പത്തനംതിട്ട: കേരളം കണ്ട എക്കാലത്തേയും വലിയ പ്രക്ഷോഭങ്ങളിലൊന്നാണ് ചെങ്ങറ ഭൂസമരം. ഇത്തരത്തിൽ വർഷങ്ങളായി സമരഭൂമിയിൽ തുടരുന്നവരെ ഒഴിപ്പിച്ച് ഹാരിസൺ ഭൂമി അവർക്ക് തന്നെ വിട്ടുകൊടുക്കാൻ സി.പി.എം തന്ത്രങ്ങൾ മെനയുന്നതായി ആക്ഷേപം. ഇതിൽ ഒരു പരിധിവരെ സി.പി.എം വിജയിച്ചുകഴിഞ്ഞതായും ഇതിന്റെ ഭാഗമായി സമരക്കാരെ ഭിന്നിപ്പിച്ച് അതിൽ നുഴഞ്ഞുകയറി പാർട്ടി സമരത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കിയെന്നുമാണ് ആരോപണം ഉയരുന്നത്.

സമരക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ലക്ഷ്യം കുറിക്കുകൊണ്ടതോടെ ചെങ്ങറയിൽ സി.പി.എം. കൊടിനാട്ടുകയും ചെയ്തു. ഹാരിസണുമായി ചേർന്ന് ഇടതുസർക്കാർ നടത്തിയ രഹസ്യനീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം. അതേസമയം ഇത്തരം നീക്കങ്ങളിൽ പങ്കുചേരാനില്ലെന്ന നിലപാടിലാണ് സിപിഐ എന്നതിനാൽ തന്നെ ഭൂമി ഏറ്റെടുക്കാതെ ഹാരിസണ് വിട്ടുകൊടുക്കുന്നതിനുള്ള ശ്രമം അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലുകളും ഉയരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകിട ഭൂമാഫിയകൾ കൈയടക്കിയിരിക്കുന്ന ഭൂമിയെല്ലാം ഓർഡിനൻസിലൂടെ സർക്കാർ ഏറ്റെടുക്കണമെന്ന് രാജമാണിക്യം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ചെങ്ങറയിലെ ഭൂമിയും ഏറ്റെടുക്കാതിരിക്കാൻ ഹാരിസൺ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ പലകുറി സർക്കാരുമായും റവന്യു വകുപ്പുമായും ചർച്ച നടത്തിയിരുന്നു. ഈ ലക്ഷ്യം മുൻനിർത്തി ഹാരിസൺ പ്രതിനിധികൾ സി.പി.എം, സിപിഐ. നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കുന്നത് തടയുക മാത്രമല്ല, മറിച്ച് ചെങ്ങറയിലെ സമരഭൂമി ഒഴിപ്പിച്ച് വീണ്ടുകിട്ടാനും ഇടപെടലുണ്ടാവണമെന്നായിരുന്നു അഭ്യർത്ഥന. എന്നാൽ ഇത് രണ്ടിനും സിപിഐ സന്നദ്ധമല്ലെന്ന് വ്യക്തമാക്കിയെങ്കിലും സി.പി.എം അനുകൂല നിലപാടുമായി മുന്നോട്ടുപോകുകയാണെന്നും ഇതിന്റെ ആദ്യപടിയെന്ന നിലയിൽ സമരക്കാരെ ഭിന്നിപ്പിച്ച് സമരത്തിന്റെ കടിഞ്ഞാണ് കൈക്കലാക്കിയെന്നുമാണ് ആരോപണം ഉയരുന്നത്. ഭൂമി വിട്ടുകിട്ടുക എന്ന പ്രധാന ആവശ്യത്തോടൊപ്പം ചെങ്ങറ ഭൂമി, സമരക്കാരിൽ നിന്നു മോചിപ്പിക്കണമെന്ന അപേക്ഷയും ഹാരിസൺ മുന്നോട്ടുവച്ചിരുന്നു. സിപിഐ. ഇക്കാര്യത്തോട് വിമുഖത പുലർത്തിയെങ്കിലും സിപിഎമ്മിന്റെ ഭാഗത്തുനിന്നു പൂർണ പിന്തുണയാണ് ലഭിച്ചത്.

ബലപ്രയോഗത്തിലൂടെ സമരം പൊളിക്കാൻ കഴിയില്ലെന്നുവന്നതോടെ സമരക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കമുണ്ടായി. ഇത് ഫലം കണ്ടതോടെ ഇപ്പോൾ വിഷയത്തിൽ സിപിഎമ്മിനൊപ്പം കെ.എസ്.കെ.ടി.യുവും ഇടപെട്ടിരിക്കുകയാണ്. പ്രധാന സമര നേതാവ് ളാഹഗോപാലൻ സമരഭൂമി വിട്ടതോടെയാണ് ഇവർക്കിടയിൽ വിള്ളൽ വീണത്. സാധുജന വിമോചന സംയുക്ത സമരസമിതി എന്ന സംഘടനയും ഇതോടെ ഇല്ലാതായി.

പിന്നീട് ഉദയം ചെയ്ത അംബേദ്കർ ഡവലപ്മെന്റ് സൊസൈറ്റി നേതാവ് ടി.ആർ. ശശിയുമായുള്ള സമരക്കാരിൽ ചിലരുടെ ഭിന്നതയാണ് സിപിഎമ്മിന്റെ ഇടപെടലിന് വഴിയൊരുക്കിയത്. ഇത്തരത്തിൽ ഡി.െവെ.എഫ്.ഐയും സിപിഎമ്മും ഇവിടെ പ്രവർത്തനം ശക്തമാക്കിയതോടെ സമരക്കാർ രണ്ടു ചേരികളായി. മറുവശത്ത് അംബേദ്കർ ഡവലപ്മെന്റ് സൊസൈറ്റിക്കൊപ്പം ഡി.എച്ച്.ആർ.എമ്മും നിലയുറപ്പിച്ചിട്ടുണ്ട്. ഇതോടെ കെഎസ്‌കെടിയുവും കർഷകത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ഇടപെടൽ എന്ന നിലയിൽ ഇവിടെ പ്രവർത്തനം ശക്തിപ്പെടുത്തി.

ഡി.എച്ച്.ആർ.എം ഭീകരത അവസാനിപ്പിക്കുക, സമരഭൂമിയിലെ ചെക്ക്പോസ്റ്റ് എടുത്തുമാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ഒമ്പതിന് പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സി.രാധാകൃഷ്ണനും സെക്രട്ടറി മത്തായി ചാക്കോയും വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങറയിലെ യഥാർഥ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കും വരെ സമരം നടത്തുമെന്നാണ് കെ.എസ്.കെ.ടി.യു. പറയുന്നത്. സിപിഎമ്മും ഇതേ ആവശ്യമാണ് ഉയർത്തുന്നത്. സംസ്ഥാനത്ത് എവിടെയെങ്കിലും ഭൂമി നൽകണമെന്നു മാത്രമാണ് ഇവരുടെ ആവശ്യമെന്നതിനാൽ തന്നെ മുൻ ഇടതു സർക്കാരിന്റെ കാലത്തുണ്ടായ അതേ നാടകം ആവർത്തിക്കനാണ് ചെങ്ങറയിൽ സാധ്യത തെളിയുന്നത്.

കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് 2009 ഒക്ടോബർ 4ന് ഹാരിസണു വേണ്ടി സമരക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സമരം അവസാനിക്കുന്നുവെന്ന പ്രതീതിയായി. 2010 ഓഗസ്റ്റ് 10ന് 1485 പേർക്ക് പട്ടയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇടുക്കിയിലെ ചന്ദ്രമണ്ഡലം, കാസർഗോഡ് ജില്ലയിലെ പെരിയ, കണ്ണൂരിലെ വെള്ളോറ, പെരിങ്ങോം, വയനാട്ടിലെ കോട്ടപ്പാറ, അട്ടപ്പാടി അഗളി എന്നിവിടങ്ങളിലേക്ക് സമരക്കാരെ ഭിന്നിച്ച് പറിച്ചുനടുക എന്ന തന്ത്രമാണ് പയറ്റപ്പെട്ടത്. മാത്രമല്ല, നൽകിയ ഭൂമിയാകട്ടെ ജനവാസയോഗ്യമോ കൃഷിക്ക് യോഗ്യമോ ആയിരുന്നില്ല. അന്നും ഹാരിസണു വേണ്ടിയുള്ള നീക്കം മാത്രമാണ് ഇടതുസർക്കാർ നടത്തിയതെന്ന ആക്ഷേപം ഉയർന്നിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് ഉഴമലക്കലിലുള്ള ഭൂമി വനംവകുപ്പുമായുള്ള തർക്കത്തെ തുടർന്ന് ലഭ്യമായില്ല. നിറയെ പാറക്കെട്ടുകളുള്ള ഭൂമിയാണ് ഇടുക്കിയിലെ ചന്ദ്രമണ്ഡലത്തും കാസർഗോഡ് പെരിയയിലും വയനാട്ടിലെ കൊട്ടപ്പാറയിലും ലഭിച്ചത്. അഗളിയിൽ ലഭിച്ച ഭൂമി ആനത്താരയിലായിരുന്നു. കണ്ണൂരിലെ കൂവേരിയിൽ 17 പേർക്ക് ലഭിച്ച ഭൂമി മാത്രമാണ് വാസയോഗ്യമായിരുന്നത്. ഇതോടെ സമരക്കാർ വീണ്ടും ചെങ്ങറയിലെ സമരഭൂമിയിൽ തന്നെ തുടരുകയായിരുന്നു. ഇതോടെ ഇവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളൊന്നും പിന്നീട് ഫലവത്തായില്ല. ഇപ്പോൾ സമരക്കാരെ കയ്യിലെടുത്ത് വീണ്ടും സമാനമായ പാക്കേജ് ഉണ്ടാക്കാനും അവരെ ചെങ്ങറയിൽ നിന്ന് ഒഴിപ്പിക്കാനുമാണ് നീക്കമെന്നാണ് ആക്ഷേപം.