- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ നേരിടാൻ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം; രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുകയാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം ചെയ്യുന്നത് എന്നും ഡി.രാജ

കണ്ണൂർ: ഇടതുപക്ഷ- മതേതര ശക്തികളുടെ ഐക്യത്തിലൂടെ മാത്രമേ രാജ്യത്ത് ആർ.എസ്.എസിനെയും സംഘപരിവാറിനേയും പ്രതിരോധിക്കാൻ കഴിയൂവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. സി.പി. എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ ടൗൺ സ്‌ക്വയറിലെ സി എച്ച് കണാരൻ നഗറിൽ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചു കൊണ്ടു മാത്രമേ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാൻ കഴിയൂ. മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുകയാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം ചെയ്യുന്നത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് ലക്ഷ്യം. പഴയ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് നാടിനെ മടക്കിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. ഹിന്ദുക്കളെത്തന്നെ ബ്രാഹ്മണനെന്നും ദളിതനെന്നുമെല്ലാം വേർതിരിച്ച് ഭിന്നിപ്പിക്കുന്നു. എന്ത് ഭക്ഷിക്കണമെന്നും എന്ത് ധരിക്കണമെന്നും എന്ത് പഠിക്കണമെന്നും എങ്ങിനെ പെരുമാറണമെന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം സംഘപരിവാറും ആർ എസ് എസും ഏറ്റെടുക്കുകയാണെന്നും രാജ കുറ്റപ്പെടുത്തി.
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു ബിജെപി മന്ത്രിയെ തിരുത്താൻ പ്രധാനമന്ത്രി മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ തയ്യാറായില്ലെന്നത് അവരുടെ മനസ്സിലിരിപ്പാണ് വ്യക്തമാക്കുന്നത്. 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച കാലത്ത് തന്നെയാണ് ആർ എസ് എസ്സും രൂപീകരിച്ചത്. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ സജീവമായി പങ്കെടുത്തപ്പോൾ അ എസ് എസ്സുകാർ മൗനം പാലിക്കുകയായിരുന്നു. അതേ ആർ എസ് എസ്സുകാരാണ് ഇന്ന് നാടിന്റെ ചരിത്രം തന്നെ തങ്ങൾക്ക് അനുകൂലമായി തിരുത്തിയെഴുതാൻ ശ്രമിക്കുന്നത്.
ജാതി-മത സ്പർധയും പഴയ ആചാരങ്ങളുമെല്ലാം തിരികെ കൊണ്ടുവരാനാണ് നീക്കം. മുഖ്യ പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺഗ്രസാവട്ടെ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.മതേതരത്വം എന്നത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഒന്നാണെന്നാണ് ആർ എസ് എസ് വാദം. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബറി മസ്ജിദിന്റെ തകർച്ചയെന്ന് നമ്മുടെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ലോകസഭയിൽ പറഞ്ഞത് നാം ഓർക്കണം. കോൺഗ്രസ് ഇനിയെങ്കിലും അവരുടെ സാമ്പത്തിക നയങ്ങളെല്ലാം പുനപരിശോധിക്കണം. സംഘപരിവാർ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന് മതേതര ജനാധിപത്യ ശക്തികളുടെ സഖ്യം അനിവാര്യമാണെന്നും ഡി രാജ കൂട്ടിച്ചേർത്തു


