കോട്ടയം: ലക്ഷദ്വീപിലെ തെങ്ങുകളിൽ ബിജെപിക്കാർ കാവി പെയിന്റടിച്ചെന്ന് പറഞ്ഞ് പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ദ്വീപിലെ കാവിവൽക്കരണത്തിന്റെ ഭാഗമാണെന്നാണ് സഖാക്കളുടെ പക്ഷം. അതേസമയം ലക്ഷദ്വീപിലെ തെങ്ങിൻചോട്ടിലെ കാവിക്കളറിനൊപ്പം സൈബർ ഇടത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് കോട്ടയം മെഡിക്കൽ കോളേജിലെ മരങ്ങൾക്ക് ചുവട്ടിൽ ചുവന്ന പെയിന്റടിച്ചതാണ്. ഇത് ചുവപ്പുവൽക്കരണന്റെ ഭാഗമാണെന്ന വിമർശനമാണ് ഉയരുന്നത്. മുമ്പുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വിവിധ പരിപാടികളുടെ ഉത്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളേജ് സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അവിടെ മരങ്ങളുടെ ചുവട്ടിലെ ചുവപ്പുവൽക്കരണം. എന്നാൽ ഈ ചുവപ്പുവൽക്കരണം മരങ്ങളിൽ മാത്രമല്ല, വർഷങ്ങളായി മെഡിക്കൽ കോളേജ് സിപിഎമ്മിന്റെ കോട്ടയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

മെഡിക്കൽ കോളേജ് സൂപ്രണ്ട് മുതൽ സ്റ്റാഫ് യൂണിയനുകൾക്ക് വരെ ഒരു റോളുമില്ലാത്ത മെഡിക്കൽ കോളേജിലെ എല്ലാ ഭരണകാര്യങ്ങളും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയും മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിലുള്ള അഭയം എന്ന സ്വകാര്യ സൊസൈറ്റിയും വഴി മാത്രമാണ് നടക്കുന്നതെന്നാണ് ആരോപണം.

സുരേഷ് കുറുപ്പിന്റെയും വിഎൻ വാസവന്റെയും നിയന്ത്രണത്തിലാണ് പതിറ്റാണ്ടുകളായി എച്ച്.എം.സി പ്രവർത്തനങ്ങൾ. ഭൂരിഭാഗം അംഗങ്ങളും പാർട്ടി പ്രവർത്തകർ തന്നെ. കഴിഞ്ഞ പത്ത് വർഷമായി എംഎൽഎ എന്ന നിലയിൽ സുരേഷ് കുറുപ്പ് എച്ച്.എം.സി അംഗമായിരുന്നു. ഇപ്പോൾ മന്ത്രി കൂടിയായ വിഎൻ വാസവനാണ് ആ സ്ഥാനത്ത്. ഇടത് സർക്കാരുകളുടെ കാലത്ത് സർക്കാർ പ്രതിനിധികളായും ഇവർ എച്ച്.എം.സിയിൽ ഉണ്ടാകാറുണ്ട്.

മെഡിക്കൽ കോളേജിലെ താൽക്കാലിക നിയമനങ്ങൾ പോലും പാർട്ടി വഴിയാണ് നടക്കുന്നതെന്നാണ് പരാതി. കോവിഡുമായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ താൽക്കാലികനിയമനങ്ങൾ നടന്നതിനെ പറ്റി ബിജെപി സംസ്ഥാന സമിതി അംഗം ആർ ഹരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന് പരാതി നൽകിയിരുന്നു. ജില്ലാ കുടുംബശ്രീ മിഷൻ വഴിയാണ് ഈ നിയമനങ്ങൾ നടക്കുന്നതെന്നാണ് സൂപ്രണ്ടിന് ഇതിനെ പറ്റി ആകെ അറിയുന്നത്. എന്നാൽ ജില്ലാ കുടുംബശ്രീ മിഷൻ സിഡിഎസുകൾ അറിയിപ്പ് നൽകിയെന്നും അവിടെ നിന്നാണ് ഒഴിവിലേയ്ക്ക് ആളുകളെ കണ്ടെത്തുന്നതെന്നും അവർ പറയുന്നു.

കോട്ടയം ജില്ലയിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകൾക്ക് മാത്രമാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ കിട്ടിയിട്ടുള്ളതെന്നാണ് ബിജെപിയുടെയും ആരോപണം. ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റിയുടെ കത്ത് ഉണ്ടെങ്കിൽ മാത്രമെ ജോലി തരപ്പെടു എന്നാണ് ഇത് സംബന്ധിച്ച് പരക്കുന്ന കരക്കമ്പി.

സിപിഎം അനുകൂല സംഘടനയ്ക്കും ഇവിടെ അമിതാധികാരമാണുള്ളതെന്ന ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു മെഡിക്കൽ കോളേജിലെ നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റിൽപറത്തി ഡിവൈഎഫ്‌ഐയും അഭയം സൊസൈറ്റിയും ചേർന്ന് ഐസൊലേഷൻ വാർഡിന് മുന്നിൽ നിരവധിപേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അൻപത്തിയഞ്ചോളംപേർ പങ്കെടുത്ത പരിപാടിയിൽ മെഡിക്കൽ കോളേജ് ആർഎംഒ ഡോ.രഞ്ചന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ജീവനക്കാരും പങ്കെടുത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.