- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ്.രാമചന്ദ്രൻ പിള്ള പിബിയിൽ നിന്നും പടിയിറങ്ങുന്നു; സ്നേഹത്തോടെ ചേർത്തുപിടിച്ച് യെച്ചൂരി; എസ്ആർപി പ്രത്യേക ക്ഷണിതാവായി തുടരും; പകരം എ.വിജയരാഘവന് സാധ്യത എങ്കിലും വനിതാപ്രാതിനിധ്യത്തിന് തീരുമാനിച്ചാൽ മൂന്നുപേർ കളത്തിൽ

കണ്ണൂർ: സി.പി. എം നേതൃപദവിയിൽ നിന്നും പടിയിറങ്ങുന്ന എസ്. രാമചന്ദ്രൻപിള്ളയെന്ന എസ്. ആർ.പിയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പൊളിറ്റ്ബ്യൂറോയിലെ തലമുതിർന്ന അംഗമായ എസ്. ആർ.പിയോടുള്ള ആദരവ് കൂടിയായി കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ തുടക്കം.
നേരത്തെ യെച്ചൂരി നായനാർ അക്കാദമിക്കു മുൻപിൽ സജ്ജമാക്കിയ പ്രത്യേകനഗരിയിൽ പതാകയുയർത്തുമെന്ന് പോഗ്രാം ഷീറ്റിലുണ്ടായിരുന്നുവെങ്കിലും ഇത്തവണ പി.ബിയിൽ നിന്നും ഒഴിവാകുന്ന എസ്. ആർ.പി തന്നെ പതാക ഉയർത്തിയാൽ മതിയെന്ന യെച്ചൂരിയുടെ നിർദ്ദേശം മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നു.
പവലിയനിൽ നിന്നും എസ്. ആർ.പിയെ യെച്ചൂരി തന്നെ ആനയിച്ചാണ് കൊടിമരത്തിനടുത്തേക്ക് എത്തിച്ചത്. തുടർന്ന് തന്റെ തനതു ശൈലിയിൽ എസ്. ആർ.പിയുടെ കാച്ചിക്കുറുക്കിയുള്ള പ്രസംഗം. രാജ്യത്ത് ഇടതുപക്ഷത്തിന് പ്രസക്തി കൂടിവരികയാണെന്നും വർഗീയതയ്ക്കെതിരെ പോരാടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും എസ്. ആർ. പി പറഞ്ഞു.
പ്രായപരിധി 75 കഴിഞ്ഞതിനാൽ ഇക്കുറി താൻ പിബിയിലുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം എസ്. ആർ.പി പറഞ്ഞിരുന്നു. എന്നാൽ പ്രത്യേകക്ഷണിതാവായി അദ്ദേഹം പിബിയിൽ തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ് പിന്നിട്ടുവെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയെന്ന പരിഗണന വെച്ചു ഇക്കുറിയും പി.ബിയിൽ ഉൾപ്പെടുത്തും. എസ്. ആർ.പിക്ക് പകരം കേരളത്തിൽ നിന്ന് എൽ.ഡി. എഫ് കൺവീനർ എ.വിജയരാഘവനാണ് സാധ്യത. വനിതാ അംഗ പ്രാതിനിധ്യം പി.ബിയിൽ വർധിപ്പിക്കാൻ തീരുമാനിച്ചാൽ പികെ ശ്രീമതി, എം.സി ജോസഫൈൻ, കെ.കെ ശൈലജ എന്നിവരിൽ ആരെങ്കിലുമൊരാൾ ഇത്തവണ പിബിയിലെത്തും.


