കൊല്ലം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവയ്ക്കാൻ ഒരുങ്ങുകയാണ്. അതിനിടെ നിർവ്വാഹക സമിതിയിൽ നിന്ന് നടൻ മുകേഷും പിന്മാറുമെന്ന് സൂചന. പാർട്ടി എംഎൽഎയായ മുകേഷിനു മേൽ സി.പി.എം നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അമ്മയുടെ ഭാരവാഹിത്വം ഒഴിയാൻ സി.പി.എം ആവശ്യപ്പെടുമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുകേഷ് നടത്തിയ അഭിപ്രായപ്രകടനം പാർട്ടിക്കു കളങ്കമുണ്ടാക്കിയെന്ന് ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മുകേഷിന്റെ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ പാർട്ടി ചട്ടക്കൂടിൽ നിയന്ത്രിക്കാനുള്ള നീക്കവും സജീവമാണ്. ഇതിന്റെ ഭാഗമായി മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തി സംസാരിക്കും. ഈ സമയം സ്ഥാനം ഒഴിയാനും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും അറിവോടെയാണ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നീക്കം. അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം മുകേഷ് നടത്തിയ പരാമർശം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ആക്രമിക്കപ്പെട്ടതു സ്ത്രീയാണെന്ന പരിഗണന പോലുമില്ലാതെ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി യോഗത്തിൽ തുറന്നടിച്ചു.

മുകേഷിനെ പാർട്ടി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചതായി വിവരമുണ്ട്. എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം പാർട്ടിയുമായി ബന്ധമില്ലാത്ത തരത്തിലാണെന്നും വിമർശനം ഉയർന്നു. പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പലപ്പോഴും എംഎൽഎയുടെ സാന്നിധ്യം ഉണ്ടാകുന്നില്ല. സിനിമാക്കാരുടെ രീതി പാർട്ടി എംഎൽഎയ്ക്കു യോജിച്ചതല്ല. ജില്ലാ നേതൃത്വം ഇടപെട്ട് ഇതു തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് മുകേഷിനെ വിളിച്ചുവരുത്തി ചർച്ച ചെയ്യാൻ തീരുമാനിച്ചത്. കൊല്ലം എംഎൽഎയായ മുകേഷ് ഇപ്പോഴും പാർട്ടി അംഗമല്ല. ഈ സാഹചര്യത്തിൽ പാർട്ടി തല നടപടികൾ ഉണ്ടാവില്ല.

അതിക്രമത്തിനിരയായ നടിക്കൊപ്പമല്ല പാർട്ടി എന്ന പ്രതീതി ജനിപ്പിക്കാനേ മുകേഷിന്റെ നടപടി ഉപകരിച്ചുള്ളൂ. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ഈ അഭിപ്രായത്തോടു യോജിച്ചു. പരാമർശം തെറ്റായിപ്പോയെന്നു മനസ്സിലായപ്പോഴാണ് മുകേഷ് പിന്നീടു തിരുത്തിയത്. പാർട്ടിക്കു പുറത്തുള്ള സംഘടനയിൽ അംഗമായ മുകേഷിന് അതിലെ ആഭ്യന്തരകാര്യത്തിൽ ഇടപെട്ടു ചർച്ച നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന വാദവും ചിലർ ഉയർത്തി. എന്നാൽ ഇത് പൊതുവേ തള്ളപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുകേഷുമായി ചർച്ചയ്ക്ക് സി.പി.എം തയ്യാറെടുക്കുന്നത്.

സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നു വീഴ്ചയുണ്ടായതായി മുകേഷ് നേരത്തെ സമ്മതിച്ചിരുന്നു. അതിനാൽ ഇത് സംബന്ധിച്ച് യോഗത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായില്ല. അതേസമയം, എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം മികവുറ്റതല്ലെന്നും അദ്ദേഹത്തെ കുറിച്ച് രേഖാമൂലവും അല്ലാതെയും നിരന്തരം പരാതി ഉയരുന്നതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുകേഷിനെതിരായ ആരോപണങ്ങളെ മുഴുവൻ അംഗങ്ങളും പിന്തുണക്കുന്ന നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്.

അമ്മയുടെ വാർത്താ സമ്മേളനത്തിനിടെ മുകേഷ് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി സംസാരിച്ചിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. മുകേഷിന്റെ പെരുമാറ്റം വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും താൻ നല്ലൊരു നേതാവായി മാറുന്നതിനാണ് വിമർശനങ്ങളെന്ന് മനസിലാക്കുന്നുവെന്നും മുകേഷ് പിന്നീട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിൽ തുടക്കക്കാരനായ തനിക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും മുകേഷ് പറഞ്ഞിരുന്നു.