ബംഗളൂർ: സിപിഎം ഉള്ളിടത്ത് ബിജെപിയില്ല. ബംഗാളും ത്രിപുരയും കേരളവും ചുണ്ടി സഖാക്കൾ എന്നും പറയുമായിരുന്നു. എന്നാൽ ത്രിപുരയിൽ ചെങ്കൊടിയെ പിന്തള്ളി ബിപ്ലബ് കുമാർ അധികാരം പിടിച്ചു. ബംഗാളിൽ ചില പഞ്ചായത്തുകളിൽ ബിജെപിയുമായി സിപിഎം സഖ്യവും. ഇതോടെ പഴയ വീരവാദം പറച്ചിൽ കേരളത്തിലേയും ബംഗാളിലേയും ത്രിപുരയിലേകും സഖാക്കൾ നിർത്തി. കർണ്ണാടകയിൽ കാര്യമായ സ്വാധീനമൊന്നും സിപിഎമ്മിന് മൊത്തത്തിൽ ഇല്ല. ഉള്ളത് ഒറ്റ മണ്ഡലത്തിൽ. ഇവിടെ ബിജെപി വട്ടപൂജ്യവും.

കോൺഗ്രസും ബിജെപിയും ജനതാദളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി വരുന്ന കർണാടക രാഷ്ട്രീയത്തിൽ ഒരുകാലത്തും വ്യക്തമായ സാന്നിധ്യമുറപ്പാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഎം. ചിക്കമംഗലുരു ജില്ലയിലെ ബഗേപ്പള്ളിയിൽ ചിത്രം വ്യത്യസ്തമാണ്. സിപിഎമ്മിന് കരുത്തുള്ള മണ്ഡലം. ഇവിടെ ബിജെപിക്ക് കാര്യമായി വോട്ട് ഒരുകാലത്തുമില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥി സുബ്ബാറെഡ്ഡിക്ക് 65710-ഉം സിപിഎമ്മിന്റെ ജി വി ശ്രീരാമറെഡ്ഡിക്ക് 51697-ഉം ജെഡിഎസിന് 38302 വോട്ടും ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി സായികുമാറിന് ലഭിച്ചത് 4140 വോട്ടുകൾ മാത്രമാണ്.

സിപിഎം ഇത്തവണ ഏറെ പ്രതീക്ഷ പുലർത്തിയ ഒരു മണ്ഡലമായിരുന്നു ബഗേപ്പള്ളി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി വിജയപ്രതീക്ഷയോടെയാണ് ഇവിടെ ഇത്തവണ മത്സരിച്ചത്. എന്നാൽ 14,013 വോട്ടുകൾക്ക് കോൺഗ്രസിലെ സുബ്ബാറെഡ്ഡിയോട് തോറ്റു. ഇതോടെ സിപിഎം കേന്ദ്രങ്ങൾ നിരാശയിലായി. 1983 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ സിപിഎം ജയിക്കുകയോ രണ്ടാം സ്ഥാനത്തോ വരാറുള്ള മണ്ഡലമായിരുന്നു ഇത്. ചിട്ടയായ പ്രവർത്തനം ഇത്തവണയും കാഴ്ചവെച്ചെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്.

നേരത്തെ 1994 ഉം, 2004 ഉം ജി.വി ശ്രീരാമറെഡ്ഡി ഇതേ മണ്ഡലത്തിൽനിന്ന് ജയിച്ച് എംഎൽഎ ആയിട്ടുണ്ട്. 1962ൽ മണ്ഡലം നിലവിൽ വന്നത് മുതൽ മൂന്നു തവണയാണ് സിപിഎം ഇവിടെനിന്ന് ജയിച്ചത്. 1983ൽ അപ്പാസ്വാമി റെഡ്ഡിയും ഇവിടെ സിപിഎം എംഎൽഎയായി വിജയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ജി.വി ശ്രീരാമറെഡ്ഡി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണയും അത് മാറ്റിക്കുറിക്കാൻ സിപിഎമ്മിന് കഴിയുന്നില്ല.

കർണ്ണാടകയിൽ ആകെ 0.2ശതമാനം വോട്ടുകൾ മാത്രമാണ് സിപിഎം നേടിയത്. ആകെ കിട്ടിയത് 81191വോട്ട്. ഇതിൽ 51697 വോട്ടും നേടിയത് ശ്രീരാമറെഡ്ഡിയും.