ന്യൂഡൽഹി: ത്രിപുരയിലെ വമ്പൻ തോൽവിയിൽ ഞെട്ടിയിരിക്കുകയാണ് സിപിഎം. പാർട്ടിയെന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള അല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് കേരള സംസ്ഥാന സമ്മേളനത്തിലാണ്. കോൺഗ്രസ്സുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന് പാർട്ടി സിസിയിൽ യെച്ചൂരിക്ക് എതിരെ സിപിഎം കേരളഘടകം നിലപാട് എടുത്തിരുന്നു.

ഇതിന് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. പിണറായിയുടെ നേതൃത്വത്തിലാണ് പിബിയിൽ ഇത്തരമൊരു നീക്കം നടന്നത് എന്നതും ഇതിന് കോടിയേരിയും കേരള പ്രതിനിധികളും ഉറച്ച പിന്തുണ നൽകിയെന്നതും ചർച്ചയായി. ഇതിന് പിന്നാലെ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം കേരള ഘടകത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

എന്നാൽ ഇതിന് പിന്നാലെ ത്രിപുരയിൽ പാർട്ടിക്ക് വമ്പൻ തോൽവി പിണഞ്ഞതോടെ യെച്ചൂരിയുടെ നിലപാടിനെതിരെ കേരളഘടകം ശക്തമായി പ്രതികരിക്കുകയാണിപ്പോൾ. എന്നാൽ ദേശീയ തലത്തിൽ കാരാട്ട് പക്ഷത്തിന് എതിരെയാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ. മുമ്പ് ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചപ്പോൾ കാരാട്ടിന്റെ നേതൃത്വത്തിൽ കാണിച്ച 'ചരിത്ര മണ്ടത്തരം' തന്നെയാണ് കേരള ഘടകത്തെ കൂട്ടുപിടിച്ച് പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻ പിള്ളയും ആവർത്തിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.

പാർട്ടി 25 വർഷമായി ഭരിക്കുന്ന ത്രിപുരയും ബംഗാളിന് പിന്നാലെ കൈമോശം വ്ന്നതോടെ ഇനി പാർട്ടിക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന നിലിയിലാണ് കാര്യങ്ങൾ. ഈ സ്ഥിതിയിൽ കോൺഗ്രസുമായി സമരസപ്പെടുന്ന രീതിയിൽ അടവുനയം രൂപീകരിക്കണമെന്ന് യെച്ചൂരിയും ബംഗാൾ ഘടകവും നിലപാടെടുത്തെങ്കിലും അതാണ് സിസിയിൽ കാരാട്ട് പൊളിച്ചടുക്കിയത്. ഇതിന് പിന്തുണയായി കേരളഘടകവും നിലകൊണ്ടു.

ഇതേത്തുടർന്നാണ് കോടിയേരിയുടെ മകൻ ബിനോയിക്ക് എതിരെ പിബിക്ക് ലഭിച്ച സാമ്പത്തിക തട്ടിപ്പ് പരാതി പുറത്തുവരുന്നതും ചർച്ചയാകുന്നതും. കേരള ഘടകത്തിനോട് യെച്ചൂരിക്ക് ഉണ്ടായ വിരോധമാണ് ഇതിന് പിന്നിൽ എന്ന തലത്തിലും ഇക്കാര്യം ചർച്ചചെയ്യപ്പെട്ടു. ത്രിപുരയിലെ ഭരണത്തെ പുകഴ്‌ത്തി യെച്ചൂരി സംസാരിച്ചതും വിഷയമായി. എന്നാൽ ഇപ്പോൾ ത്രിപുരയിൽ മണിക് സർക്കാരിന്റെ നേതൃത്വത്തിന് പരാജയം സംഭവിച്ചതോടെ വീണ്ടും പാർട്ടിയിൽ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വി എസ് പക്ഷം-പിണറായി പക്ഷം എന്ന നിലയിൽ മുമ്പ് കേരളത്തിൽ നടമാടിയ വിഭാഗീയത മറ്റൊരു രീതിയിൽ ദേശീയ തലത്തിൽ സജീവമാകുന്നു.

കാരാട്ടും എസ്ആർപിയും ഉൾപ്പെടെയുള്ള കൂട്ടുകെട്ടും അതിന് പിന്തുണയുമായി കേരള ഘടകവും ഒരുവശത്തും യെച്ചൂരിയും ബംഗാൾ ഘടകവും ഉൾപ്പെടെ മറുവശത്തും എന്നതാണ് അത്. ത്രിപുരയിലെ ഷോക്ക് ട്രീറ്റ്‌മെന്റ് അടുത്ത് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ്സിലും വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് സൂചനകൾ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സിനെ മുഖ്യശത്രുവായി കണ്ട് മുന്നോട്ട് പോകുമ്പോഴും മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാടിന് ഇപ്പോൾ പിന്തുണ വർധിക്കുന്നു.

സിപിഎം ബംഗാൾ സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധമായ പ്രമേയം പ്രകാശ് കാരാട്ടിനെ സാക്ഷിയാക്കി യെച്ചൂരി പക്ഷം അവതരിപ്പിക്കും. കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള തുടങ്ങിയവർക്കെതിരെ രൂക്ഷമായ വിമർശനം സമ്മേളനത്തിൽ ഉയരുമെന്ന വിവരങ്ങളും പുറത്തുവരുന്നു.

ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിൽ കോൺഗ്രസ്സുമായി ഒരു ബന്ധവും വേണ്ടെന്ന കേന്ദ്ര കമ്മറ്റി തീരുമാനം തിരുത്തിക്കാനാവും ബംഗാൾ-ത്രിപുര ഘടകങ്ങളുടെ ശ്രമമെന്നാണ് അറിയുന്നത്. കേരളത്തിൽ കോടിയേരിയുടേയും പിണറായിയുടേയും വരുതിക്ക് നിൽക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗവും ഈ നിലയിൽ പ്രചരണം നടത്തുന്നുണ്ട്. പാർട്ടിക്കകത്ത് ത്രിപുരയിലെ പരാജയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു കേരളത്തിലും. നിലവിലെ സ്ഥിതിയിൽ സിപിഎമ്മിന് തുടർഭരണം കേരളത്തിൽ ലഭിക്കുമെന്ന് പാർട്ടിയിലെ വമ്പന്മാർ പോലും വിശ്വസിക്കുന്നില്ല.

തിരഞ്ഞെടുപ്പു കാലത്തെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് ഭരണം കൈവന്നതോടെ വിസ്മരിച്ച നിലയിലാണ് കേരളത്തിൽ സർക്കാരിന്റെ പ്രവർത്തനം. ഇക്കാര്യം മനസ്സിലുള്ളപ്പോഴും പിണറായിക്ക് എതിരെ ശബ്ദമുയർത്താൻ ഇവിടെ ആരും തയ്യാറല്ല. അഴിമതി, സ്ത്രീസുരക്ഷ വിഷയങ്ങളിലും മുൻ സർക്കാരിന് എതിരെ ഉന്നയിച്ച സോളാർ, ബാർകോഴ വിഷയങ്ങളിലും ഒന്നും ശക്തമായ നിലപാട് സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. അതിനിടെ കണ്ണടവിവാദം, ചികിത്സാ വിവാദം തുടങ്ങി മന്ത്രിമാർക്ക് എതിരെ തന്നെ ആക്ഷേപങ്ങളും ഉയർന്നു. ചുരുങ്ങിയ കാലംകൊണ്ട് ഇത്തരത്തിൽ വിമർശനം ഉയർന്നതും വലിയ ചർച്ചയാണ് പാർട്ടിയിൽ.

പാർട്ടി കോൺഗ്രസ്സിലെ സമ്മേളന പ്രതിനിധികളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നത് കേരളത്തിൽ നിന്നാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഒറ്റക്കെട്ടായി നിന്നാൽ കോൺഗ്രസ്സ് ബന്ധം സംബന്ധിച്ച് കേന്ദ്ര കമ്മറ്റി അംഗീകരിച്ച നിലപാട് തിരുത്തപ്പെട്ടേക്കാമെന്നും യെച്ചൂരിയുടെ നിലപാട് അംഗീകരിക്കപ്പെടുമെന്നുമാണ് സൂചനകൾ. ഇതിനായി ബംഗാൾ ഘടകം ബദൽ പ്രമേയം അവതരിപ്പിക്കുമെന്നും സൂചനകൾ ലഭിക്കുന്നു. കാരാട്ടിനെ എതിർക്കുകയും എൺപതു പിന്നിട്ട എസ്ആർപിയെ പിബിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന തീരുമാനം പാർട്ടി കോൺഗ്രസ്സിൽ ഉണ്ടായേക്കും. പിന്നീട് വി.എസിനെ പോലെ കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി എസ്ആർപി തുടരേണ്ടിവരും.

കേരളഘടകവും മറുതന്ത്രവുമായി രംഗത്തുണ്ട്. യച്ചൂരിക്ക് പകരം പി.ബി അംഗങ്ങളായ ബി.വി രാഘവുലു, വൃന്ദ കാരാട്ട് എന്നിവരിൽ ആരെയെങ്കിലും ജനറൽ സെക്രട്ടറിയാക്കാനാണ് കാരാട്ട് പക്ഷത്തിനൊപ്പം നിലകൊണ്ടുള്ള ്അത്തരമൊരു നീക്കം. എന്നാൽ മാറിയ സാഹചര്യത്തിൽ അത് നടപ്പാകാൻ സാധ്യതയില്ലെന്ന സൂചനകളാണുള്ളത്.