- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊണ്ടും കൊടുത്തും വളർന്ന കണ്ണൂരിലെ സിപിഎം; എകെജിയും കെപി ഗോപാലനും നായനാരുമൊക്കെ സഖാക്കളായ മണ്ണ്; എംവിആറും പാട്യവും ചടയനും വളർന്നതും ഈ കളരിയിൽ; ഇപ്പോൾ അമരത്ത് പിണറായിയും കോടിയേരിയും; 23-ാം പാർട്ടി കോൺഗ്രസ് വിപ്ലവ മണ്ണിന് വീര്യമാകുമോ?
കണ്ണൂർ: സിപിഎം. ന്റെ 23 ാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂർ വേദിയാകുമ്പോൾ സവിശേഷതകൾ ഒട്ടേറെയാണ്. കൊണ്ടും കൊടുത്തും വളർന്നതാണ് കണ്ണൂരിലെ സിപിഎം. എ.കെ. ജി.യും കെ.പി ഗോപാലനും ഇ.കെ. നായനാരുമൊക്കെ നേതൃത്വം വഹിച്ചത് കണ്ണൂരിന്റെ മണ്ണിൽ നിന്നാണ്. പിന്നീട് എം. വി. രാഘവനും പാട്യം ഗോപാലനും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ സിപിഎം. ന്റെ അമരക്കാരനായി.
ബദൽ രേഖയുടെ പേരിൽ എം.വി രാഘവന്റെ നേതൃത്വത്തിൽ പി.വി. കുഞ്ഞിക്കണ്ണനും സി.പി. മൂസാൻകുട്ടിയും പാട്യം രാജനുമൊക്കെ പാർട്ടി വിട്ടെങ്കിലും ആ വിടവ് നികത്താൻ അന്നത്തെ ജില്ലാ സെക്രട്ടറിയായ പിണറായി വിജയന്റെ പ്രവർത്തന മേന്മയ്ക്ക് കഴിഞ്ഞു. പിന്നീട് അങ്ങോട്ട് വളർച്ചയുടെ കാലഘട്ടമായിരുന്നു. അക്കാലത്ത് ഇന്ത്യയിലെ സിപിഎം. ന്റെ നമ്പർവൺ ജില്ല വെസ്റ്റ് ബംഗാളിലെ 24 പർഗാനയായിരുന്നു. തൊട്ടടുത്ത സ്ഥാനം കണ്ണൂരിനായിരുന്നു. 2008-2009 കാലത്ത് കണ്ണൂർ ജില്ല രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയായി മാറി. പി.ശശി ജില്ലാ സെക്രട്ടറിയായ കാലത്താണ് പാർട്ടി ഈ ശേഷി കൈവരിച്ചത്. വെസ്റ്റ് ബംഗാളിൽ സിപിഎം. ക്ഷയിക്കുന്നതിന് മുമ്പ് തന്നെ അംഗങ്ങളുടെ എണ്ണത്തിൽ കണ്ണൂർ ജില്ല ഈ മികവ് നേടിയിരുന്നു.
കണ്ണൂരിലെ സിപിഎം. പറയുന്നതും പ്രവർത്തിക്കുന്നതും കേരള രാഷ്ട്രീയത്തിൽ അന്നും ഇന്നും ചലനങ്ങൾ സൃഷ്ടിക്കുന്നു. പരിയാരം മെഡിക്കൽ കോളേജ് വിഷയം, പാപ്പിനിശ്ശേരി സ്നേക്ക് പാർക്ക് സംഭവം എന്നിവയിലെല്ലാം സിപിഎം. പ്രതിസ്ഥാനത്ത് എത്തിയെങ്കിലും അണികൾ പാർട്ടിക്ക് പിൻതുണയേകികൊണ്ടിരുന്നു. പി. ശശിക്ക് ശേഷം പി. ജയരാജൻ സെക്രട്ടറി പദവിയിലെത്തിയതോടെ കൂടുതൽ ജനകീയ മുഖം സിപിഎം. കൈവരിച്ചു. യുവാക്കളുടെ പിൻതുണ ജയരാജന്റെ കാലത്ത് കൂടുതലായി ആർജിക്കാൻ കഴിഞ്ഞു. അക്കാലത്തെ കതിരൂർ മനോജ് വധം, അരിയിൽ ശുക്കൂർ വധം എന്നിവ പാർട്ടിയെ തിരിഞ്ഞ് കുത്തിയെങ്കിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ്സിലെ കെ. സുധാകരനെ അടിയറവു പറയിച്ചു. എക്കാലവും കോൺഗ്രസ്സ് കുത്തകയായിരുന്ന കണ്ണൂർ നിയമസഭാ മണ്ഡലം എൽ.ഡി.എഫ് നേടിയതും കണ്ണൂർ കോർപ്പറേഷൻ പിടിച്ചെടുത്തതും പി.ജയരാന്റെ സംഘടനാ മികവിന് ഉദാഹരണമാണ്.
പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടക്കുമ്പോൾ ആതിഥ്യമരുളാനുള്ള ഭാഗ്യം സിദ്ധിച്ചത് എം വിജയരാഘവനാണ്. രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായ എം. വി. ജയരാജന്റെ കഴിഞ്ഞ ടേമിലെ പ്രവർത്തനം വിലയിരുത്തുമ്പോൾ സംഘടന കൂടുതൽ കരുത്താർജ്ജിച്ചിരിക്കയാണ്. 2018 ലെ ജില്ലാ സമ്മേളനത്തിന് ശേഷം 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ച് കമ്മിറ്റികളും വർദ്ധിച്ചു.
6047 പാർട്ടി അംഗങ്ങളും 296 അനുഭാവി ഗ്രൂപ്പുകളും 1710 അനുഭാവി ഗ്രൂപ്പ് അംഗങ്ങളും വർദ്ധിച്ചു. ഇപ്പോൾ 4305 ബ്രാഞ്ച് കമ്മിറ്റികളാണ് ജില്ലയിലുള്ളത്. 241 ലോക്കൽ കമ്മിറ്റികളും 18 ഏറിയാ കമ്മിറ്റികളും പാർട്ടിക്കുണ്ട്. 61,668 പാർട്ടി അംഗങ്ങളും 167 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് വനിതാ ലോക്കൽ സെക്രട്ടറിമാരും പാർട്ടിയെ നയിക്കുന്നു. പാർട്ടി അംഗങ്ങളിൽ 16,683 പേർ വനിതകളാണ്. മൊത്തം അംഗങ്ങളിൽ 27 ശതമാനം പേർ വനിതകളാണെന്ന ബഹുമതിയും ഇക്കാലയളവിൽ പാർട്ടി നേടിയെടുത്തിട്ടുണ്ട്.
സിപിഎം. ന്റെ വർഗ്ഗ ബഹുജന സംഘടനകളിൽ 28.15 ലക്ഷം പേർ അംഗങ്ങളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 53.25 ശതമാനം വോട്ടുകൾ എൽ.ഡി. എഫിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 45 ശതമാനത്തിലേറേയും സിപിഎം. ന്റെ താണെന്നാണ് വിലയിരുത്തൽ. പോരാത്തതിന് 71 ഗ്രാമപഞ്ചായത്തുകളിൽ 58 ഉം എൽ.ഡി.എഫിന്റെ കൈയിലാണ്. 50 മുനിസിപ്പാലിറ്റികളിൽ ആറെണ്ണം എൽ.ഡി. എഫ് ഭരിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തിൽ 10 എൽ.ഡി. എഫിന്റേതാണ്. ജില്ലാ പഞ്ചായത്തും എൽ.ഡി.എഫ് ഭരണത്തിലാണ്. ഇക്കാരണങ്ങളാൽ കണ്ണൂർ സമ്മേളനം. ചരിത്ര സംഭവമാകും. രക്തസാക്ഷികൾ ഉൾപ്പെടെയുള്ള സ്മാരകങ്ങളുടെ കണക്കെടുത്താലും മുന്നിൽ കണ്ണൂർ തന്നെ. എ..കെ. ജി. സ്മാരകങ്ങളുടെ എണ്ണത്തിലും കണ്ണൂരിന് പ്രഥമ സ്ഥാനമുണ്ട്. കേന്ദ്ര -സംസ്ഥാന നേതാക്കൾ നിറഞ്ഞ് നിൽക്കുന്ന ജില്ലയാണ് കണ്ണൂർ.
മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, പോരാത്തതിന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സിഐ.ടി. യു. , മറ്റ് പോഷക സംഘടനകൾ എന്നിവയുടെ നേതൃനിരയിലും നിബിഢമാണ് കണ്ണൂർ. അതുകൊണ്ടു തന്നെ കണ്ണൂർ സമ്മേളനം പാർട്ടിക്ക് കരുത്തേകാൻ ഉപകരിക്കുമെന്ന് അണികൾ കരുതുന്നു. ബാനറുകളും കമാനങ്ങളും ചുവരെഴുത്തുകളും കൊണ്ട് ചെമ്പട്ട് അണിഞ്ഞിരിക്കയാണ് കണ്ണൂർ.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ