കണ്ണൂർ: റഷ്യയിൽ ഹിറ്റ്ലറുടെ മുന്നേറ്റം തടയാൻ ചെമ്പടയുണ്ടായിരുന്നില്ലെങ്കിൽ ലോകചരിത്രം മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. സി.പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ചുകൊണ്ടു പൊതുസമ്മേളന നഗരിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചടിയേറ്റെന്നു കരുതി ഒരിക്കലും സോഷ്യലിസം ഇല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർക്‌സിസം,ലെനിനിസം എന്നും ശരിയായി ഉയർത്തിപ്പിടിച്ച പാർട്ടിയാണ് സി.പി. എമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലും ത്രിപുരയിലും പാർട്ടി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോലീബി ആക്രമണമാണ് ഇടതു പക്ഷത്തിനു നേരെ നടക്കുന്നതെന്നും നാടിനു വേണ്ടി ശബ്ദമുയത്തുന്നത് സിപിഎം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനവികാരത്തിന് എതിരെ നിൽക്കുന്നവർ ശോഷിച്ച് പോകുമെന്ന് മുൻഅനുഭവങ്ങളിൽ തെളിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീനചൂടിലും വിപ്ളാവേശം ഇരമ്പിയാർത്ത മുദ്രാവാക്യം വിളികൾ മുഖരിതമായ അന്തരീക്ഷത്തിലാണ് സി.പി. എം പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളനവേദിയിൽ കൊടിയുയയർന്നത്. നാടിന്റെ വിവിധമേഖലകളിൽ നിന്നും ചൊങ്കൊടിയെന്തിയ ആയിരക്കണക്കിന് പ്രവർത്തകരാണ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത്. നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻതുടങ്ങിയവർ കൊടിയുയർത്തൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സകുടുംബമാണെത്തിയത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, കോടിയേരിയുടെ ഭാര്യവിനോദിനി തുടങ്ങി നേതാക്കളുടെ മക്കളും പേരമക്കളുമടക്കം വലിയൊരുവിഭാഗമാളുകൾ കൊടിയുയർത്തിലിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിമുതൽ കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ ചുവപ്പുവളൻഡിയർമാർ അണിനിരന്നു.

സി.പി. എം ജില്ലാകമ്മിറ്റിയുടെ ബാൻഡ് വാദ്യവുമുണ്ടായിരുന്നു.സ്റ്റേഡിയത്തിന് ചുറ്റും ചുവപ്പൻ പതാകകൾ പാറിക്കളിച്ച അന്തരീക്ഷത്തിൽ പാർട്ടി കോൺഗ്രസിന്റെ ലോഗോയണിഞ്ഞ ടീഷർട്ടണിഞ്ഞാണ് യുവാക്കളെത്തിയത്. രാത്രി ഏഴുമണിയോടെയാണ് കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി നയിച്ച കൊടിമരജാഥയെത്തിയത്.

ബാൻഡ് മേളത്തോടെയും മുദ്രാവാക്യങ്ങളോടെയും കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽ നിന്നെത്തിയ കൂറ്റൻകൊടിമരം ചുവപ്പുവളൻഡിയർമാർ പൊതുസമ്മേളന വേദിയുടെ മുൻപിൽ സ്ഥാപിച്ചു. കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയാണ് കൊടിമരം ഏറ്റുവാങ്ങിയത്. ഇതിനു തൊട്ടുപുറകെ പുന്നപ്രവയലാർ രക്തസാക്ഷികളുടെ മണ്ണിൽ നിന്നും എ.സ്വരാജ് നയിച്ച പതാക ജാഥയുമെത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മുഖ്യമന്ത്രിയാണ് കൊടിമരത്തിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പതാക ഉയർത്തിയത്. ഇതിനു ശേഷം വളൻഡിയർ സല്യൂട്ടും 23തവണ കതിനാവെടിയും മുഴങ്ങി.മുദ്രാവാക്യം വിളികൾക്കു ശേഷം മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ വൻ വെടിക്കെട്ടും നടന്നു.