തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബിയുടെ കെബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കണമോ എന്ന കാര്യത്തിൽ സിപിഎമ്മിൽ അനിശ്ചിതത്വം. ഏറെ കാലമായി സിപിഎമ്മിനൊപ്പമുള്ള എംഎൽഎയാണ് കെബി ഗണേശ് കുമാർ. ഇതിനൊപ്പം കോവൂർ കുഞ്ഞുമോനും. രണ്ടു പേർക്കും കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകിയില്ല. എന്നാൽ ഒരു എംഎൽഎ മാത്രമുള്ള കക്ഷിയായ കേരളാ കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാവുകയും ചെയ്തു. ഇത്തവണ കടന്നപ്പള്ളിക്ക് സീറ്റ് കൊടുക്കില്ല. മന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുള്ള ഗണേശിന് മന്ത്രിസ്ഥാനം നൽകണമെന്ന ചർച്ച ഇപ്പോഴും സജീവമാണ്. ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടാകും നിർണ്ണായകം.

പിണറായിയുടെ ഒന്നാം സർക്കാർ രൂപവത്കരണഘട്ടത്തിൽ കേരളാ കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി. ബാലകൃഷ്ണ പിള്ള അങ്ങനെ കാബിനറ്റ് റാങ്കിന് ഉടമയായി. മന്ത്രിസഭയിൽ പരമാവധി 21 അംഗങ്ങളെയാണ് ഉൾപ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉൾപ്പെടുത്തിയാലും എല്ലാകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിലുണ്ടാക്കുക.

കോടിയേരി ബാലകൃഷ്ണനാകും ഘടകകക്ഷികളായി ചർച്ചകൾ നടത്തുക. എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ചുമതല കോടിയേരിക്കാകും. അങ്ങനെ സിപിഎമ്മിലേക്ക് സജീവമായി കോടിയേരി തിരിച്ചെത്തുമെന്ന സൂചനയും പിണറായി നൽകുകയാണ്. പാർട്ടി സെക്രട്ടറി ചുമതലയും കോടിയേരിക്ക് തിരിച്ചു നൽകിയേക്കും. മന്ത്രിസഭയിലേക്ക് പോലും കോടിയേരിയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന് സാധ്യത കുറവാണെന്നാണ് സിപിഎം കേന്ദ്രങ്ങൾ മറുനാടന് നൽകുന്ന സൂചന. എതായാലും സിപിഎമ്മിലെ രണ്ടാമനായി വീണ്ടും കോടിയേരി മാറും.

ധനകാര്യമന്ത്രി ആരെന്ന ചർച്ചയും സജീവമാണ്. 2006 മുതൽ ഐസക്കാണ് ഇടതു സർക്കാരിലെ ധനകാര്യമന്ത്രി. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സർക്കർ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എൻ. ബാലഗോപലുമാണ് ഐസക്കിന് പകരക്കാരാകാൻ സാധ്യതകല്പിക്കപ്പെടുന്ന പ്രമുഖർ. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ എന്നിവരും മന്ത്രിമാരാകും.

ശൈലജയ്ക്കു പുറമേ ഒരു വനിതാ മന്ത്രിയും ഉണ്ടാകും. സിപിഐയിൽ നിന്ന് രണ്ടാം വനിത മന്ത്രിയാകാനും സാധ്യതയുണ്ട്. ചടയമംഗലത്ത് ജയിച്ച ചിഞ്ചു റാണിയും വൈക്കത്തെ സികെ ആശയും മന്ത്രിയാകാൻ സാധ്യതയുള്ളവരാണ്. സിപിഎമ്മിൽ വനിതാ മന്ത്രി സ്ഥാനത്തേക്ക് വീണാ ജോർജിന്റെ പേരിനാണ് മുൻതൂക്കം. മന്ത്രിമാരിൽ രണ്ടു വനിതകളില്ലെങ്കിൽ സ്പീക്കർ പദവിയിൽ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ.വാസവൻ, എം.ബി.രാജേഷ്, സി.എച്ച്.കുഞ്ഞമ്പു, ഇടതു സ്വതന്ത്രൻ കെ.ടി.ജലീൽ, വനിതാ നേതാക്കളായ വീണ ജോർജ്, ആർ.ബിന്ദു എന്നിവരും പരിഗണിക്കപ്പെട്ടേക്കും. ഇവരിൽ ഒരാൾ സ്പീക്കർ ആകാനും സാധ്യതയുണ്ട്. കെടി ജലീൽ മന്ത്രിയാകുമോ എന്നതിലും പിണറായിയുടെ നിലപാടാകും നിർണ്ണായകം.