- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോമസ് ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാർ ഇക്കുറി അങ്കത്തിനിറങ്ങേണ്ടെന്ന് സിപിഎം; സി.രവീന്ദ്രനാഥിനും ഇ.പി.ജയരാജനും എ.കെ.ബാലനും ഇക്കുറി സീറ്റില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇങ്ങനെ; മത്സരിക്കുന്നതിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: അഞ്ച് മന്ത്രിമാർ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ്, ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തോമസ് ഐസക്ക്, ജി. സുധകാരൻ എന്നിവരെ കൂടാതെ സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവർക്കും ഇക്കുറി അവസരമില്ല. അതേസമയം, മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ള സിപിഎം നേതാക്കൾ മത്സരിക്കാനാണ് സാധ്യത.
മത്സരിക്കുന്നതിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് സെക്രട്ടറിയേറ്റിൽ ഉയർന്ന നിർദ്ദേശം. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരിൽ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജൻ മത്സരിച്ച മണ്ഡലമാണിത്. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിർദ്ദേശവും സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടുണ്ട്. എ.കെ. ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിർദ്ദേശം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നിൽ വന്നിരുന്നു. താഴെ തട്ടിൽ നിന്ന് വ്യാപക വിമർശനം ഉയർന്നതോടെ ബാലൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി. സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും. എൽഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സിപിഎം നേതൃത്വം തീരുമാനിക്കും.
ഇഷ്ടക്കാർക്ക് വേണ്ടി നയം മാറ്റുന്ന സമീപനമാണ് നിലവിൽ സിപിഎമ്മിൽ കണ്ടുവരുന്നത്. എ സി മൊയ്തീനും ടി പി രാമകൃഷ്ണനും വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ്. അതേസമയം പിണറായിയുടെ മരുമകൻ പി എ മുഹമ്മദ് റിയാസും മത്സരിക്കാൻ ഒരുങ്ങുകയാണ്. പി ജയരാജനെ വെട്ടാൻ വേണ്ടിയാണ് ലോക്‌സഭയിൽ മത്സരിക്കുന്നവർക്ക് സീറ്റു നൽകേണ്ടതില്ലെന്ന തീരുമാനം സിപിഎം കൈക്കൊണ്ടത്. എന്നാൽ, ഈ നിയമം വി എൻ വാസവനും പ്രദീപ് കുമാറിനും ബാധകമല്ലെന്നതും വ്യക്തമായി. ഗുരുവായൂരിൽ സിറ്റിങ് എംഎൽഎയായ കെ.വി. അബ്ദുൽ ഖാദറിനെ മാറ്റാനും സിപിഎം തയ്യാറാകുന്നുണ്ട്
തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു തയാറാക്കിയത്. തൃശൂരിലെ പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും കോഴിക്കോട്ടെ പട്ടികയിൽ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസുമുണ്ട്. ബോപ്പൂരിൽ നിന്നാണ് മുഹമ്മദ് റിയാസ് ജനവിധി തേടുക. മന്ത്രി എ.സി.മൊയ്തീൻ വീണ്ടും കുന്നംകുളത്തു മത്സരിക്കും. ടേം നിബന്ധന കാരണം പുതുക്കാട് പട്ടികയിൽനിന്നു സിറ്റിങ് എംഎൽഎ മന്ത്രി സി.രവീന്ദ്രനാഥിനെ ഒഴിവാക്കി. പകരം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.
ഗുരുവായൂരിൽ കെ.വി. അബ്ദുൽ ഖാദറിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിൽ പുഴയ്ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിക്കും. ചാലക്കുടി സീറ്റിൽ ബി.ഡി.ദേവസി, ഇരിങ്ങാലക്കുടയിൽ കെ.ആർ. വിജയയും ചേലക്കരയിൽ സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപും മത്സരിക്കും. മണലൂരിൽ സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലിയാണ് സ്ഥാനാർത്ഥി.
കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വാസവനാണ് ഇവിടെ സാധ്യത കൂടുതൽ. ജില്ലാ കമ്മിറ്റി അംഗം കെ.അനിൽ കുമാർ കോട്ടയത്തും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് പുതുപ്പള്ളിയിലും പട്ടികയിൽ ഇടം തേടി.
രണ്ടു ടേം കഴിഞ്ഞ സുരേഷ് കുറുപ്പിന്റെയും വാസവന്റെയും സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും. പൂഞ്ഞാർ സിപിഎം ഏറ്റെടുക്കണമെന്നു യോഗം നിർദ്ദേശിച്ചു. കോഴിക്കോട് നോർത്തിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സംവിധായകൻ രഞ്ജിത്തിനെ ജില്ലാ സെക്രട്ടേറിയറ്റ് തഴഞ്ഞു. രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ജില്ലയിൽനിന്നുള്ള 3 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനെയും കൊയിലാണ്ടിയിൽ 2 ടേം പൂർത്തിയാക്കിയ കെ.ദാസനെയും വീണ്ടും പരിഗണിക്കാനാണ് ശുപാർശ. കൊയിലാണ്ടിയിൽ എം.മെഹബൂബ്, പി.സതീദേവി എന്നിവരുടെ പേരുകളുമുണ്ട്. ബേപ്പൂരിൽ വി.കെ.സി. മമ്മദ് കോയയ്ക്കു പകരമാണ് മുഹമ്മദ് റിയാസ് എത്തുന്നത്.
തിരുവമ്പാടി: ഗിരീഷ് ജോൺ, ബാലുശ്ശേരി: കെ.എം.സച്ചിൻദേവ്, ഇ.രമേശ് ബാബു. കഴിഞ്ഞ വട്ടം ഇടതുസ്വതന്ത്രർ വിജയിച്ച കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിൽ ഇക്കുറിയും സിറ്റിങ് എംഎൽഎമാരായ പി.ടി.എ.റഹീമിനെയും കാരാട്ട് റസാഖിനെയും മത്സരിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു നൽകിയേക്കും
തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം 7 സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. 2 ടേം നിബന്ധന പൂ ർത്തിയാക്കിയ ബി.സത്യനെ (ആറ്റിങ്ങൽ) ഒഴിവാക്കി. കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രൻ, വർക്കല: വി.ജോയി, വാമനപുരം: ഡി.കെ. മുരളി, വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത്, പാറശാല: സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട: ഐ.ബി.സതീഷ്, നെയ്യാറ്റിൻകര: കെ.ആൻസലൻ എന്നീ സിറ്റിങ് എംഎൽഎമാരാണു വീണ്ടും മത്സരിക്കുന്നത്. നേമത്ത് വി.ശിവൻകുട്ടിക്കു വീണ്ടും സീറ്റ് നൽകും. അരുവിക്കര: ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ വി.കെ. മധു, ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക് പ്രസിഡന്റ് ഒ.എസ്. അംബിക കുമാരി.
അതേസമയം ചങ്ങനാശേരിക്കു പകരം പൂഞ്ഞാറോ കോട്ടയമോ കിട്ടിയാൽ വഴങ്ങുമെന്ന പ്രചാരണം സിപിഐ നിഷേധിച്ചു. കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റെന്ന നിലയിൽ ഏറ്റുമാനൂർ വിട്ടുകൊടുക്കാമെന്നും പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി എന്നിവ വേണമെന്നുമാണ് കേരള കോൺഗ്രസ് (എം) നിലപാട്. മൊത്തം 13 സീറ്റ് എന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുന്നു. കാഞ്ഞിരപ്പള്ളി കൂടാതെ കണ്ണൂരിലെ ഇരിക്കൂർ, മലപ്പുറത്തെ 2 സീറ്റുകൾ എന്നിവ വിട്ടുകൊടുക്കാനുള്ള സന്നദ്ധത സിപിഐ അറിയിച്ചു. ആകെ 24 സീറ്റിലാകും മത്സരിക്കുക.
മറുനാടന് മലയാളി ബ്യൂറോ