പെരുമ്പാവൂർ: സി.പി.എം പതാക കൊണ്ട് പൃഷ്ഠം തുടച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അശമന്നൂർ നൂലേലി ചിറ്റേത്തുകുടി വീട്ടിൽ സി.കെ.മൈതീനെതിനെതിരെ (34) പൊലീസ് കേസെടുത്തു. മനപ്പൂർവ്വം ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അടിപിടിയിൽ പങ്കാളിയായി എന്നും കാണിച്ച് കുറുപ്പംപടി പൊലീസ് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഇറങ്ങി മൈതീൻ പൊലീസ് നടപടി ഭയന്ന് ഒളിവിൽ പോയതായാണ് സൂചന.

സി.പി.എം പാത കൊണ്ട് പ്യഷ്ഠം തുടയ്ക്കുന്ന ദൃശ്യങ്ങൾ നൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. ഈ കേസിൽ പിടിയിലായ മൈതീനെ ഒരു ദിവസത്തോളം സ്റ്റേഷനിലിരുത്തി. സി പി എം പ്രവർത്തകർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലിനെത്തുടർന്നായിരുന്നു പൊലീസ് മൈതീനേ ഏറെ നേരം സ്റ്റേഷനിൽ സംരക്ഷിച്ചുവെന്നാണ് ലഭ്യമായ വിവരം. വൈകിട്ടോടെ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സലിം ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളുമെത്തിയതോടെയാണ് മൈതീനെ പൊലീസ് വിട്ടയച്ചത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കുറച്ച് ദിവസത്തേക്ക് നാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് പൊലീസ് മൈതീനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പൊലീസ് സന്ധി സംഭാഷണത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് മൈതീൻ കൊടക്കാലിയിൽ പ്രത്യക്ഷപെട്ടതും സി. പി എം പ്രവർത്തകർ പഞ്ഞിയിട്ടതും. സംഭവത്തിൽ മൈതീന്റെ പരാതിയിലും സി.പി.എം പ്രവർത്തകരായ ഒടക്കാലി പുന്നയം കരയിൽ വസന്ത്(42), നൂലേലി ഏഴാം വാർഡ് മെമ്പർ ഇ.എൻ സജീഷ് (33) എന്നിവരുടെ പരാതിയിലും കേസെടുത്തിട്ടുണ്ടെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്ന മൈതീൻ മണിക്കൂറുകൾക്കുള്ളിൽ ഡിസ്ചാർജ്ജ് വാങ്ങി സ്ഥലം വിട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് എന്ന മറുപിടിയാണ് ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഒടക്കാലി കമ്പനിപ്പടിയിലെ ബസ്റ്റോപ്പിൽനിന്ന് സി.കെ.മൈതീൻ പരസ്യമായി സി.പി.എം പതാകകൊണ്ട് പൃഷ്ടം തുടക്കുകയും ഇതിന്റെ ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സി.പി.എം പ്രവർത്തകർ പതാകയെ അവഹേളിച്ചതിന്റെ പേരിൽ കുറുപ്പംപടി പൊലീസിൽ പരാതിനൽകുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സി.കെ.മൈതീനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി 8.30 ഓടെ ഓടക്കാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം പ്രവർത്തരും അവിടെ എത്തിയ മൈതീനും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. അടിപിടിയിൽ ഇരുകൂട്ടർക്കും സാരമായി പരിക്കേറ്റു. സംഭവം മുന്നണികൾതമ്മിലുള്ള സംഘർഷത്തിലേക്ക് എത്തുംമുമ്പ് കുറുപ്പംപടി പൊലീസ് എത്തുകയും ഇരുകൂട്ടർക്കും എതിരെ കേസെടുക്കുകയും ചെയ്തു. സംഘർഷം നടന്ന ഹോട്ടലിലെ സി.സി ടി.വി ദ്യശ്യങ്ങളും പൊലീസ് പരിശോധിച്ചു.

അടിപിടിയിൽ ഹോട്ടലിനും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാഷ്ട്രിയപരമായ സംഘർഷങ്ങളോ ചേരിതിരിവോ ഇല്ലാതിരുന്ന ഓടക്കാലിയിൽ മനപ്പൂർവം വ്യക്തികൾ പ്രശ്നങ്ങൾ ശ്രിഷ്ടിക്കുന്നതിൽ വിവിധ പാർട്ടികളും സംഘടനകളും അപലപിച്ചിരുന്നു.