- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേഡകത്തും നൂറിലേറെ സിപിഐ(എം) പ്രവർത്തകർ സിപിഐയിലേക്ക്; മുൻ ഏരിയാസെക്രട്ടറി ഗോപാലൻ മാസ്റ്റർക്കെതിരായ പാർട്ടിനീക്കം ഭിന്നതയുണ്ടാക്കി; സിപിഎമ്മുകാരെ ആകർഷിക്കാൻ നേതാക്കളുടെ സ്വത്തുവിവരം വെളിപ്പെടുത്തി സിപിഐയുടെ അടവുനയം
കാസർഗോഡ്: കുറ്റിക്കോൽ പഞ്ചായത്തിലെ ബേഡകത്തുനിന്നും നൂറിലേറെ സിപിഐ.(എം). പ്രവർത്തകർ സിപിഐ യിലേക്ക് കൂടുമാറുന്നു. ബേഡകം മുൻ ഏരിയാ സെക്രട്ടറിയും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.ഗോപാലൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സിപിഐ.യിലേക്ക് കണ്ണും നട്ടിരിക്കുന്നത്. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ വിമത പ്രവർത്തനം നടത്തിയവരാണ് ഗോപാലൻ മാസ്റ്റരോടൊപ്പം നിൽക്കുന്ന വലിയ വിഭാഗം പ്രവർത്തകരും. അതേ തുടർന്ന് സിപിഐ.-എം. ശക്തികേന്ദ്രമായ ബേഡകത്ത് ചേരിതിരിഞ്ഞുള്ള പ്രവർത്തനം സജീവമായി നടന്നിരുന്നു. പാർട്ടി ഏരിയാ സമ്മേളന നഗരിയിൽ പാർട്ടി പതാകയ്ക്ക് പകരം കരിങ്കൊടി ഉയർത്തിയ സംഭവംവരെ ഇവിടെ അരങ്ങേറിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഭിന്നത രൂക്ഷമായിരുന്നു. എന്നാൽ അതൊക്കെ ജില്ലാ നേതൃത്വം താത്ക്കാലികമായി പരിഹരിക്കുകയായിരുന്നു. ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. കണ്ണൂരിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. സുധാകരൻ രംഗത്തിറങ്ങിയതോടെ ഉദുമ മണ്
കാസർഗോഡ്: കുറ്റിക്കോൽ പഞ്ചായത്തിലെ ബേഡകത്തുനിന്നും നൂറിലേറെ സിപിഐ.(എം). പ്രവർത്തകർ സിപിഐ യിലേക്ക് കൂടുമാറുന്നു. ബേഡകം മുൻ ഏരിയാ സെക്രട്ടറിയും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.ഗോപാലൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സിപിഐ.യിലേക്ക് കണ്ണും നട്ടിരിക്കുന്നത്.
കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ വിമത പ്രവർത്തനം നടത്തിയവരാണ് ഗോപാലൻ മാസ്റ്റരോടൊപ്പം നിൽക്കുന്ന വലിയ വിഭാഗം പ്രവർത്തകരും. അതേ തുടർന്ന് സിപിഐ.-എം. ശക്തികേന്ദ്രമായ ബേഡകത്ത് ചേരിതിരിഞ്ഞുള്ള പ്രവർത്തനം സജീവമായി നടന്നിരുന്നു. പാർട്ടി ഏരിയാ സമ്മേളന നഗരിയിൽ പാർട്ടി പതാകയ്ക്ക് പകരം കരിങ്കൊടി ഉയർത്തിയ സംഭവംവരെ ഇവിടെ അരങ്ങേറിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഭിന്നത രൂക്ഷമായിരുന്നു. എന്നാൽ അതൊക്കെ ജില്ലാ നേതൃത്വം താത്ക്കാലികമായി പരിഹരിക്കുകയായിരുന്നു.
ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. കണ്ണൂരിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. സുധാകരൻ രംഗത്തിറങ്ങിയതോടെ ഉദുമ മണ്ഡലത്തിന്റെ ഭാഗമായ ബേഡകത്ത് ഭിന്നിച്ചുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ ജില്ലാ -സംസ്ഥാന നേതൃത്വങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. അതിന്റെ ഫലമായി ഗോപാലൻ മാസ്റ്റരും അനുയായികളും പാർട്ടിയോടൊപ്പം നിൽക്കുകയും പാർട്ടി സ്ഥാനാർത്ഥിക്കു വേണ്ടി രംഗത്തിറങ്ങുകയും ചെയ്തു.
പരുങ്ങലിലായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചതോടെ ഗോപാലൻ മാസ്റ്റരേയും കൂട്ടാളികളേയും വീണ്ടും തഴയുകയായിരുന്നു. ഏറ്റവും ഒടുവിൽ പൊട്ടിത്തെറിക്ക് കാരണമായത് കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ചേർന്നതോടെയാണ്. ഏരിയാ കമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ച ചെയ്തപ്പോൾ ഗോപാലൻ മാസ്റ്ററേയും അനുയായികളേയും പ്രവർത്തനത്തിന് ഇറക്കിയത് ഉചിതമായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് ഭിന്നത രൂക്ഷമായി.
ഏരിയാ കമ്മിറ്റി റിപ്പോർട്ട് ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും ചർച്ചക്കെടുത്തതോടെ പ്രവർത്തകർ തമ്മിൽ വാഗ്വാദം നടന്നു. ഗോപാലൻ മാസ്റ്ററെ പറ്റിയുള്ള പരാമർശം അദ്ദേഹത്തെ അനുകൂലിക്കുന്നവർ എതിർത്തു. അതോടെ കുറ്റിക്കോൽ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒരു വിഭാഗം ഇറങ്ങിപ്പോയി. പരാമർശങ്ങൾ അതിരുവിട്ടപ്പോൾ അദ്ധ്യക്ഷനടക്കം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും യോഗം നിർത്തിവക്കേണ്ടി വരികയും ചെയ്തു. മൂന്ന് വർഷമായി കത്തി നിൽക്കുന്ന സിപിഐ.(എം). ലെ ഭിന്നത ഇപ്പോൾ ഒരു വിഭാഗം പാർട്ടി വിടുന്ന അവസ്ഥയിലേക്ക് എത്തിനിൽക്കുകയാണ്. ജില്ലയിലെ സിപിഐ. മന്ത്രിയായ ഇ.ചന്ദ്രശേഖരന്റെ സൗകര്യാർത്ഥം ഇവർ സിപി.ഐ.യിൽ ചേരുന്ന ദിവസം തീരുമാനിക്കുമെന്നാണ് അണിയറയിലുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞത്.
എറണാകുളത്തിനു പിന്നാലെ കാസർഗോട്ടും സിപിഐ.(എം). കാരെ സിപിഐ.യിലേക്ക് ആകർഷിക്കുന്ന അടവുനയം സംസ്ഥാന വ്യാപകമാക്കാൻ സിപിഐ.നേതൃത്വം ആലോചിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായി സിപിഐ.യുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവരുടെ സ്വത്തുവിവരം പുറത്തിറക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇത് പാർട്ടി അനുഭാവികളിൽ മാത്രമല്ല മറ്റുള്ളവരേയും അറിയിക്കും. അനധികൃതമായി സമ്പത്തുണ്ടാക്കിയവർ നേതൃനിരയിലുണ്ടെങ്കിൽ അവർക്കെതിരെ നടപടിയും എടുക്കും.
സിപിഐ., സിപിഐ.(എം). ലയനം ഇനി നടക്കാത്ത സ്വപ്നമായതിനാൽ സ്വന്തം നിലയിൽ പാർട്ടിയെ ശക്തപ്പെടുത്താനാണ് സിപിഐ. ലക്ഷ്യമിട്ടിട്ടുള്ളത്. പാർട്ടിയിലെ വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ള വിശ്വാസവും ആചാരവും തുടരാനും അനുമതി നൽകും. ഇതിൽ പാർട്ടി ഇടപെടില്ല.