കോഴിക്കോട്: കോടഞ്ചേരിയിൽ ലൗജിഹാദ് ആരോപിച്ച് ഡിവൈഎഫ്‌ഐ നേതാവിന് എതിരെ സിപിഎം നടപടി ആലോചിക്കുന്നു. മിശ്രവിവാഹം കഴിച്ച ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിനെതിരെയാണ് നടപടി. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഷിജിൻ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ജോയിസ്‌നയെ വിവാഹം കഴിച്ചതാണ് വിവാദകാരണം. വിഷയത്തിൽ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും, കോൺഗ്രസ് നേതാവ് വി.ടി.ബൽറാമും പ്രതികരണവുമായി രംഗത്തെത്തി.

ഡിവൈഎഫ്‌ഐ നേതാവ് മതം മാറി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പരാമർശങ്ങളാണ് ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

ജോർജ് എം തോമസ് പറഞ്ഞത്:

'പുരോഹിതന്മാരുൾപ്പടെ ക്രിസ്ത്യൻ മതവിഭാഗം പാർട്ടിയുമായി സഹകരിച്ചു വരികയാണ്. ഈയൊരു പശ്ചാത്തലത്തിൽ അവരെ ഞങ്ങൾക്കെതിരാക്കി മാറ്റേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ് അതുകൊണ്ട് അവരാണ് വിവാദങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ടത് പാർട്ടിയുടെ കടമയാണ്.

അതേസമയം ഷിജിന്റെ നടപടിയിൽ പാർട്ടിക്ക് അവമതിപ്പുണ്ട്. മിശ്രവിവാഹം നടത്തണമെന്നുണ്ടെങ്കിൽ അത് പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് അവരുടെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് ചെയ്യേണ്ടതായിരുന്നു. ആരോടും ഒന്നും പറയാതെ ചെയ്ത നടപടി പാർട്ടിക്കുണ്ടാക്കിയ കോട്ടം വലുതാണ്. ഇത്തരത്തിൽ, പാർട്ടിക്ക് കോട്ടം തട്ടിക്കുന്നവരെ താലോലിക്കാനാവില്ല. നിലവിൽ ഷിജിനെതിരേ നടപടിയില്ലെങ്കിലും ഭാവിയിൽ അലോചിക്കേണ്ടിവരുമെന്ന് ജോർജ് എം തോമസ് വ്യക്തമാക്കി.

ജ്യോത്സന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസ്പറഞ്ഞു.

അതേസമയം ഇതൊരു ലൗജിഹാദാണെന്ന് മുദ്രകുത്താനാണ് ചിലർ ശ്രമിക്കുന്നത്. ലൗജിഹാദ് വേറെ, പ്രണയ വിവാഹം വേറെ, രണ്ടും രണ്ടാണ്. എന്നാൽ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റുന്നതിനായി ചിലർ പ്രവർത്തിക്കുന്നെന്ന് ജോർജ് എം തോമസ് പറഞ്ഞു. ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പാർട്ടി ഡോക്യുമെന്റിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. ലൗ ജിഹാദ് ഉണ്ടെന്നും സത്രീകളെ ഐ.എസിലേക്ക് കൊണ്ടു പോവുന്നുവെന്നും ലൗ ജിഹാദ് നടക്കുന്നതായി പാർട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ലൗ ജിഹാദിന് ശ്രമിക്കുന്നു.'

ലൗജിഹാദ് പ്രസ്താവന ഏറ്റെടുത്ത് ബിജെപി

സിപിഎം നേതാവ് ജോർജ് എം തോമസിന്റെ ലൗ ജിഹാദ് പ്രസ്താവന ഏറ്റെടുത്ത് ബിജെപി. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം തോമസിന് തന്റെ പ്രസ്താവന മാറ്റിപറയേണ്ടി വരും അല്ലെങ്കിൽ സിപിഎമ്മിന് പുറത്താകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ശ്രീ. ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും,അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്....

വി.ടി.ബൽറാമിന്റെ പ്രതികരണം

കേരളത്തിൽ 'ലൗ ജിഹാദ്' എന്ന സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ് എം തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാർ വാട്ട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഎം എംഎൽഎ ലിന്റോ ജോസഫ്.ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന് ഷെജിനും ജ്യോയ്‌സ്‌നയും

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ലൗഹ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമെന്നും കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ ഷെജിനും ജ്യോയ്‌സ്‌നയും. സമുദായ സംഘടനകൾ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നത്. ജ്യോയ്‌സ്‌നയെ ബന്ധുക്കൾക്കൊപ്പം അയക്കാനാണ് പൊലീസ് ശ്രമിച്ചത്. ചില സംഘടനകളിൽ നിന്ന് ഭീഷണിയുണ്ട്. അതിനാൽ കുറച്ച് കാലം നാട്ടിൽ നിന്ന് മാറിനിൽക്കാനാണ് തീരുമാനമെന്നും ഷെജിനും ജ്യോയ്‌സ്‌നയും പറഞ്ഞു. ജ്യോസ്‌നയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരവെ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കോടതിയിൽ ഹാജരായിരുന്നു.