- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനങ്ങളുടെ ജീവനാണ് പ്രധാനം; കൂടുതൽ ഇളവ് ആവശ്യപ്പെടുന്നവരും രോഗം കൂടിയാൽ സർക്കാരിനെ കുറ്റപ്പെടുത്തും; മൂന്നാം തരംഗം വരുന്നതായി മുന്നറിയിപ്പുണ്ട്; ഇളവുകളിൽ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി ജാഗ്രതയോടെ മാത്രമേ സർക്കാരിന് തീരുമാനം എടുക്കാനാകൂ എന്ന് സിപിഎം
തിരുവനന്തപുരം : കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടു മാത്രമേ നടപ്പാക്കാനാകൂ എന്ന് സിപിഎം. ജനങ്ങളുടെ ജീവനാണ് പ്രധാനം. കൂടുതൽ ഇളവ് ആവശ്യപ്പെടുന്നവരും രോഗം കൂടിയാൽ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പും വരുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണ്. വളരെ ജാഗ്രതയോടുകൂടി മാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാകൂ എന്നും വിജയരാഘവൻ പറഞ്ഞു.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നം എന്ന നിലയിലല്ല ഈ വിഷയത്തെ കാണേണ്ടത്. രോഗം കുറച്ചുകൊണ്ടു വരാനായി സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ രോഗവ്യാപനം കുറയുന്നു എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്, എല്ലാ ഭാഗവും പരിഗണിച്ച് നിലവിലുള്ള സ്കോളർഷിപ്പുകൾ കുറവു വരാതെ, കിട്ടിക്കൊണ്ടിരിക്കുന്ന ഒരാനുകൂല്യവും നഷ്ടപ്പെടാതെ നല്ല രീതിയുള്ള തീരുമാനമാണ് സർക്കാർ എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതുകൊണ്ടുതന്നെ ഇതിനെ തുറന്ന് എതിർക്കാൻ ആർക്കും കഴിയില്ല. ചില സ്ഥാപിത താൽപ്പര്യക്കാർ രാഷ്ട്രീയവിദ്വേഷങ്ങളോടെ പറയുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിത്. അഖില കക്ഷിയോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ് ഇതെന്നും വിജയരാഘവൻ പറഞ്ഞു. മുസ്ലിം ലീഗും അഖിലകക്ഷിയോഗത്തിൽ പങ്കെടുത്തിരുന്നു. സമൂഹത്തിന്റെ ഐക്യാന്തരീക്ഷം നിലനിർത്തി മുന്നോട്ടുപോകണമെന്നാണ് യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടത് എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ