- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റൊരു സർക്കാരും ചെയ്യാത്ത നല്ലകാര്യങ്ങൾ ചെയ്യുന്ന സർക്കാർ'; ഇ ശ്രീധരന്റെ കുറിപ്പ് തുറുപ്പ് ചീട്ടാക്കി സൈബർ സഖാക്കൾ
മൊട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതാണ് സൈബർ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ചയാകുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരും സത്യസന്ധരുമായ ആളുകൾ തെരഞ്ഞെടുക്കുന്നത് ബിജെപിയെ ആണ് എന്ന് സംഘപരിവാർ അനുകൂലികൾ അഭിമാനത്തോടെ പറയുമ്പോൾ അതിനെ ചെറുക്കാൻ ഇ ശ്രീധരന്റെ ചില നിലപാടുകളും പ്രസ്താവനകളുമാണ് സൈബർ സഖാക്കൾ ഉയർത്തിക്കാട്ടുന്നത്. ഇപ്പോഴിതാ, ബിജെപിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെ സർക്കാർ നയങ്ങളേയും പദ്ധതികളേയും രൂക്ഷമായി വിമർശിച്ച് ശ്രീധരൻ രംഗത്തെത്തിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ തന്നെ പഴയൊരു കുറിപ്പ് കുത്തിപ്പൊക്കിയിരിക്കുകയാണ് സൈബർ സഖാക്കൾ.
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുള്ള ഇ ശ്രീധരന്റെ കുറിപ്പാണ് സഖാക്കൾ ഇപ്പോൾ തുറുപ്പ് ചീട്ടാക്കുന്നത്. ദേശാഭിമാനി ദിനപത്രത്തിൽ 2020 ഏപ്രിൽ മാസത്തിൽ ഇ ശ്രീധരൻ എഴുതിയ കുറിപ്പിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത്. എത്രനല്ല നിലയിലാണ് കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതിനാൽ സർക്കാരിനൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശ്രീധരന്റെ കുറിപ്പ്. ഡിഎംആർസിയിലേക്ക് താൻ പണമയച്ചെന്ന് സാക്ഷ്യപ്പെടുത്തുന്ന കുറിപ്പിൽ സർക്കാർ ഒരുരൂപ പോലും ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ശ്രീധരൻ എഴുതി.
ബിജെപിയിലെത്തിയതിന് തൊട്ടുപിന്നാലെ സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ശ്രീധരൻ ആരോപിച്ചിരുന്നു. ശ്രീധരന്റെ കുറിപ്പിലെ അഭിപ്രായവും ഇപ്പോഴുള്ള നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. എന്നാൽ മാസങ്ങൾ പലത് കഴിഞ്ഞില്ലേ, അഭിപ്രായങ്ങളും നിലപാടുകളും മാറിമറിയാമല്ലോ എന്നും കമന്റുകൾ ഉയരുന്നുണ്ട്.
മറ്റൊരു സർക്കാരും ചെയ്യാത്ത നല്ല കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്ന് ശ്രീധരൻ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ശമ്പളത്തിൽ നിന്നും ഒരുഭാഗം ഡിഎംആർസിയിലേക്ക് നൽകാൻ വിസമ്മതിച്ച അദ്ധ്യാപകരേയും ശ്രീധരൻ അന്ന് വിമർശിച്ചിരുന്നു. എന്നാൽ പിണറായി വിജയന്റേത് ഏകാധിപത്യഭരണമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കേരളത്തിലേത് അഴിമതിയിൽ മുങ്ങിയ ഭരണമാണെന്നും ജനങ്ങളുടെ ഇടയിൽ സർക്കാരിന് മോശം പ്രതിച്ഛായയാണ്. കോടികൾ ചെലവിട്ട് പരസ്യം നൽകലാണ് ഇപ്പോൾ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് പത്തിൽ മൂന്ന് മാർക്കാണെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിക്കെതിരെ ആരോപണങ്ങളുമായി ശ്രീധരൻ രംഗത്തെത്തിയിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരൻ അറിയിച്ചിരുന്നു. താൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തിൽ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനുമാണെന്നും ശ്രീധരൻ പറഞ്ഞു.
ഇ ശ്രീധരൻ ബിജെപിയിൽ ചേരുകയാണെന്ന കാര്യ പാർട്ടി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ആഴ്ച്ച അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശ്രീധരൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താൻ ബിജെപിയിൽ ചേർന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
കേരളത്തിൽ യുഡിഎഫിനും എൽഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാൻ ബിജെപിക്ക് കഴിയും അതുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണം എന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോലെഅദ്ദേഹം തന്നെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ടിരുന്നു. അപ്പോഴാണ് ബിജെപിയിൽ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിച്ചതെന്നും അതനുസരിച്ചാണ് ഇന്ന് ബിജെപിയിൽ ചേർന്നതെന്നും ശ്രീധരൻ പറഞ്ഞു.
ബിജെപിയിൽ ചേരാനുള്ള പ്രധാന കാരണം എന്താണെന്ന് വച്ചാൽ, കഴിഞ്ഞ പത്ത് വർഷമായിട്ട് താൻ കേരളത്തിലാണ് സ്ഥിരതാമസം. കേരളത്തിലെ പല പദ്ധതികളിലും പ്രവർത്തിച്ചു. ആദ്യം യുഡിഎഫ് ഗവൺമെന്റായിരുന്നു, പിന്നെ എൽഡിഎഫ് ഗവൺഡമെന്റായി എന്നാൽ നമ്മൾ വിചരിച്ചത് പോലെ സംഗതികൾ കൊണ്ടുനടക്കാൻ രണ്ട് പാർട്ടികൽക്കുമായില്ല. പല പ്രശ്നങ്ങളും ഉണ്ടായെന്നും എന്നാൽ ആരെയും കുറ്റം പറയാനല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ