തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ ജോലി ചെയ്യുമ്പോൾ മരിക്കുന്നവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതാണ് ഡയിങ് ഹാർണേഴ്‌സ് എന്ന സംവിധാനം. മലയാളത്തിൽ ആശ്രതി നിയമനം എന്നു പറയും. കുടുംബ നാഥനോ കുടുംബ നാഥയോ മരിച്ച കുടുംബത്തിന് ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. സർക്കാർ സർവ്വീസിലേക്ക് ആളുകളെ കൂടുതലായി അടുപ്പിക്കുന്നതിന് പിന്നിലും ഈ സാമൂഹ്യ സുരക്ഷാ പദ്ധതി കാരണമാണ്. ഈ രീതി എംഎൽഎമാർക്കിടയിലേക്കും വ്യാപിപ്പിക്കുകയാണ് പിണറായി സർക്കാർ.

സിപിഎമ്മുകാരായ എംഎൽഎമാർ മരിച്ചാൽ ആശ്രിത നിയമനം ഉറപ്പാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. സിപിഎം. മുൻ എംഎ‍ൽഎ. കെ.വി.വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം ഇതിന്റെ ഭാഗമാണ്. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായാണ് ജോലി നൽകുക. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

വിജയദാസിന്റെ രണ്ടാമത്തെ മകൻ കെ.വി.സന്ദീപിന് പാലക്കാട് ജില്ലയിലാണ് നിയമനം. വിദ്യാഭ്യാസ യോഗത്യതകൾ നോക്കിയാണ് നിയമനം നൽകുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ നിയമസഭയിൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.വി.വിജയദാസ്, കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. എംഎൽഎ മരിച്ചാൽ ആശ്രിത നിയമനത്തിന് നിയമമോ ചട്ടമോ ഇല്ല. എന്നാൽ പ്രത്യേക കേസായി കണ്ട് തീരുമാനം എടുക്കുകയാണ് പിണറായി.

പി എസ് സി പരീക്ഷ എഴുതി ജോലി കിട്ടാതെ ഉദ്യോഗാർത്ഥികൾ സമരത്തിലാണ്. അവരുടെ കണ്ണീര് സർക്കാർ കാണുന്നില്ല. ഇതിനിടെയാണ് എംഎൽഎയായ അച്ഛൻ മരിക്കുമ്പോൾ മകന് ജോലി കൊടുക്കുന്ന പുതിയ കീഴ് വഴക്കം. ഇത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. നേതാക്കളുടെ കുടുംബത്തിനായി ഖജനാവ് മടിക്കുന്നതാണ് ഈ തീരുമാനം എന്നാണ് ഉയരുന്ന വിമർശനം.

നേരത്തെ അന്തരിച്ച ചെങ്ങന്നൂർ എംഎൽഎയുടെ മകനും സർക്കാർ ജോലി നൽകിയിരുന്നു. ചെങ്ങന്നൂരിലെ നേതാവായിരുന്ന രാമചന്ദ്രൻനായരുടെ കുടിശിഖ എഴുതി തള്ളിയതും വാർത്തയായിരുന്നു. അതിന് ശേഷം അകാലത്തിൽ മരിക്കുന്ന അടുത്ത സിപിഎം എംഎൽഎയായിരുന്നു വിജയദാസ്. അദ്ദേഹത്തിന്റെ മകനും ജോലി നൽകുന്നതോടെ ആശ്രിത നിയമനമെന്ന ചർച്ച പുതിയ തലത്തിലെത്തുന്നു.

നേരത്തെ അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കടം എഴതു തള്ളാനും പണം പിണറായി സർക്കാർ അനുവദിച്ചിരുന്നു. കെ എം മാണിയും തോമസ് ചാണ്ടിയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരിച്ച എംഎൽഎമാരാണ്. മാണിയുടെ മകൻ ജോസ് കെ മാണിക്ക് സിപിഎം പാലാ സീറ്റ് അനുവദിച്ചു. തോമസ് കെ തോമസ് എന്ന ചാണ്ടിയുടെ അനുജനും സീറ്റ് നൽകി. ഇതെല്ലാം ആശ്രിത വാൽസല്യമാണെന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ സീറ്റ് മാത്രം കൊടുത്താൽ പോര മാണിയുടേയും തോമസ് ചാണ്ടിയുടേയും കുടുംബത്തിൽ ഒരാൾക്കും സർക്കാർ ജോലി നൽകണമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.