പത്തനംതിട്ട: പൊലീസുകാരനെ കുത്തിയ കേസിലെ പ്രതിയായ സി പി എം പഞ്ചായത്തംഗം റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി പൊലീസുകാരുടെ ചിത്രം സഹിതം ഭീഷണി മുഴക്കി ഫേസ് ബുക്ക് പോസ്റ്റിട്ടു. വിഷയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടും അനക്കമില്ല. എസ്‌പിക്ക് പാർട്ടിക്കാരെ ഭയമെന്ന് പൊലീസുകാർ.

കോന്നി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ബി.രാജഗോപാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, രാജേഷ്, എസ്. അൻസാജു എന്നിവർക്കാണ് അതുമ്പുംകുളം ആറാം വാർഡിലെ സി.പി.എം ഗ്രാമ പഞ്ചായത്തംഗം ബിജി കെ. വർഗീസിന്റെ ഭീഷണി പോസ്റ്റ്

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.52 നാണ് ബിജി പൊലീസുകാർക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. സ്റ്റേഷനിൽ എന്നെ തല്ലിച്ചതച്ച പൊലീസുകാർ എന്ന തലക്കെട്ട് നൽകിയാണ് ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റിട്ടിട്ടുള്ളത്. 'മറക്കില്ല ആരെയും..' എന്ന ഭീഷണിയും ഉണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ 23 ന് വൈകിട്ട് പോസ്റ്റ് ഓഫീസ് റോഡിലെ മാവേലി സ്റ്റോറിനു മുൻവശത്ത് ബിജി സഞ്ചരിച്ചിരുന്ന ബൊലേറോ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തുടക്കം. ഈ വാഹനം മറ്റൊരു കാറിൽ തട്ടി വിഷയമുണ്ടായപ്പോൾ പൊലീസ് എത്തി കാറുകാരനെ പറഞ്ഞു വിട്ടു.

പിന്നീട് ഇതിന്റെ ഡ്രൈവറോട് വാഹനം മാറ്റിയിടാൻ സിവിൽ ഡ്രസിലായിരുന്ന അൻസാജുവും, എസ്.ഐയും ആവശ്യപ്പെട്ടു. ഈ സമയം കടയിൽ പോയി മടങ്ങി വന്ന ബിജി അൻസാജുവുമായി വാക്കേറ്റവും മൽപ്പിടുത്തവും നടന്നു. ബിജിയുടെ കയ്യിലിരുന്ന സ്‌കൂ ഡ്രൈവർ കൊണ്ട് അൻസാജുവിന്റെ ഇടതു തോളിൽ കുത്തുകയും ചെയ്തു.

പിന്നീട് കേസെടുത്ത് അറസ്റ്റു ചെയ്ത ബിജിയെ കോടതി റിമാൻഡ്‌ചെയ്തു. ഈ വിഷയത്തിൽ മൗനം പാലിച്ച സി.പി.എം നേതൃത്വം വളരെ വൈകിയാണ് പേരിന് ഇടപെട്ടത്. അറസ്റ്റിനെ തുടർന്ന് ബിജിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അതുമ്പുംകുളത്ത് ഹർത്താൽ നടത്തി. ഇവർ ഫെയിസ്ബുക്കിലൂടെ ബിജിയെ പിന്തുണയ്ക്കുകയും ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാർ പിന്തുണച്ച് പോസ്റ്റിട്ടശേഷമാണ് കോന്നിയിലെ പാർട്ടി നേതൃത്വം ഇടപെടുന്നത്.

പാർട്ടിക്ക് വിധേയനാകാതെ ഒറ്റയാൾ പ്രവർത്തനം നടത്തുന്ന ബിജിക്കെതിരെ പാർട്ടി നേതൃത്വം അതൃപ്തിയിലായിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് മാസം മുമ്പ് ഡിവൈഎഫ്‌ഐ നേതൃത്വ സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. താഴം മേഖലയിലെ പാറമടകളുമായി ബന്ധപ്പെട്ട പാർട്ടി നേതാക്കളുടെ നിലപാടുകൾക്കെതിരെ പരസ്യ വിമർശനങ്ങൾ നടത്തുന്ന ബിജി കാർമല ചേരിക്കൽ പാറമടക്കെതിരെ തനിയെ പ്രതികരിക്കുകയും ഇവിടെ നിന്നും പണം ചോദിച്ചതായി നേതൃത്വത്തിന് പാറമട ഉടമ പരാതിപ്പെടുകയും ചെയ്തിരുന്നു.

സി പി എമ്മിന് ഒരിക്കൽ പോലും ലഭിച്ചിട്ടില്ലാത്ത വാർഡ് ബിജിയിലൂടെയാണ് നേടുന്നത്. അതുകൊണ്ടു തന്നെ നേതൃത്വം നിരവധി വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്. ബിജിയുടെ പ്രവർത്തനങ്ങളിൽ താഴം ലോക്കൽ കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും തൃപ്തരല്ല. പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

നാണക്കേട് മറയ്ക്കാൻ എസ്‌ഐയെ സ്ഥലം മാറ്റാൻ നേതൃത്വം ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനെതിരെ ബിജിയുടെ ഫെയ്‌സ് ബുക്ക് ഭീഷണി. ഭരണസ്വാധീനം മൂലം ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ പൊലീസുകാർക്കിടയിൽ തന്നെ പ്രതിഷേധത്തിനുംഏ അമർഷത്തിനും കാരണമായിട്ടുണ്ട്.