- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ എന്താ ഉദ്ദേശിക്കുന്നത്, നീ വിളിച്ചാൽ നമ്പർ ഞങ്ങൾക്ക് കിട്ടുകേലന്നോ; നിനക്കിട്ട് പണ്ട് ഞാൻ ഒന്നു തന്നതാ; ഇനി നീ വന്നാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കും; തന്റേടമുണ്ടെങ്കിൽ ഇരട്ടയാറ്റിലേക്ക് വാടാ'; തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകിയ യുവാവിനെതിരെ ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി; പരാതിക്കാരന്റെ ഫോൺനമ്പറും വിവരങ്ങളും ചോർത്തിയത് ജില്ലാ കളക്ടറേറ്റിൽ നിന്ന്
കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചതിന് യുവാവിന് നേരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകിയതിന്റെ പേരിൽ ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറിലെ സിപിഎം ലോക്കൽ സെക്രട്ടറിയാണ് പ്രദേശവാസിയായ സെബിൻ എബ്രഹാം എന്ന യുവാവിനെ ഫോണിൽ വിളിച്ച് കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.
പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങളുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ചുവരുകളിൽ പോസ്റ്റർ ഒട്ടിച്ചത് സംബന്ധിച്ച് പരാതി നൽകിയതിനായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഇലക്ഷൻ കമ്മീഷൻ പൊതുജനങ്ങൾക്കായി തയ്യാറാക്കിയ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് സെബിൻ പരാതി അറിയിച്ചത്. പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി രംഗത്തെത്തിയത്.
കളക്ടറേറ്റിൽ നിന്നും സ്വാധീനം ഉപയോഗിച്ച് പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുത്താണ് സിപിഎം ലോക്കൽ സെക്രട്ടറി സെബിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പരാതി നൽകുന്നയാളെക്കുറിച്ച് രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പ് നൽകുമ്പോഴാണ് ഈ നടപടി. സെബിൻ എബ്രഹാം അല്ലേ, കളക്ടറേറ്റിലേക്ക് പരാതി നൽകാറുണ്ടോ, പോസ്റ്റർ ഒട്ടിക്കുന്നതിനെക്കുറിച്ച് എന്നു ചോദിച്ചുകൊണ്ടാണ് ഫോൺ സംഭാഷണം തുടങ്ങുന്നത്. താൻ കളക്ടറേറ്റിലേക്ക് വിളിച്ചിട്ടില്ല എന്ന് സെബിൻ വ്യക്തമാക്കിയെങ്കിലും സിപിഎം ലോക്കൽ സെക്രട്ടറി സംഭാഷണം തുടരുന്നു.
കളക്ടറേറ്റിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. ഈ നമ്പർ സെബിന്റെ തന്നെയാണോ എന്ന് ചോദിച്ച് വ്യക്തമായതിന് ശേഷമാണ് സംഭാഷണം തുടരുന്നത്. കളക്ടറേറ്റിൽ വിളിച്ച് നമ്പർ ശേഖരിച്ച ശേഷമാണ് വിളിക്കുന്നതെന്നും പാർട്ടി ലോക്കൽ സെക്രട്ടറി പറയുന്നു.
നീ എന്താ ഉദ്ദേശിക്കുന്നത്, നീ വിളിച്ചാൽ നമ്പർ ഞങ്ങൾക്ക് കിട്ടുകേലന്നാണോ വിചാരച്ചിത്. എനിക്ക് ഇത്രയേ നിന്നോട് പറയാനുള്ളു മര്യാദയാണെങ്കിൽ മര്യാദ. നിനക്കിട്ട് പണ്ട് ഞാൻ ഒന്നു തന്നതാ. ഇനി നീ വന്നാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കും തന്റേടമുണ്ടെങ്കിൽ ഇരട്ടയാറ്റിലേക്ക് വാടാ. സിപിഎമ്മുകാരുടെ അടുത്തേക്ക് കളി വേണ്ട, നിനക്ക് പിന്നിൽ ആരാണെന്ന് അറിയാം. നീ സിപിഎമ്മുകാരുടെ അടുത്താണോ കളിക്കുന്നെ' സിപിഎം ലോക്കൽ സെക്രട്ടറി പറയുന്നു.
സിപിഎമ്മുകാരുടെ അടുത്ത് ഞാൻ എന്തു ചെയ്തു എന്നാണ് പറയുന്നത് എന്ന് സുബിൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടെങ്കിൽ അതിന് എന്റെ മേൽ അല്ല കുതിര കയറേണ്ടത് എന്നും സെബിൻ പറുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നുവെങ്കിലും സെബിൻ ഇപ്പോൾ സജീവമായി രാഷ്ട്രീയ പ്രവർത്തന രംഗത്തില്ല, എന്നാൽ സാമൂഹിക വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ആളാണ്. തന്റെ നാട്ടിൽ ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് ചട്ട ലംഘനം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനാണ് ഇയാളെ സിപിഎം നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സ്വതന്ത്രമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു പറയുമ്പോഴും നാട്ടിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടമിറിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ് ഇരട്ടയാറിൽ അരങ്ങേറിയ സംഭവം. ഇത്തരം പരാതികളിൽ അതിവേഗ ഇടപെടൽ നടത്തേണ്ടതും പരാതി നൽകിയ ആളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതുമാണെന്നിരിക്കെ കളക്ടറേറ്റിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതടക്കം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പറയുന്ന സംവിധാനം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്മയാണ്. ഇരട്ടവോട്ടും കള്ളവോട്ടും അടക്കമുള്ള കാര്യങ്ങളിൽ ആരോപണം ഉയരാൻ ഇടയാക്കുന്നതും ഇത്തരം ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകാനായി രൂപീകരിച്ച ആപ്പിലേക്ക് സ്വന്തം നാട്ടിൽ ഉണ്ടായിട്ടുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയ യുവാവിന്റെ പേരും ഫോൺനമ്പറും അടക്കം അവിടുത്തെ ലോക്കൽ സെക്രട്ടറിക്ക് ചോർത്തി നൽകുക എന്ന ഗുരുതര ക്രമക്കേടാണ് ജില്ലാ കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്.
പരാതിക്കാരന്റെ നമ്പർ അടക്കം ചോർന്നത് കളക്ടറേറ്റിൽ നിന്നാണെന്ന് ലോക്കൽ സെക്രട്ടറിയുടെ സംഭാഷണത്തിൽ നിന്നും വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കളക്ടർ അടക്കം സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ട ഗുരുതര ചട്ടലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങൾ പാടെ അട്ടിമറിക്കുന്ന ഇടപെടലാണ് ഇരട്ടയാറിൽ ഉണ്ടായത്. ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള പൗരന്റെ അവകാശം ചോദ്യം ചെയ്യപ്പെടുന്നു എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പരാതി നൽകാൻ സാധാരണ പൗരന്മാർ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നു.
ഇലക്ഷൻ കമ്മീഷൻ ഉറപ്പു നൽകുന്ന സുതാര്യത തന്നെ ചോദ്യം ചെയ്യുന്നതാണ് സംഭവം. ഈ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ജില്ലാ കളക്ടർക്കുണ്ട്. നീതിന്യായ വ്യവസ്ഥിതിയേയും സർക്കാർ സംവിധാനങ്ങളെയും അട്ടിമറിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള പാർട്ടി ഗ്രാമങ്ങളിലെ രീതികൾ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കാനുള്ള നീക്കമാണ് സിപിഎം ഇടപെടലിന് പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ