പാലക്കാട്: കനത്ത മഴ കുടിലുകളിൽ ദുരിതം വിതയ്ക്കുമ്പോൾ ആദിവാസി കുടിലുകളിൽ ഭക്ഷ്യകിറ്റ് നൽകിയ എസ്ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. പാലക്കാട് അയിലൂർ ലോക്കൽ സെക്രട്ടറി സജിത്താണ് തന്നെ അറിയിക്കാതെ ആദിവാസി കോളനികളിൽ ഭക്ഷ്യക്കിറ്റ് നൽകിയതിന് എസ്ടി പ്രമോട്ടറായ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ ആദിവാസികൾക്ക് മഴക്കെടുതി കിറ്റ് നൽകുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും സിപിഎം നേതാവിനെ എസ്ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്നു. പാർട്ടിയറിയാതെ എന്തെങ്കിലും പരിപാടി നടത്തിയാൽ നിന്റെ പണി ഞാൻ പീസാക്കും എന്നും സജിത്ത് ഫോണിലൂടെ പറയുന്നുണ്ട്.

അയിലൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ വാർഡിൽ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടറെ വിരട്ടുന്നത്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാർട്ടിയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി. പണി കിട്ടുമ്പോൾ നിന്റെ മറ്റേ കക്ഷികൾ ഉണ്ടാകില്ലെന്നും ലോക്കൽ സെക്രട്ടറിയുടെ പറയുന്നുണ്ട്.

പ്രദേശത്തെ സിപിഎം അനുഭാവിയാണ് എസ്ടി പ്രമോട്ടറായ മണികണ്ഠനും. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയിൽ രണ്ടു ചേരികളിലാണ് ലോക്കൽ സെക്രട്ടറിയും എസ്ടി. പ്രമോട്ടറും. അതുകൊണ്ടുതന്നെ പാർട്ടി വിഭാഗീയതയുടെ ഭാഗം കൂടിയാണ് ഈ ഭീഷണിയെന്നും സൂചനകളുണ്ട്.
 
പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെയാണ് കിറ്റ് വിതരണം ചെയ്തതെന്ന് മണികണ്ഠൻ പറയുന്നു. ഇക്കാര്യത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്നും മണികണ്ഠൻ അറിയിച്ചു. പാർട്ടി എന്ത് നടപടി കൈകൊള്ളുമെന്ന് കാത്തിരിക്കുകയാണ് അദ്ദേഹം. പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി രണ്ടാഴ്ച മുൻപ് സിപിഎം ലോക്കൽ സെക്രട്ടറിയായ ആളാണ് സജിത്ത്.

ഇവരുടെ ടെലിഫോൺ സംഭാഷണം

മണികണ്ഠൻ :  ഹലോ...
സജിത്ത് : എസ്ടി പ്രമോട്ടറേ, സിപിഎം ലോക്കൽ സെക്രട്ടറി സജിത്താണ്
മണികണ്ഠൻ : പറയൂ...
സജിത്ത് : പറയാനല്ല. പാർട്ടി അറിയാതെ നീ ഈ പഞ്ചായത്തിൽ എന്തേലും പരിപാടി നടത്തിയാലുണ്ടല്ലോ നിന്റെ പണി ഞാൻ പീസാക്കും
മണികണ്ഠൻ :  പിന്നെ, ഞാൻ പറയാം
സജിത്ത് : എന്താടാ പിന്നീട്.... പാർട്ടിയറിയാതെ എന്തേലും പരിപാടി നടത്തിയാലുണ്ടല്ലോ...
മണികണ്ഠൻ :  ഇത് ഡിപ്പാർട്ട്‌മെന്റും സർക്കാരും വാർഡ് മെമ്പർമാരെ അറിയിച്ച് കോളനികളിൽ കൊടുക്കുന്നതാണ്
സജിത്ത് : നിന്നെ എസ്ടി പ്രമോട്ടറാക്കിയത് ഈ പാർട്ടിയല്ലേ
മണികണ്ഠൻ :   അതറിയാലോ...
സജിത്ത് : പാർട്ടിയറിയാതെ അനങ്ങിയാൽ വട്ടപ്പൂജ്യമാക്കി തരും ഞാൻ, നിന്റെ മറ്റേ ടീമൊന്നും കൂടെ കാണില്ല. മനസ്സിലാക്കിക്കോ