തിരുവനന്തപുരം: നേമത്തിന് സമീപം മേലാങ്കോട് ചടമ്പി സ്വാമികളുടെ പ്രതിമ അടിച്ചു തകർത്തത് പ്രദേശത്ത് സാമുദായിക വികാരം ഇളക്കി വിടാനുള്ള ചിലരുടെ ബോധ പൂർവ്വമായ ശ്രമമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അക്രമം നടന്ന എൻ.എസ്.എസ് കരയോഗ മന്ദിരം സന്ദർശിച്ച ശേഷം മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചട്ടമ്പി സ്വാമി കേരളത്തിലെ സാമൂഹിക പരിഷ്‌ക്കർത്താവാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനായി ഏറ്റവും കൂടുതൽ വാദിച്ച ആളുമാണ്. സ്ത്രീക്കും ശൂദ്രനും അക്ഷരം പഠിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ സാമൂഹിക പരിഷ്‌ക്കർത്താവാണ് ചട്ടമ്പി സ്വാമി. അങ്ങനെയുള്ള അദ്ദേഹത്തിന്റെ പ്രതിമ അടിച്ചു തകർത്ത സംഭവം തീർത്തും അപലപനീയം തന്നെയാണ്. ഇതിൽ സിപിഎം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു എന്നും ആനാവൂർ പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് നേമത്തിനു സമീപം മേലാങ്കോട് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായത്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിൽ റീത്തും സ്ഥാപിച്ചു. റീത്തിൽ സുകുമാരൻ നായരെ നിനക്ക് ചാമി ചരണം എന്ന് കളിയാക്കി എഴുതുകയും ചെയ്തിരുന്നു. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. ശബരിമല യുവതീപ്രവേശത്തെ എതിർത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എൻഎസ്എസ് ആരോപിക്കുകയും ചെയ്തു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീ വച്ചവരായിരിക്കുമോ ഇത്തരം ഒരു അക്രമം നടത്തിയത് എന്ന ചോദ്യത്തിന് ആനാവൂർ നാഗപ്പൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ആരാണ് ഇതിന് പിന്നിൽ എന്ന് ആക്ഷേപമായി താൻ ഉന്നയിക്കുന്നില്ല എന്നും ഇത്തരം കാര്യങ്ങളിൽ വിവരങ്ങളറിയാതെ ഉഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഗുണകരമല്ല. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീ വച്ച് നശിപ്പിച്ചവരുടെ ലക്ഷ്യം അദ്ദേഹത്തെ നശിപ്പിക്കുക എന്നതായിരുന്നു. സന്ദീപാനന്ദ ഗിരിയുടെ വാക്കുകൾ ചിലയാളുകൾക്ക് പൊള്ളലേൽപ്പിച്ചിട്ടുണ്ട്. സന്ദീപാനന്ദ ഗിരിയുടെ ആശയങ്ങളെ ആശയം കൊണ്ട് ആക്രമിക്കാൻ അക്രമം നടത്തിയവർക്ക് കഴിയാതിരുന്നതാണ് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നും ആനാവൂർ പറഞ്ഞു. കൂടാതെ എൻ.എസ്.എസ് മന്ദിരത്തിന് നേരെ നടന്ന അക്രമത്തിനെതിരെ നാളെ പ്രതിഷേധ യോഗം നടത്തുമെന്നും അറിയിച്ചു.

രാവിലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. അതേ സമയം കഴിഞ്ഞ 31 ന് എൻഎസ്എസ് പതാക ദിനത്തിൽ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നാമ ജപയജ്ഞം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇവിടെ അക്രമം നടന്നിരിക്കുന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമായ സൂചന ഇല്ല എന്നും കരയോഗം ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.

നേമത്തെ കരയോഗമന്ദിരത്തിന് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയാണ് സിപിഎമ്മിന് ശക്തമായ മുന്നറിയിപ്പുമായി സുകുമാരൻ നായർ രംഗത്ത് എത്തിയത്. കരയോഗ മന്ദിരങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനു പിന്നിൽ ആരാണെന്ന് എൻഎസ്എസിനറിയാമെന്നും എൻഎസ്എസിനോടു കളി വേണ്ടെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്. ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എൻഎസ്എസിനും സമുദായാംഗങ്ങൾക്കും ഉണ്ട്. ഹൈന്ദവ വിശ്വാസികൾ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ഒരുമിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് ദേവസ്വം റിക്രൂട്ട്മെന്റിൽ പത്തുശതമാനം സംവരണം ഏർപ്പെടുത്തി എൻഎസ്എസിനെ സന്തോഷിപ്പിക്കാൻ ശ്രമം നടക്കുന്നത്. ദേവസ്വം നിയമനങ്ങളിലെ സംവരണം എന്നത് ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇതു സംബന്ധിച്ച് ചില ഭിന്നതകൾ നിലനിൽക്കുന്നുമുണ്ട്. ആ സാഹചര്യം മനസിലാക്കി, ഹിന്ദുക്കൾക്കിടയിൽ സംവരണത്തിന്റെ പേരിൽ ഒരു ഭിന്നതയ്ക്കിടവരുന്നെങ്കിൽ വരട്ടെ എന്ന ലക്ഷ്യം സർക്കാരിന് ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചെങ്കിൽ അതിൽ തെറ്റുപറയാനാവില്ല. നായർ സർവീസ് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാൾ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേർന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതി-മത-സമുദായഭേദങ്ങളില്ല. പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും സുകുമാരൻ നായർ അറിയിച്ചു.
.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറുമായി എൻഎസ്എസ് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതി പറഞ്ഞാലും യുവതി പ്രവേശനത്തെ അനുകൂലിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സംഘടന എടുത്തത്. സംസ്ഥാന സർക്കാറിന്റെ കണ്ണു തുറപ്പിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ നാമജപ പ്രാർത്ഥനയുമായി മുന്നോട്ടു പോകുമെന്ന് സുകുമാരൻ നായർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ആര് ഈ വിഷയം വിട്ടാലും താൻ വിടില്ലെന്ന നിലപാടാണ് എൻഎസ്എസ് കൈക്കൊണ്ടത്. ഇത് സിപിഎമ്മിന് വൻ പ്രതിസന്ധിയായി മാറിയിരുന്നു. അതിനാൽ അവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന നിലപാടിലൂന്നിയാണ് സുകുമാരൻ നായർ പാർട്ടിക്ക് മുന്നറിയിപ്പുമായി എത്തിയത്.