- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗാർഹിക-ലൈംഗിക പീഡനങ്ങൾ ഇനി പാർട്ടി അച്ചടക്കത്തിന്റെ ലംഘനം; പരാതി കിട്ടിയാലും തൽകാലം പൊലീസിനോ കോടതിയ്ക്കോ കൈമാറില്ലെന്നും നയം; സിപിഎമ്മിൽ 'ശശി'മാർക്ക് ഇനി കഷ്ടകാലമോ? ചട്ട രൂപീകരണം അതിനിർണ്ണായകം; സിപിഎം ഇനി ഇരകൾക്കൊപ്പമാകുമോ?
കണ്ണൂർ: സിപിഎമ്മിൽ 'ശശി'മാർക്ക് ഇനി കഷ്ടകാലം. ഗാർഹിക പീഡനവും ലൈംഗിക പീഡനവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാ ഭേദഗതി സിപിഎം പാർട്ടി കോൺഗ്രസ് പാസാക്കുമ്പോൾ 'ശശി' വിവാദങ്ങൾക്ക് ഇനി പുതിയ തലം വരും. ഇരയുടെ ഭാഗത്തേക്ക് പതിയെ സിപിഎം മാറുകയാണ്. പാർട്ടി അംഗത്തിനെതിരെ പീഡന പരാതി കിട്ടിയാൽ ഉടൻ നടപടിയും വരും.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ് പാർട്ടിയുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച 19ാം വകുപ്പിൽ ഇക്കാര്യവും ഉൾപ്പെടുത്തുകയെന്ന ഭേദഗതി നിർദ്ദേശിച്ചത്. എന്നാൽ പാർട്ടി തന്നെയാകും പൊലീസും കോടതിയും. പാർട്ടിക്ക് കിട്ടുന്ന പരാതികൾ പൊലീസിന് കൈമാറില്ല. പാർട്ടിക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രമേ പൊലീസിന് പ്രതിയെ കൈമാറൂ. അല്ലാത്ത പക്ഷം പീഡന-ഗാർഹിക പീഡന പരാതികൾ പാർട്ടി പരിശോധിച്ച് തീരുമാനം എടുക്കും. കുറ്റം തെളിഞ്ഞാൽ അംഗത്തെ പുറത്താക്കും. ഇതാണ് പാർട്ടി കോൺഗ്രസ് തീരുമാനം.
എന്നാൽ, സ്ത്രീകളോടുള്ള അക്രമമെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിർവചിച്ചിട്ടുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ടു പാർട്ടിക്കു ലഭിക്കുന്ന പരാതികൾ ഉടനെ പൊലീസിനോ കോടതിക്കോ കൈമാറുമെന്ന് 19 ാം വകുപ്പിൽ പരാമർശിക്കണമെന്ന് ഡൽഹിയിൽനിന്ന് പാർട്ടി അംഗമായ മാധ്യമപ്രവർത്തകൻ ഭേദഗതി നിർദ്ദേശിച്ചിരുന്നു. ഇതു തള്ളിക്കളഞ്ഞു. പാർട്ടി തന്നെയാകും പൊലീസും കോടതിയും എന്നതാണ് ഈ നിലപാടിലൂടെ ചർച്ചയാകുന്നത്.
ഗാർഹിക പീഡനവും ലൈംഗിക പീഡനവും സംബന്ധിച്ച് ഉൾപ്പെടുത്തുന്ന പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കുമ്പോൾ ഈ നിർദ്ദേശം പരിഗണിക്കാമെന്നും ഭേദഗതികൾ സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രതീക്ഷയുമാണ്. മുമ്പ് കേരളത്തിൽ പാർട്ടിക്ക് കിട്ടിയ പല ലൈംഗികാതിക്രമ പരാതികളും ഒതുക്കി തീർത്തിരുന്നു. പുതിയ ഭേദഗതിയിൽ ചട്ടങ്ങളുണ്ടാക്കുമ്പോൾ പീഡനത്തിനുള്ള പാർട്ടി ശിക്ഷ വ്യക്തമാകും. ഈ ശിക്ഷ വെറും സസ്പെൻഷനിൽ ഒതുങ്ങുമോ എന്ന സംശയവും ശക്തമാണ്.
കേരളത്തിലെ സിപിഎമ്മിനെ പിടിച്ചുലച്ച് പല ലൈംഗിക പീഡന പരാതികളും ഉയർന്നിട്ടുണ്ട്. ഇതിൽ പാലക്കാട്ടെ ശശിക്ക് മാത്രമാണ് ചെറിയൊരു ശിക്ഷ കൊടുത്തത്. അതും കുറച്ചു കാലത്തേക്ക് സസ്പെൻഷൻ. അതിന് ശേഷം ആരോപണ വിധേയൻ പാർട്ടിയിൽ സജീവമാകുകയും ചെയ്തു. കണ്ണൂരിലെ പി ശശിയ്ക്കെതിരേയും ചില ആരോപണങ്ങൾ ഉയർന്നു. പി ശശിയും ഇന്ന് സിപിഎം സംസ്ഥാന സമിതിയിൽ എത്തികഴിഞ്ഞു. പുതി ഭേദഗതി ഇതിന് മാറ്റമുണ്ടാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഈ ഭേദഗതിയെ കേരളവും പിന്തുണച്ചുവെന്നതാണ് വസ്തുത. എന്നാൽ ഇത് വേണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു ഇരയ്ക്കൊപ്പം നിൽക്കുമെന്ന സന്ദേശം ഇതിലൂടെ നൽകാനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഗ്രഹിക്കുന്നത്. പിബി അംഗം വൃന്ദാ കാരാട്ടിന്റെ നിലപാടുകളാണ് നിർണ്ണായകമായത്.
മറുനാടന് മലയാളി ബ്യൂറോ