പാലക്കാട് ; ജില്ലയിലെ സി.പി. എം സ്ഥാനാർത്ഥി നിർണയത്തിനെതിരെ പാർട്ടിക്കുള്ളിൽ നടന്ന പ്രതിഷേധം തെരുവിലേക്കെത്തുന്നു. ഒറ്റപ്പാലം, ഷൊർണൂർ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്.

നേരത്തെ ഒറ്റപ്പാലത്തു മാത്രം സോഷ്യൽ മീഡിയകളിലും പാർട്ടിയിലെ ഒരു വിഭാഗത്തിലും നിന്നിരുന്ന പ്രതിഷേധമാണ് ഷൊർണൂരിലേക്കും പടരുന്നത്. സേവ് സി പി എം എന്ന പേരിൽ രണ്ടിടത്തും സ്ഥാനാർത്ഥികൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. രണ്ടു ദിവസം മുമ്പ് ഒറ്റപ്പാലം മണ്ഡലത്തിൽ കടമ്പഴിപ്പുറത്താണ് ആദ്യ പോസ്റ്റർ വന്നത്. പിന്നീട് ഇതു നിയോജകമണ്ഡലങ്ങളിലേക്കും പടർന്നു. ഒറ്റപ്പാലത്ത് മത്സരിക്കാൻ സ്ഥാനാർത്ഥി പട്ടികയിലുള്ള സി.പിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ പി. ഉണ്ണിക്കെതിരേയും ഷൊർണൂരിൽ പേരുള്ള സി.ഐ .ടി.യു ജില്ലാ സെക്രട്ടറി പി .കെ ശശിക്ക് എതിരേയുമാണ് പോസ്റ്റർ വിപ്ലവം നടക്കുന്നത്.

രണ്ടുപേർക്കെതിരേയും വളരെ രൂക്ഷമായ വിധത്തിലാണ് വിമർശനം. ഇവർക്കെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും പോസ്റ്ററുകളിൽ പറയുന്നു. ഷൊർണൂരിൽ സീറ്റ് ഉറപ്പിച്ചിരുന്ന പി.കെ സുധാകരനും നിലവിലെ ഒറ്റപ്പാലം എംഎ‍ൽഎ ഹംസക്കും സീറ്റ് നൽകാത്തതാണ് ഒരു വിഭാഗത്തിന്റെ ചേരിതിരിവിന് കാരണമായത്. രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി ഹംസയുടെ പേരൊഴിവാക്കാൻ ഒരു കാരണമായത്. എന്നാലും സംസ്ഥാന ഘടകം ഹംസയെ അനുകൂലിക്കുമെന്നാണ് കരുതിയിരുന്നത്. സംസ്ഥാന ഘടകത്തിൽനിന്ന് ഹംസക്ക് അനുകൂലമായി കാര്യങ്ങൾ നീങ്ങാതിരുന്നപ്പോഴാണ് ഒറ്റപ്പാലത്ത് പാർട്ടിയിൽ ഒരു വിഭാഗത്തിന് മുറുമുറുപ്പ് തുടങ്ങിയത്.

ഒറ്റപ്പാലത്തു നിന്ന് ജില്ലാ കമ്മിറ്റി പി.കെ ശശിയുടെ പേരാണ് നൽകിയിരുന്നത്. ഷൊർണൂരിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ഇസ്ഹാഖിന്റെ പേരുമാണ് നിർദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാന ഘടകം പി.കെ ശശിയെ ഷൊർണൂരിലേക്കും സുബൈദ ഇസ്ഹാഖിനെ ഒറ്റപ്പാലത്തേക്കും മാറ്റി നിർദേശിക്കുകയാണ് ചെയ്തത്. ഷൊർണൂരിലേക്ക് പരിഗണിച്ചിരുന്ന പി.കെ സുധാകരന്, കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സീറ്റ് വനിതക്കു നൽകണമെന്ന നിർദേശമാണ് സീറ്റ് ലഭിക്കാതിരിക്കാൻ കാരണമായത്. (കഴിഞ്ഞ തവണ കെ സലീഗയ്ക്കാണു സീറ്റ് നൽകിയത്്) വനിതക്ക് സീറ്റു നൽകുന്നു എന്നതിന്റെ പേരിലാണ് ഷൊർണൂരിൽ പി.കെ സുധാകരന് സീറ്റ് നിഷേധിച്ചത്.

എന്നാൽ ഒറ്റപ്പാലത്തേക്കു പരിഗണിച്ചിരുന്ന പി.കെ ശശിയെ ഷൊർണൂരിലേക്കും ഷോർണൂരിൽ പരിഗണിച്ച സുബൈദയെ ഒറ്റപ്പാലത്തേക്കും മാറ്റിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതോടെ പി.കെ സുധാകരന് മനഃപൂർവ്വം സീറ്റ് നിഷേധിക്കുകയാണ് എന്ന ആരോപണം ഉയർന്നു. എന്നാൽ ഒറ്റപ്പാലത്തു വീണ്ടും കാര്യങ്ങൾ മാറി മറിഞ്ഞു . എതിർപ്പ് കാരണം സുബൈദ ഇസ്ഹാഖിനെ പിൻവലിച്ച് മുൻ ജില്ലാ സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചതാണ് കൂടുതൽ എതിർപ്പിന് കാരണമായത്. ഒരു കാരണവശാലും ഒറ്റപ്പാലം സീറ്റ് വീണ്ടും ഹംസക്ക് നൽകില്ലെന്ന സന്ദേശമാണ് പാർട്ടി നൽകിയത്. ഹംസയെ അനുകൂലിക്കുന്ന പി.ഉണ്ണിയെ സ്ഥാനാർത്ഥിയാക്കുന്നത് എതിർപ്പ് കുറക്കുമെന്നാണ് കരുതിയതെങ്കിലും പ്രതിസന്ധി രൂക്ഷമാവുകയാണ് ചെയ്തത്.

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വനിതയായ വി.പി .റജീനയെ തൃത്താലയിൽ പരിഗണിച്ചതു കൊണ്ടാണ് ന്യൂനപക്ഷ വനിതയായ സുബൈദയെ ഒറ്റപ്പാലത്തുനിന്ന് പിൻവലിച്ചതെന്ന് സി പി എം ജില്ലാ കമ്മിറ്റിയംഗം മറുനാടൻ മലയാളിയോട് പറഞ്ഞു. ചിലർ നിന്നാൽ മാത്രമേ ജയിക്കൂ എന്ന രീതിയിൽ പാർട്ടിയിലെ ആരും പ്രചരണം നടത്തുന്നില്ലെന്നും ചില തൽപ്പരകക്ഷികളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മലബാർ സിമന്റ്‌സ് അഴിമതി കേസിൽ പ്രതിസ്ഥാനത്തുള്ള പി ഉണ്ണിയെ സ്ഥാനാർത്ഥിയാക്കിയത് എന്തിനെന്ന ചോദ്യമാണ് ഒരു പോസ്റ്ററിൽ ഉള്ളത്. മലബാർ സിമന്റ്‌സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാക്യഷ്ണന്റെ കൂട്ടാളിയുമായ പി.കെ ശശി നടന്ന വഴിയിൽ കമ്യൂണിസ്റ്റ് പച്ച പോലും തൊടില്ലെന്നും പോസ്റ്ററിലുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ഘട്ടത്തിൽ പോലും കടന്നു വരാത്ത പി. ഉണ്ണിയെ ഒറ്റപ്പാലത്തു താമസിച്ചു എന്നതിന്റെ പേരിൽ പരിഗണിച്ചു എന്നും ആക്ഷേപമുയർത്തുന്നുണ്ട് .

അതേ സമയം പി.ഉണ്ണിയുടെ പേരുമായി മുന്നോട്ടു പോയാൽ അതിനെതിരെ പ്രകടനം നടത്താനും ഒരു വിഭാഗം ഒരുങ്ങുന്നുണ്ട്. ഉറച്ച സീറ്റായ ഒറ്റപ്പാലത്ത് ഇങ്ങനെ പോയാൽ അട്ടിമറി നടന്നേക്കുമെന്നും വി.പി റജീനയെ നിശ്ചയിച്ചതു വഴി തൃത്താലയിൽ ഇപ്പോഴേ തോറ്റു എന്നുമാണ് ഇവരുടെ വാദം.