- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സെമിനാർ ബഹിഷ്കരിച്ചത് കോൺഗ്രസിനെ തിരിച്ചറിയാൻ സഹായകരമായി; സി.പി. എം വിരുദ്ധതയാലും ബിജെപി വിധേയത്വത്താലും കോൺഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

കണ്ണൂർ:സി.പി. എം വിരുദ്ധതയാലും ബിജെപി വിധേയത്വത്താലും കോൺഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. മതനിരപേക്ഷതയും ഫെഡറലിസവും ചർച്ച ചെയ്യുന്നിടത്ത് സ്വന്തം അഭിപ്രായം പറയാൻ പോലും പറ്റാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും പി.രാജീവ്് കണ്ണൂരിൽ പറഞ്ഞു.
പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസിനും ശശി തരൂരിനും വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിലാണ് രാജീവിന്റെ വിമർശനം.2015ൽ ആലപ്പുഴയിൽ നടന്ന സിപി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്ന കാര്യവും പി.രാജീവ് ഓർമിപ്പിച്ചു.
വിഷയവും കാലവും കൂടി ശ്രദ്ധിക്കാം. കേരള വികസനമാണ് ചർച്ചാ വിഷയം, ദേശീയ രാഷ്ട്രീയമല്ല. 2015 ഫെബ്രുവരി 15 എന്ന തീയതി സൂചിപ്പിക്കുന്നത് ഒരു വർഷം കഴിഞ്ഞാൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നതാണ്. ഒന്നു കൂടി ലളിതമായി പറഞ്ഞാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാർട്ടി സംസ്ഥാന സമ്മേളനത്തിലെ സെമിനാർ പ്രകടന പത്രികയുടെ ഭാഗമാകുന്ന വികസന കാഴ്ചപ്പാടിന് രൂപം നൽകാനുള്ളത് കൂടിയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലും രമേശ് ചെന്നിത്തല അതിൽ പങ്കെടുത്തു. അതിനു മുമ്പും കോൺഗ്രസ് നേതാക്കൾ സെമിനാറുകളിൽ പങ്കെടുക്കുണ്ടായിരുന്നു.
എന്നാൽ, കണ്ണൂരിലെ പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ചത് മതനിരപേക്ഷതയെ പറ്റി ചർച്ച ചെയ്യുന്നതിനാണ്. മുൻ കേന്ദ്ര മന്ത്രിയായ കെ വി തോമസിനെ ക്ഷണിച്ചത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിലേക്കാണ്. ഇന്ത്യയെന്ന പരമാധികാര റിപ്പബ്ലിക്കിനു തന്നെ ഭീഷണിയായി മാറിയ ബിജെപിയുടെ വർഗ്ഗീയതയും ഫെഡറലിസത്തിനു നേരേയുള്ള കടന്നാക്രമണങ്ങളിലും കോൺഗ്രസ്സിന്റെ അഭിപ്രായം കൂടി പറയാനുള്ള സന്ദർഭം വേണ്ടെന്ന് വെയ്ക്കാൻ എങ്ങനെ കോൺഗ്രസ്സിനു കഴിഞ്ഞു?.
ആലപ്പുഴയിലേതുപോലെ ഒരു സംസ്ഥാന വിഷയമല്ല കണ്ണൂരിൽ ചർച്ച ചെയ്യുന്നത്. പാർട്ടിയുടെ സംസ്ഥാന സമ്മേളനവുമല്ല കണ്ണൂരിൽ നടക്കുന്നത്. എന്നിട്ടും കോൺഗ്രസ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് മാത്രമാണ്കേരളത്തിൽ ബിജെപിയല്ല സിപിഐ എമ്മാണ് മുഖ്യ ശത്രു എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഇന്ന് കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുന്നത്. അതു കൊണ്ട് ഈ തീരുമാനത്തിൽ അത്ഭുതമില്ല. പക്ഷേ, അതിന് അംഗീകാരം നൽകിയ ഹൈക്കമാണ്ടിന്റെ ന്യായം എന്താണ്?. സിപിഐ എം സംഘടിപ്പിക്കുന്ന വേദിയിൽ ഡിഎംകെ ക്ക് ഒപ്പം മതനിരപേക്ഷതയും ഫെഡറിലസവും ചർച്ച ചെയ്യുന്നവരെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കുമെന്ന് പ്രഖ്യാപിക്കുന്ന നേതൃത്വമുള്ള പാർട്ടി സംരക്ഷിക്കുന്നത് ബിജെപിയുടെ താൽപര്യം മാത്രമാണ്. എന്തായാലും കോൺഗ്രസ്സിനെ തിരിച്ചറിയുന്നതിന് ഇത് സഹായകരമായെന്നും രാജീവ് കുറ്റപ്പെടുത്തി.


