- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചുപിടിക്കാൻ പാർട്ടി പിന്തുണ; തളിപ്പറമ്പ് ലീഗ് ഓഫീസ് വഖഫ് ഭൂമിയിൽ; തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങളിൽ പ്രതിനിധി സമ്മേളനം ജില്ലാ നേതൃത്വത്തെ അനുകൂലിച്ചു: ചർച്ചകൾ തുറന്നു പറഞ്ഞ് എം.വി ജയരാജൻ

കണ്ണൂർ: വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചു പിടിക്കാൻ വഖഫ് ബോർഡിന് പാർട്ടി പിൻതുണ നൽകുമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സി.പി. എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ ബ്രീഫിങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിലും മുഴപ്പിലങ്ങാടും തലശേരി പുന്നോലിലും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതായും കൈയേറിയിട്ടുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. തളിപ്പറമ്പിൽ വഖഫ് സ്വത്തിലാണ് മുസ്ലിം ലീഗ് ഓഫിസ് സ്ഥിതിചെയ്യുന്നത്.
ശ്മശാനം കൈയേറിയ അവസ്ഥയും ഇവിടെയുണ്ടായിട്ടുണ്ട്. മുഴപ്പിലങ്ങാടും പുന്നോലിലും ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ബോർഡ് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിൻതുണ നൽകാൻ പാർട്ടി സമ്മേളനം തീരുമാനിച്ചതായി ജയരാജൻ അറിയിച്ചു. തളിപ്പറമ്പിലെ വിഭാഗീയ പ്രശ്‌നങ്ങൾ പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായിട്ടുണ്ട്. ഇവിടെ പാർട്ടി ജില്ലാനേതൃത്വം സ്വീകരിച്ച നടപടികൾക്ക് പ്രതിനിധികൾ അംഗീകാരം നൽകിയിട്ടുണ്ട്. യാതൊരു വിധ അച്ചടക്കലംഘനവും പാർട്ടിവെച്ചുപൊറുപ്പിക്കില്ലെന്നും എന്നാൽ ആരെയും ഒറ്റപ്പൈടുത്തി കൊണ്ടുള്ള അച്ചടക്കനടപടി പാർട്ടി നേതൃത്വം സ്വീകരിക്കില്ലെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.
കണ്ണൂർ കോർപറേഷനിലും മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തുകളിലുമുണ്ടായ തെരഞ്ഞെടുപ്പു പരാജയവും ചർച്ച ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം ശക്തമായി മുൻപോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു. സമ്മേളനകാലയളവിനു ശേഷം പാർട്ടി പ്രവർത്തനരീതിയിൽ മാറ്റമുണ്ടാകും. പാർട്ടി അംഗങ്ങൾക്കും ബ്രാഞ്ച്‌സെക്രട്ടറിമാർക്കും പാർട്ടി ക്ലാസുകൾ നൽകും.ഒരു മാസത്തിൽ മൂന്ന് തവണ പാർട്ടി ബ്രാഞ്ച് യോഗങ്ങൾ വിളിക്കും. ഇതിൽ ഒരു യോഗത്തിൽ ഏരിയാകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ഇതുകൂടാതെ ഒരു പ്രദേശത്തെ പത്തിൽ താഴെയുള്ള വീടുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ഓരോ ഏരിയയിലും പാർട്ടി അംഗങ്ങൾക്കു ചുമതല നൽകും. പത്തു ഏരിയാകമ്മിറ്റികളിൽ ഇതിന്റെ എണ്ണംഏഴായി കുറയുമെന്നും ജയരാജൻ പറഞ്ഞു.
ഇത്തവണ കൂടുതൽ പേർ സംഘടനാരംഗത്തു വന്നിട്ടും 122 ബ്രാഞ്ചുകളിൽ സ്ത്രീസാന്നിധ്യമില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. കൂടുതൽ സ്ത്രീകളെ പാർട്ടി അംഗങ്ങളാക്കാനുള്ള ശ്രമം വരുന്ന അംഗത്വവിതരണത്തോടെ നടത്തും. പാർട്ടിയുമായി ഓരോപ്രദേശത്തെയും വീടുകൾ മുൻപെങ്ങില്ലാത്ത വിധം അടുത്തിട്ടുണ്ടെങ്കിലും ഇതു കൂടുതൽ ശക്തിപ്പെടുത്തണം. വീടില്ലാത്ത ഒരു ലോക്കലിലെ ഒരാൾക്കു വീടുവെച്ചുകൊടുക്കുന്ന പ്രവർത്തനം തുടരും. പൊലിസിനെ കുറിച്ചു സമ്മേളനത്തിൽ വിമശനമുയർന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
എന്നാൽ ഇതു ചില ഒറ്റപ്പെട്ട പൊലിസുകാർ കാരണമാണ്. ഈക്കാര്യം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. പ്രതിനിധിസമ്മേളനത്തിൽ ആരുംഭരണത്തെ വിമർശിച്ചിട്ടില്ലെന്നും കേരളത്തിൽ ഏറ്റവും മികച്ച ഭരണമാണുള്ളതെന്നും ജയരാജൻ പറഞ്ഞു. സമ്മേളനത്തിൽ ഓരോ നാടിനും കിട്ടിയത് പോരെന്ന അഭിപ്രായമാണുയർന്നത്. അൻപതുവർഷങ്ങൾക്കു ശേഷം പാലം കിട്ടിയ ഒരു നാട്ടിലെ പ്രതിനിധി പറഞ്ഞത് തങ്ങൾക്കു റോഡും കൂടി വേണമെന്നാണ്.


