൾ നേടിയ എൻ.ഡി.എ സ്ഥാനാർയും അശ്വനിദേവായിരുന്നു.
മറുനാടന് ഡെസ്ക്