- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടുത്തുചാട്ടവും പരിഹാസവും വെല്ലുവിളിയും വേണ്ട; വടി കൊടുത്ത് അടി വാങ്ങരുത്; വായാടിത്തം വഴി ഉള്ള വോട്ടുകൂടി കളയരുത്; എതിരാളികളുടെ പോസ്റ്റിൽ പോയി മറുപടി പറയാൻ സമയം കളയരുത്: ഭരണത്തുടർച്ചയ്ക്കായി സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി ടി-21
തിരുവനന്തപുരം: ഒരുമുഴം മുന്നേ എറിയുക. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പോരാട്ടത്തിന് വീറും വാശിയും നൽകുന്ന സൂത്രം പലപ്പോഴും ഇതാണ്. സൈബർ പോരാളികളുടെ പോരാട്ടം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന വിലയിരുത്തൽ സിപിഎം സൈബർ സംഘം നടത്തിയത് കഴിഞ്ഞ വർഷാവസാനമാണ്. ടി-21 അഥവാ ടാർഗെറ്റ്-2021 എന്ന സൈബർ പദ്ധതി സിപിഎം സൈബർ സംഘം ആവിഷ്കരിച്ചത് ഇതിനെ തുടർന്നാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് പ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ 'ക്യാപ്സ്യൂളുകൾ' ഉപയോഗിച്ച് സൈബർ പ്രചാരണം ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് അമിതാവേശം വേണ്ട എന്നതാണ് പാർട്ടി നിർദ്ദേശം. കിട്ടാവുന്ന വോട്ടുകൾ അകറ്റക്കളയുന്ന തരത്തിലുള്ള പോസ്റ്റുകൾ വിലക്കും.
ചാടിക്കയറി അഭിപ്രായം പറയുന്ന പരിപാടി അവസാനിപ്പിക്കണം. സോഷ്യൽ മീഡിയിൽ ധാർഷ്ട്യം തോന്നിപ്പിക്കുന്ന തരത്തിൽ സംവാദങ്ങളിൽ ഇടപെടരുത്. മിതം ചാ സാരം ന വചോഹി വാഗ്മിതാ...മിതവും സാരവത്തുമായ രീതിയിൽ വാക്കുകൾ പ്രയോഗിച്ച് വാഗ്മിയാകണം എന്ന് ചുരുക്കം. വെല്ലുവിളിയും പരിഹാസവും തോന്നിയാലും കടിച്ച് പിടിച്ച് ഇറക്കിക്കൊള്ളണം. സോഷ്യൽ മീഡിയിൽ വിളമ്പരുത്.
യുഡിഎഫ് സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ സോഷ്യൽ മീഡിയ പേജുകളിൽ പരിഹാസ കമന്റുകൾ ഇടാനോ ലൈക്ക് ചെയ്യാനോ പാടില്ല. ഇടതുസ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് വോട്ടിനെ ബാധിക്കുന്ന ഒന്നും അരുത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതു വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനൊപ്പം തന്നെ എതിരാളികളെ ബൂസ്റ്റ് ചെയ്യുന്ന തരത്തിൽ അബദ്ധങ്ങൾ കാട്ടരുത്. ഉദാഹരണത്തിന് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ ഇടത് അനുഭാവികൾ പോസ്റ്റ് ചെയ്ത് പബ്ലിസിറ്റി കൊടുക്കരുത്. 'എൽഡിഎഫിന് രണ്ട് വോട്ട് കിട്ടാൻ വേണ്ടിയായിരിക്കണം പ്രവർത്തനം, അത് നഷ്ടപ്പെടാൻ ഇടയാകരുത് എന്ന മുൻകരുതൽ എല്ലാവർക്കുമുണ്ടാവണം'-ഇതാണ് ഡിജിറ്റൽ പെരുമാറ്റച്ചട്ടത്തിലെ നിർദ്ദേശം.
ഇതുകൊണ്ടൊന്നും തീർന്നില്ല. സൈബർസഖാക്കൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ:
തിരഞ്ഞെടുപ്പ് ദിവസം വരെ എല്ലാ ഇടതുപക്ഷ പോസ്റ്റുകൾക്കും ലൈക്കും കമന്റും നൽകണം. അങ്ങനെ പോസ്റ്റിനു കൂടുതൽ റീച്ച് ഉണ്ടാക്കാൻ ശ്രമിക്കണം. കമന്റ് ചെയ്യുമ്പോൾ ഓരേ ഉള്ളടക്കം തന്നെ കോപ്പിപേസ്റ്റ് ചെയ്താൽ ഫേസ്ബുക് താൽക്കാലികമായി കമന്റ് ഓപ്ഷൻ ബ്ലോക്ക് ആക്കുമെന്നത് ശ്രദ്ധിക്കണം. വീഡിയോയ്ക്ക് പ്രധാന്യം നൽകണം. സർക്കാരിന്റെ വികസന വിഡിയോകളുടെ ശേഖരം ഗൂഗിൾ ഡ്രൈവിൽ കരുതുക. ആവശ്യമുള്ളപ്പോൾ അതുപയോഗിക്കാം. ഒരു പാരഗ്രാഫ് എഴുതുന്നതിനേക്കാൾ എളുപ്പത്തിൽ ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ വിഡിയോ ഉപകരിക്കും .
ഫോർവേഡ് മെസേജ്/ഫോർവേഡ് വിഡിയോ എന്നിവയ്ക്കു പകരമായി സമയമുള്ളവർ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സംവദിക്കാൻ തയാറാവണം. അത് ഗ്രൂപ്പിലെ മറ്റുള്ളവർ കൂടി ചർച്ച ശ്രദ്ധിക്കാൻ കാരണമാവും.സംസ്ഥാന സർക്കാരിന്റെ വികസനത്തോടൊപ്പം അതതു മണ്ഡലത്തിലെ ഇടത് എംഎൽഎമാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യണം. ഇടത് എംഎൽഎമാർ ഇല്ലാത്ത സ്ഥലങ്ങളിൽ വികസന മുരടിപ്പ് ചർച്ചയാക്കാം. യുഡിഎഫ് കിഫ്ബിയെ എതിർക്കുന്നതുകൊണ്ടാണ് മണ്ഡലത്തിൽ കൂടുതൽ വികസനം എത്താത്തത് എന്ന് ചർച്ച സംഘടിപ്പിക്കാം.
യുഡിഎഫ് ക്ലച്ച് പിടിക്കാത്ത അഴിമതികഥകൾ പ്രചരിപ്പിക്കുമ്പോൾ, ഇടതുപക്ഷം വികസനം മാത്രം ചർച്ച ചെയ്യാൻ ശ്രമിക്കണം. എതിരാളികളുടെ പോസ്റ്റിൽ പോയി മറുപടി പറയാൻ സമയം കളയരുത്. ഫേസ്ബുക്കിലും വാട്സാപ്പിലുമുള്ള ഇടത് അനുഭാവിയല്ലാത്ത സുഹൃത്തുക്കളോട് വ്യക്തിപരമായ സന്ദേശം വഴി വോട്ട് അഭ്യർത്ഥിക്കുക.
കഴിഞ്ഞ വർഷാവസാനം, പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളിൽ പാർട്ടിചിഹ്നങ്ങളും മറ്റും ചാപ്പകുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് സൈബർ സഖാക്കൾക്ക് രഹസ്യനിർദ്ദേശം നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നിർദ്ദേശം.
ഷെയർചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. പോസ്റ്റുകളിൽ മുദ്രണം ചെയ്യപ്പെടുന്ന ലോഗോയും ചാപ്പ കുത്തുന്ന മുദ്രാവാക്യങ്ങളും കാരണമാണിതെന്നും സൈബർ സംഘം ചൂണ്ടിക്കാണിച്ചിരുന്നു, മലപ്പുറം സഖാക്കൾ, കണ്ണൂർ സഖാക്കൾ, കൊല്ലം സഖാക്കൾ, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാർ തുടങ്ങിയ പേരുകൾ ആലേഖനം ചെയ്താണ് പോസ്റ്റുകൾ തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകൾക്ക് ഇടതുപക്ഷ ഗ്രൂപ്പുകളിൽ അകാലമൃത്യു സംഭവിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാൾ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയർ ചെയ്യില്ലെന്നും സൈബർസംഘം വിലയിരുത്തിയിരുന്നു. പാർട്ടി ചിഹ്നമുള്ളവ 'രാഷ്ട്രീയ പോസ്റ്റ്' എന്ന ഗണത്തിൽ ഉൾപ്പെടുത്തി ഡിലീറ്റ് ചെയ്യും.
അതുകൊണ്ട് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കിടയിൽ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകൾ ഉണ്ടാക്കാൻ സൈബർ പോരാളികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. ഏതായാലും, തിരഞ്ഞെടുപ്പ് കാലത്തും മുഷിയാതെ കാര്യങ്ങൾ പറയാനാണ് സൈബർ സഖാക്കൾക്ക് പാർട്ടിനിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ