- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയം തൊട്ടേ സ്വാമി സിപിഎമ്മിന്റെ കണ്ണിലെ കരട്; കുളത്തൂർ അദ്വൈതാശ്രമവും ആയി ബന്ധമില്ലാത്ത പോക്സോ കേസിന്റെ പേരിൽ സ്വാമി ചിദാനന്ദപുരിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും ബാലസംഘവും; നീക്കത്തെ ചെറുക്കുമെന്ന് സംഘപരിവാറും
കോഴിക്കോട്: കുറച്ചു കാലത്തിന് ശേഷം കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിനെതിരെയുള്ള നീക്കം ശക്തമാക്കി സി പി എം. ആശ്രമത്തിന്റെ സ്ഥലത്ത് പ്രവർത്തിക്കാൻ താത്ക്കാലിക അനുമതി നൽകിയ കളരി സംഘത്തിലെ ഗുരുക്കൾക്ക് നേരെയുയർന്ന ആരോപണത്തിന്റെ പിന്നാലെയാണ് ആശ്രമത്തിനും മഠാധിപതി സ്വാമി ചിദാനന്ദപുരിക്കുമെതിരെ ഡി വൈ എഫ് ഐ, ബാല സംഘം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നത്.
ഇതിന്റെ ഭാഗമായി കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചീക്കിലോട് ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അദ്വൈതാശ്രമത്തിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ച് പിന്നീട് ഉപേക്ഷിക്കുകയും തുടർന്ന് ചീക്കിലോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയുമായിരുന്നു.
പ്രദേശം കണ്ടെയിന്മെന്റ് സോൺ ആയതിനാലാണ് മാർച്ച് ഉപേക്ഷിച്ചതെന്നാണ് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചത്. എന്നാൽ ആശ്രമത്തിലേക്ക് മാർച്ച് നടത്തിയാൽ തടയുമെന്നതുകൊണ്ടാണ് ഉപേക്ഷിച്ചതെന്നാണ് സംഘപരിവാർ നേതാക്കൾ വ്യക്തമാക്കുന്നത്.
ആശ്രമത്തിന്റെ സ്ഥലത്ത് പ്രവർത്തിക്കുന്ന കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ കളരി അഭ്യസിക്കാനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് കളരി ഗുരുക്കൾ അറസ്റ്റിലായത്.
പോക്സോ വകുപ്പനുസരിച്ച് അറസ്റ്റിലായ പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മജീന്ദ്രൻ റിമാന്റിലാണ്. 2019 ജൂൺ മാസം മുതൽ കളരി സംഘം മുറിയിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കളരി അഭ്യസിക്കാനെത്തിയ മറ്റ് കുട്ടികളേയും കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ഇതേ സമയം ഡിവൈ എഫ് ഐക്കെതിരെ ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. ഡി വൈ എഫ് ഐയുടെ നരിക്കുനി മേഖലയിൽ ഉൾപ്പെടുന്ന രണ്ടു പഞ്ചായത്തുകളാണ് നന്മണ്ടയും മടവൂരും. രണ്ട് വിഭാഗങ്ങളുടെ ഏറെ പ്രശസ്തമായ രണ്ട് ആദ്ധ്യാത്മിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നന്മണ്ട പഞ്ചായത്തിൽ കൊളത്തൂർ അദ്വൈതാശ്രമവും മടവൂരിൽ പ്രസിദ്ധമായ മഖാമുമാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്ഥലത്തെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്കുള്ള സാമ്യം ആരോപണത്തിന് രണ്ട് ആദ്ധ്യാത്മിക കേന്ദ്രവുമായി ബന്ധമില്ല എന്നതാണെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കുന്നു.
പെരുമാറ്റം ശരിയല്ലാത്ത ഒരു ഉസ്താദ് പതിനേഴുകാരിയെ നേർച്ച കാണിക്കാൻ കൊണ്ടുവന്ന ലോഡ്ജിൽ എത്തിച്ചു എന്നതായിരുന്നു ഒരു ആരോപണം. ആശ്രമത്തിന്റെ സ്ഥലത്ത് കളരി നടത്താൻ താത്ക്കാലികമായി അനുമതി നൽകി എന്നതൊഴിച്ചാൽ, തീർത്തും സ്വതന്ത്ര്യമായി പ്രവർത്തിക്കുന്നതും ആശ്രമവുമായി ഒരു ബന്ധവുമില്ലാത്ത കളരി സംഘത്തിലെ ഗുരുക്കൾക്ക് നേരെയാണ് മറ്റൊരു ആരോപണം. രണ്ടിടത്തും ആദ്ധ്യാത്മിക കേന്ദ്രങ്ങൾ സ്വീകരിച്ചത് തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന നിലപാടായിരുന്നു.
രണ്ടിടത്തും ആരോപണ വിധേയരായവരെ അറസ്റ്റു ചെയ്തു. എന്നാൽ ഏതാണ്ട് സാമ്യമുള്ള ഈ രണ്ട് സംഭവങ്ങളിൽ ഡി വൈ എഫ് ഐയുടെ നിലപാട് വ്യത്യസ്തമായിരുന്നു. കൊളത്തൂർ സംഭവത്തിൽ ചിദാനന്ദപുരി സ്വാമിയെ അധിക്ഷേപിക്കാനും ആശ്രമത്തെ കളങ്കപ്പെടുത്തുവാനും സോഷ്യൽ മീഡിയയിലും മറ്റും വ്യാപക കുപ്രചരണം നടത്തുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ആശ്രമത്തിലേക്ക് മാർച്ച് നടത്തുമെന്ന് ധിക്കാരപരമായ പ്രഖ്യാപനവും നടത്തി. ഇതേ സമയം മടവൂർ സംഭവത്തിൽ ഡി വൈ എഫ് ഐയുടെ ഒരു പ്രതികരണവും കണ്ടില്ല. ഇതിന് മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരിൽ ഒരു പിഞ്ചു ബാലനെ കുത്തിക്കൊന്നതും മടവൂരിലെ വിദ്യാർത്ഥിയെ ആയിരുന്നു. അപ്പോഴും ഡി വൈ എഫ് ഐയുടെ പ്രതികരണം കണ്ടില്ലെന്നും സംഘപരിവാർ സംഘടനകൾ വ്യക്തമാക്കുന്നു.കൊളത്തൂർ അദ്വൈതാശ്രമത്തിലെ ശ്രീശങ്കര വിദ്യാമന്ദിരം സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ബാലസംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാമി ചിദാനന്ദപുരിക്കെതിരെ നേരത്തെയും സി പി എം രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്യാൻ ചിദാനന്ദപുരി ആഹ്വാനം ചെയ്തതോടെയാണ് സി പി എം പ്രതിഷേധം ആരംഭിച്ചത്. ശബരിമല പ്രശ്നത്തിൽ സ്വാമി സ്വീകരിച്ച നിലപാടും പാർട്ടിയെ പ്രകോപിപ്പിച്ചിരുന്നു.
അടിസ്ഥാന രഹിതമായ വാർത്തകളും ചർച്ചകളും സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് കൈരളി -പീപ്പിൾ ചാനലിനെതിരെ നിയമനടപടിയുമായി ആശ്രമവും മുന്നോട്ട് പോയിരുന്നു. സ്വാമിയുടെ കൊളത്തൂറിലെ അദൈതാശ്രമം ആർഎസ്എസ് ക്രിമിനലുകളുടെ താവളമാണെന്ന് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആശ്രമത്തിനെതിരെ കൈരളി-പീപ്പിൾ ടിവിയും നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതാണ് ആശ്രമത്തെ പ്രകോപിപ്പിച്ചത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.