കണ്ണൂർ : സിപിഐ.(എം.) നേതാക്കളേയും പ്രവർത്തകരേയും പ്രതിചേർക്കാൻ സിബിഐ. വൃാജകുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണെന്ന പ്രചരണം ശക്തമാക്കാൻ പാർട്ടി തീരുമാനം. സിബിഐയെ ഉപയോഗിച്ച് സിപിഐ(എം) വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന തിരിച്ചറിവോടെയാണ് ഇത്. സംസ്ഥാനത്തുടനീളം സിബിഐയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നവെന്ന പ്രചരണം സിപിഐ(എം) ശക്തമാക്കും. കോൺഗ്രസിനൊപ്പം ബിജെപിയേയും എതിർക്കണമെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ഇത്.

സിപിഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും ഒരുമിക്കുന്നവെന്ന വാദമാകും കതിരൂർ മനോജ് വധക്കേസ് ഉയർത്തി സിപിഐ(എം) അണികളിലേക്ക് എത്തുക. പൊതു സമൂഹത്തോടും നിലപാട് വിശദീകരിക്കും. കതിരൂർ കേസിലെ കുറ്റപത്രം വ്യാജമാണെന്ന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള എം.വി ജയരാജൻ ആരോപിച്ചു കഴിഞ്#ു. കതിരൂർ മനോജ് വധക്കേസിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ പി.ജയരാജനെ പ്രതിയാക്കാനുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ പരവുമാണെന്ന് എം.വി ജയരാജൻ പറയുന്നു. പ്രതിപ്പട്ടികയിൽ പി.ജയരാജൻ ഉൾപ്പെടുമെന്ന സൂചന ലഭിച്ചതോടെയാണ് സിപിഐ.(എം) പ്രതിരോധം ശക്തമായത്.

രാഷ്ട്രീയ മുതലെടുപ്പിനായാണ് സിബിഐയുടെ നീക്കമെന്ന് മനസ്സിലാക്കിയാണ് കണ്ണൂർ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജന് അവധി അനുവദിച്ചത്. പി ജയരാജൻ തനിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്ന തന്ത്രം ഗുണകരമാകില്ല. ഇതിന് പകരമാണ് എംവി ജയരാജൻ എത്തിയത്. കോടതിയ്‌ക്കെതിരായ ശുംഭൻ പ്രയോഗത്തിലൂടെ ജയിലിലായ എംവിക്ക് അണികളുമായി നല്ല ബന്ധമുണ്ട് ഇപ്പോൾ. തടവ് ശിക്ഷ അനുഭവിച്ചതോടെ വീരപരിവേഷവും കിട്ടി. അതുകൊണ്ട് എംവി ജയരാജനെ മുന്നിൽ നിർത്തിയാകും പ്രചരണങ്ങൾ.

പി.ജയരാജൻ പ്രതിയല്ലെന്ന് സിബിഐ.കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഗൂഢാലോചനാ കുറ്റം നിഷേധിച്ചിട്ടില്ല. തന്ത്രപരമായുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. അതുകൊണ്ടുതന്നെ സിബിഐയെ പഴിപറയുന്നതിൽ സിപി.ഐ.(എം) പാർട്ടി നേതാക്കളും സജീവമായിരിക്കുകയാണ്. ഇരുനൂറിലേറെ സാക്ഷികളും നൂറിലേറെ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കൂട്ടിച്ചേർക്കപ്പെട്ട അഞ്ച് പേർ ഉൾപ്പെട്ട 24 പ്രതികളിൽ ഒരാൾപോലും ഗൂഢാലോചനാ കുറ്റത്തിൽ ഉൾപ്പെട്ടിട്ടില്ല. അപ്പോൾ പി. ജയരാജന് നേരെ സിബിഐ തിരിയുന്നത് ബിജെപി.യുടെ ദാസൃവേല ചെയ്യുന്നതിന് സമമാണെന്നാണ് പാർട്ടി ആരോപിക്കുന്നത്.

കുറ്റപത്രത്തെ വൃാഖൃാനിച്ചാണ് മാധൃമങ്ങൾ വാർത്ത സൃഷ്ടിക്കുന്നത്. അവരുടെ ആവനാഴിയിലെ അവസാന അസ്ത്രം പ്രയോഗിച്ചാലും കണ്ണൂരിലെ പാർട്ടിയെ തകർക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ പയ്യന്നൂർ മേഖലയിലെ പാർട്ടിയോഗങ്ങളിൽ വിശദീകരിച്ചു. ആർ.എസ്സ് എസ്സിന്റെ അഖിലേന്തൃാ നേതൃത്വം ദത്തെടുത്ത ജില്ലയാണ് കണ്ണൂർ. ആർ.എസ്സ്.എസ്സിന്റെ ഉമ്മാക്കി കാട്ടി സിപിഐ.(.എം) നെ പേടിപ്പിക്കേണ്ടെന്നും എം .വി ഗോവിന്ദൻ പറഞ്ഞു. സിപിഐ(.എം). നേതാക്കൾക്കെതിരെ ഉയർന്നു വന്ന കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി പി.ജയരാജനുള്ള ബന്ധവും സംഭവ ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമുള്ള ഫോൺകോളുകളും പരോക്ഷ തെളിവുകളായി കുറ്റ പത്രത്തിൽ സിബിഐ നിരത്തിയിട്ടുണ്ട്. പി.ജയരാജൻ അടക്കമുള്ള സിപിഐ.(എം) നേതാക്കൾ അക്രമിക്കപ്പെട്ട കേസുകളിൽ മനോജ് പ്രതിയാണ്. 1995 ൽ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് മനോജ്. മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമന് പയ്യന്നൂരിൽ ചികിത്സ നൽകിയതും ചില സിപിഐ.(എം) നേതാക്കൾ ഇടപെട്ടാണ്. ഇതെല്ലാം സിപിഐ(.എം) നേതാക്കളുടെ പങ്കിനേയും ഗൂഢാലോചനയുടേയും തെളിവുകളാണെന്നാണ് സിബിഐ. കുറ്റപത്രത്തിലൂടെ എടുത്തു കാട്ടുന്നത്.

പി.ജയരാജൻ മനോജ് വധക്കേസിൽ പ്രതിയാകുമെന്ന സൂചന പ്രചരിച്ചതോടെ പ്രതിരോധം കടുപ്പിച്ച് അണികളെ ഉണർത്താനാണ് സിപിഐ.(എം) ശ്രമിക്കുന്നത്. ബിജെപി.യേയും സിബിഐയേയും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയുള്ള പ്രചാരണവും ജില്ലയിൽ ശക്തമായിട്ടുണ്ട്. പി.ജയരാജൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമൃ ഹരജി 22 ാം തീയ്യതി ബുധനാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി വച്ചിരിക്കയാണ്. ജാമൃഹരജി അനുവദിച്ചാലും തള്ളിയാലും ജില്ലയിലെ രാഷ്ട്രീയ രംഗം വീണ്ടും സജീവമാകും.