ന്യൂഡൽഹി: സി.പി.എം ദേശീയ നേതൃത്വത്തിൽ കാരാട്ടിന്റെ പിൻഗാമിയായി സീതാറാം യെച്ചൂരി പാർട്ടി സെക്രട്ടറിയായതിന് പിന്നാലെ ഏറെക്കാലം നടന്ന ചർച്ചയായിരുന്നു മറ്റു പാർട്ടികളുമായുള്ള സഹകരണം. അതിന് മുമ്പും പാർട്ടി ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ട്. കേരളത്തിൽ എംവി രാഘവൻ നിർദ്ദേശിച്ച ബദൽരേഖയുൾപ്പെടെ നിരവധി ചർച്ചകൾ ഇക്കാര്യത്തിൽ നടന്നു. സഖ്യം വേണോ എന്നും മുന്നണിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നുമുൾപ്പെടെ പലകാലത്തും ഇക്കാര്യം ചർച്ചചെയ്ത പാർട്ടിയാണ് സി.പി.എം. കേന്ദ്രത്തിൽ അധികാരത്തിലെത്താനും പാർട്ടിക്ക് മന്ത്രിയെ ഉണ്ടാക്കാനും കഴിയുമായിരുന്ന വേളയിൽ പോലും പാർട്ടി അത് തിരസ്‌കരിച്ചത് ചരിത്രപരമായ മണ്ടത്തരമെന്നും വിശേഷിപ്പിക്കപ്പെട്ടു.

ഇപ്പോഴിതാ വീണ്ടും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ഇക്കാര്യം ചർച്ചചെയ്യുന്നു. മറ്റു മതാധിഷ്്ഠിത പാർട്ടികളുമായി സഖ്യം വേണോ, അല്ലെങ്കിൽ മതേതര പാർട്ടികളുമായി ഏതുതരം നിലപാടെടുക്കാം എന്നെല്ലാം ചർച്ച കനക്കുമ്പോൾ പാർട്ടി ദേശീയ നേതൃത്വം രണ്ടുതട്ടിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഒരുകാലത്ത് സജീവമായിരുന്ന വി എസ്- പിണറായി ചേരിതിരുവ് പോലെ ഇപ്പോൾ ദേശീയ തലത്തിൽ പ്രകാശ് കാരാട്ട്-യെച്ചൂരി ചേരികൾ ശക്തിപ്രാപിക്കുകയാണ്.

എല്ലാ മതേതര പാർട്ടികളുമായും സഹകരണം ആകാം സിപിഎമ്മിന് എന്ന നിലപാടാണ് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ഇതുവരെ സ്വീകരിച്ചുവന്നിരുന്നത്. എന്നാൽ ഇതിൽ ഒരു മയപ്പെടുത്തലുമായി പുതിയ ചർച്ചയ്‌ക്കൊരുങ്ങുകയാണ് സി.പി.എം. എല്ലാ മതേതര പാർട്ടികളുമായും സഖ്യമാകാം എന്ന മുൻ നിലപാട് മാറ്റി പകരം ബിജെപിയെ തകർക്കാൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് അടവുനയം ഉണ്ടാക്കുമെന്ന് യെച്ചൂരി വ്യക്തമാക്കുന്നു.

ഇതോടെ വിഷയം സജീവ ചർച്ചയായിരിക്കുകയാണ്. ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ എന്ന നിലവന്നാൽ കോൺഗ്രസിനൊപ്പം സി.പി.എം നിൽക്കുമോ എന്ന ചോദ്യം ഏറെക്കാലമായി ചർച്ചയാണ്. ഇതിന് മുന്നോടിയായാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട് പുറത്തുവരുന്നത്. അതേസമയം ഇതിനെ ശക്തമായി എതിർക്കുകയാണ് കാരാട്ട് പക്ഷമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ ധാരണ പോലും ഒരു കക്ഷിയുമായും വേണ്ടെന്ന നിലപാടാണ് മുൻ സെക്രട്ടറി കാരാട്ട് സ്വീകരിക്കുന്നത്. ബൂർഷ്വാ പാർട്ടികളുമായി സഖ്യമോ മുന്നണി ബന്ധമോ വേണ്ട എന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുന്നതിനിടെ യെച്ചൂരിയുടെ പുതിയ കരട് നയം നാളെ നടക്കുന്ന പിബി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.