മലപ്പുറം: മുതലാളിമാർക്ക് സീറ്റ് നൽകുന്നതിനെചൊല്ലി ഇടതു പാർട്ടികളിൽ കലഹം. ജില്ലയിൽ മുസ്ലിം ലീഗിനെതിരെ മത്സരരംഗത്തുള്ള സിപിഐ(എം), സിപിഐ, എൻസിപി പാർട്ടികൾക്കുള്ളിലാണ് വ്യവസായികൾക്കും മുതലാളിമാർക്കും സീറ്റ് നൽകുന്നതിൽ ആഭ്യന്തര കലഹങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

ലീഗ് സ്ഥാനാർത്ഥികൾ ജില്ലയിലെ മിക്ക സീറ്റുകളിലും നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇനി കോൺഗ്രസിന്റെ നാലു സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫിൽ പ്രഖ്യാപിക്കാനുള്ളത്. എന്നാൽ പല ഘട്ടങ്ങളിലായി സീറ്റ് ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഓരോ മണ്ഡലത്തിൽനിന്നും പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നു കേൾക്കുന്ന എതിർശബ്ദങ്ങൾ എൽ.ഡി.എഫിന് തലവേദനയായിരിക്കുകയാണ്. മുതലാളിമാർക്ക് സീറ്റ് നൽകുന്നതിലൂടെ പാർട്ടി അണികളുടെ എതിർപ്പിന് കാരണമാകുമെന്നും, ഈ കീഴ്‌വഴക്കം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് തടസമാകുമെന്നുമാണ് ഇതിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന വാദം. അതേസമയം പണം വാങ്ങി മുതലാളിമാർക്ക് സീറ്റു നൽകുകയാണെന്ന ആരോപണം രാഷ്ട്രീയ എതിരാളികളും ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്.

താനൂർ, തിരൂർ, കോട്ടക്കൽ, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, നിലമ്പൂർ, മഞ്ചേരി, ഏറനാട്, മങ്കട എന്നീ നിയോജക മണ്ഡലങ്ങളിലാണ് മുതലാളിമാരെ ഇടതു സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാൻ ധാരണയായിട്ടുള്ളത്. മിക്ക സ്വതന്ത്രർക്കും സീറ്റ് നൽകാമെന്ന ഉറപ്പ് പാർട്ടി നേതൃത്വങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വന്നതോടെ സീറ്റ് പതിച്ചു നൽകുക അത്ര എളുപ്പമല്ലാത്ത കാര്യമായി മാറുകയായിരുന്നു. ഇതിനു കാരണം സ്വതന്ത്രരെ നിർത്താൻ ഉദ്ദേശിക്കുന്ന ഓരോ മണ്ഡലത്തിലെയും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ്. മണ്ഡലത്തിലെ പാർട്ടിയിൽ നിന്നുള്ള പൊതുസമ്മതനായ ഒരാളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനായി ഇവിടങ്ങളിലെല്ലാം സീറ്റ് പിടിവലി നടക്കുന്നുമുണ്ട്. ഇതിനാൽ ഓരോ ചർച്ചയിലും തീരുമാനമാവാതെ സ്ഥാനാർത്ഥി ചർച്ചകൾ നീളുകയാണ്.

നിലമ്പൂർ, വള്ളിക്കുന്ന്, തിരൂർ, മങ്കട എന്നീ സീറ്റുകളിലാണ് സിപിഐ(എം) പ്രധാനമായും സ്വതന്ത്രരെ ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ എതിർപ്പുകൾ ഉയർന്നതും ഇവിടെ നിന്നാണ്. നിലമ്പൂരിൽ പ്രമുഖ വ്യവസായി പിവി അൻവറിനെയാണ് പരിഗണിക്കുന്നത്. എന്നാൽ ഇവിടത്തെ സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് അൻവറിന് വിനയാകുന്നത്. കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തിൽ സർവ്വ സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ ഇടതു മുന്നണി സ്ഥാനാർത്ഥിയെ പിന്നിലാക്കി 47452 വോട്ടുകൾ നൽകിയിരുന്നു. കൂടുതൽ ജനകീയത നേടിയ അൻവറിന് ആര്യാടന്റെ തട്ടകമായ നിലമ്പൂർ പിടിച്ചെടുക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. മങ്കടയിൽ സ്വതന്ത്രനെ നിർത്തുന്നതിനെതിരെ പാർട്ടിക്കുള്ളിൽനിന്നു തന്നെ പരസ്യ പ്രതികരണങ്ങളുണ്ടായി. വള്ളിക്കുന്നിൽ ലീഗ് വിമതൻ കെസി സെയ്തലവിയാണ് പട്ടികയിലുള്ളത്. സെയ്തലവി മത്സരിച്ചാൽ ലീഗ് വിമത വിഭാഗത്തിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിലെയും വോട്ടുകൾ ഇടത് പെട്ടിയിൽ വീഴുമെന്നാണ് പ്രതീക്ഷ. എന്നാൽ വള്ളിക്കുന്ന് മണ്ഡലത്തിലും പാർട്ടി പ്രവർത്തകർക്ക് സീറ്റ് നൽകണമെന്ന വാദം ഉയർന്നിട്ടുണ്ട്.

താനൂരിൽ വി അബ്ദുറഹ്മാന്റെ സ്ഥാനാർത്ഥിത്വം മാത്രമാണ് തർക്കങ്ങളില്ലാതെ തീരുമാനമാക്കാൻ സിപിഎമ്മിന് സാധിച്ചത്. പിണറായി വിജയന്റെ നവകേരള യാത്ര കടന്നു പോയ സമയത്ത് തന്നെ വി. അബ്ദുറഹ്മാന് നേതൃത്വം സീറ്റ് ഉറപ്പാക്കിയിരുന്നു. മുൻ കെപിസിസി അംഗവും കഴിഞ്ഞ ലോക്‌സഭയിൽ പൊന്നാനിയിൽ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ചയാളുമായ വി അബ്ദുറഹ്മാൻ പ്രമുഖ വ്യവസായി കൂടിയാണ്. ഇത്തവണ തിരൂർ നഗരസഭ ലീഗിൽ നിന്നും പിടിച്ചെടുക്കാൻ നിർണായക ശക്തിയായും അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള തിരൂർ ഡവലപ്പ്‌മെന്റ് ഫോറം(ടിഡിഎഫ്) ആയിരുന്നു. ടി.ഡി.എഫിന്റെ കൺവീനറും ഫ്‌ളാറ്റ് വ്യവസായിയുമായ ഗഫൂർ പി ലില്ലീസിനെയാണ് തിരൂരിൽ സിപിഐ(എം) പരിഗണിക്കുന്നത്. തിരൂർ നഗരസഭ പിടിച്ചെടുത്തതു മുതൽ ഗഫൂറിന് സിപിഐ(എം) നേതൃത്വം നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നും ഒരു വിഭാഗം ഈ തീരുമാനത്തെ എതിർക്കുകയും മണ്ഡലം യോഗത്തിൽ നിന്നും ആറു പേർ ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ഇതിനെതിരെ സിപിഎമ്മിനെ വിമർശിച്ച് ടിഡിഎഫിന്റെ പേരിൽ ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷമായത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

ജില്ലയിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയ വശേഷങ്ങൾ ഇത്തരത്തിലാണെങ്കിൽ സിപിഐയുടെ സ്ഥാനാർത്ഥി നിർണയവും വ്യത്യസ്തമല്ല. തിരൂരങ്ങാടി, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളാണ് സിപിഐയുടെ സീറ്റുകൾ. എന്നാൽ ഇവിടങ്ങളിലും പാർട്ടി ശതകോടീശ്വരന്മാരെ അന്വേഷിച്ചു നടക്കുകയാണ്. മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലും ഇതിനെതിരെ ശക്തമായ വികാരം ഉയർന്നിട്ടുണ്ട്. പണാധിപത്യത്തിനു അടിയറ വയ്ക്കുന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ച് രണ്ടു ജില്ലാ നേതാക്കളടക്കം ഇന്നലെ നൂറ് സിപിഐ പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെയ്ക്കുകയുണ്ടായി. ഞായറാഴ്ച ചേരുന്ന യോഗത്തിലായിരിക്കും എങ്ങോട്ടു പോകണമെന്ന തീരുമാനമുണ്ടാവുക. കോട്ടക്കലിൽ മത്സരിക്കുന്ന എൻ.സി.പിയും കോടീശ്വരനായ മുതലാളിക്കു വേണ്ടി കാത്തിരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാണെങ്കിലും ജില്ലയിൽ അഞ്ചു സീറ്റിൽ കുറയാത്തത് നേടുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. മുസ്ലിംലീഗിന്റെ മൃഗീയ ഭൂരിപക്ഷമാണ് സിപിഎമ്മിനെസംബന്ധിച്ചിടത്തോളം സ്തന്ത്രരെ നിർത്താൻ പ്രേരിപ്പിക്കുന്നത്. ഇത് മുതലാളികൂടിയാവുമ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട് നോക്കുകയേ വേണ്ട. പാർട്ടി സഖാക്കളെ മത്സരിപ്പിച്ചാൽ ഫണ്ട് നഷ്ടമാകുകയല്ലാതെ തിരിച്ച് സാമ്പത്തിക നേട്ടമില്ലെന്നതും മറ്റൊരു കാരണമാണ്. എന്നാൽ പ്രചാരണം കൊഴുക്കുമ്പോൾ പേയ്‌മെന്റ് സീറ്റ് വിവാദമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്ത് മത്സരിക്കുന്ന 12 സീറ്റുകളും വീജയിക്കുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം.