കണ്ണൂർ: ദേശീയ സെമിനാറിൽ നിന്നും വിട്ടു നിന്ന കോൺഗ്രസ് നിലപാട് മതനിരപേക്ഷതയുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മതനിരപേക്ഷത നേരിടുന്ന വെല്ലുവിളിയെന്ന വിഷയത്തിൽ കണ്ണൂർ ടൗൺസ്‌ക്വയറിലെ സി. എച്ച് കണാരൻ നഗറിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സെമിനാറിൽ കോൺഗ്രസ് എംപി ശശിതരൂർ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഈ വിഷയത്തിൽ ദേശീയപാർട്ടിയായ കോൺഗ്രസ് വിട്ടു നിൽക്കുന്നത് പ്രയാസമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ സെമിനാറിൽ പങ്കെടുക്കാത്തതിൽ ദുഃഖമുണ്ടെന്ന് പറഞ്ഞത് ഞാൻ വായിച്ചു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസമില്ല.

കേരളത്തിലെ ചെലവിഷയങ്ങളിൽ മാത്രമാണ് ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസമുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത സംരക്ഷിക്കണമെന്ന നിലപാടാണ് ഇരുപാർട്ടികൾക്കുമുള്ളതെന്നിരിക്കെ എന്താണ് കോൺഗ്രസ് സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നതിലെ സാംഗത്യമെന്ന് മനസിലാവുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്തെ മതനിരപേക്ഷത ആപത്തിലാണ്. മതം,ജാതി,പ്രദേശം എന്നിവയ്ക്കതീതമായി മതനിരപേക്ഷതയാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ ഇന്ത്യവ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾ ഈ ആശയത്തെ വികലമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപി ആർ. എസ്. എസിന്റെ ഹിന്ദുത്വ ആശയമാണ് നടപ്പിലാക്കുന്നത്. ഹിന്ദുരാഷ്ട്രമായി മാറണമെന്നാണ് അവർ പറയുന്നത്. ഭൂരിപക്ഷ മതം ഇന്ത്യൻ മതനിരപേക്ഷതയ്ക്കു മുകളിൽ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ചടങ്ങിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ അധ്യക്ഷനായി. സി. പി. ഐ അഖിലേന്ത്യാസെക്രട്ടറി ഡി.രാജ മുഖ്യാതിഥിയായി. മന്ത്രി എം.വി ഗോവിന്ദൻ, എം,വി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ടി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.