- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി 'കൈ' പിടിക്കില്ല; കോൺഗ്രസുമായി ദേശീയസഖ്യമില്ല; ബംഗാൾ ഘടകത്തെ തള്ളി ശരിവച്ചത് കേരള ഘടകത്തിന്റെ നിലപാട്; രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകാരം; മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും

കണ്ണൂർ: കോൺഗ്രസുമായി സിപിഎമ്മിന് ദേശീയ സഖ്യമില്ല. പാർട്ടിയുടെ രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. അതേസമയം മതനിരപേക്ഷ ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് സീതാറാം യെച്ചുരിയുടെ മറുപടി പ്രസംഗം അവസാനിച്ചത്.
രാഷ്ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ ബിജെപിയെ പരായപ്പെടുത്തുക, ഒറ്റപ്പെടുത്തുക ഇതാണ് മുഖ്യ ലക്ഷ്യമെന്നും സിപി എം ശക്തിപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കരടുപ്രമേയ ചർച്ചയിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യത്തെ കേരളത്തിൽ നിന്നുള്ള പി.രാജീവടക്കമുള്ള സമ്മേളന പ്രതിനിധികൾ അതിശക്തമായി എതിർത്തിരുന്നു. ബംഗാൾ, ത്രിപുര സംസ്ഥാന പ്രതിനിധികൾ കോൺഗ്രസിനോട് തെരഞ്ഞെടുപ്പ് ധാരണയാവാമെന്ന മൃദുസമീപനം പുലർത്തിയിരുന്നുവെങ്കിലും കേരളഘടകം നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. അന്നന്ന് ക്ഷയിച്ചുവരുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ദേശീയ തലത്തിൽ ഇനിയൊന്നും ചെയ്യാൻ കോൺഗ്രസിനാവില്ലെന്നും ഇവർ വാദിച്ചു. ഇതോടെ സീതാറാം യെച്ചൂരിക്ക് നേരത്തെ സ്വീകരിച്ച കോൺഗ്രസ് അനുകൂല അടവ് നയം തിരുത്തേണ്ടിവന്നു.
ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കണം എന്നാണ് പാർട്ടി നിലപാട്. ഇതിനായി ഇടതുമുന്നണി വിപുലീകരിക്കണമെന്നും സ്വയം ശക്തിപ്പെടണമെന്നുമാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ പറയുന്നത്. ബംഗാളിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയെങ്കിലും കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് സഖ്യങ്ങൾ സംബന്ധിച്ച രാഷ്ട്രീയ ലൈനിൽ മാറ്റം വരുത്താൻ പാർട്ടി തീരുമാനിച്ചത്. ബംഗാളിലും അസമിലും സിപിഎം പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയിരുന്നു. പ്രാദേശികതലത്തിൽ പാർട്ടികളുമായി സഖ്യം തിരഞ്ഞെടുപ്പിനു മുൻപായി രൂപീകരിക്കാനും അതോടൊപ്പം സ്വയം ശക്തിപ്പെടാനുമാണ് പാർട്ടി കോൺഗ്രസിലെ തീരുമാനം.
ദേശീയതലത്തിലെ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകണോ എന്ന് കോൺഗ്രസ് നേതൃത്വമാണ് നിലപാട് എടുക്കേണ്ടതെന്ന് സിപിഎം നേതൃത്വം പറയുന്നു. ഇതിനായി അങ്ങോട്ടുപോയി ക്ഷണിക്കേണ്ട കാര്യമില്ലെന്നും നിലപാടുകളിലൂടെയാണ് കോൺഗ്രസ് അത് വെളിപ്പെടുത്തേണ്ടതെന്നും നേതൃത്വം പറയുന്നു. പാർട്ടി തീരുമാനം കേരള ഘടകത്തിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്. കോൺഗ്രസുമായി സഖ്യം വേണമെന്ന് ബംഗാൾ ഘടകം നിലപാടെടുത്തപ്പോൾ സഖ്യം വേണ്ടെന്ന നിലപാടാണ് കേരളഘടകം സ്വീകരിച്ചത്.
ഇന്ധന വിലക്കയറ്റമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും പാർട്ടി കോൺഗ്രസ് പ്രമേയം അംഗീകരിച്ചു. പെട്രോളിനും ഡീസലിനും മേലുള്ള സെസുകൾ പിൻവലിക്കണം. സാമ്പത്തിക വരുമാനം കൂട്ടാൻ സമ്പന്നന്മാരിൽ നികുതി ചുമത്തണമെന്നും നികുതി കുറച്ച് പെട്രോൾ-ഡീസൽ വില നിയന്ത്രിക്കണമെന്നും യെച്ചൂരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹിന്ദുത്വ അജണ്ടയെ നേരിടാൻ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് തന്നെ വേണം. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്നതെന്നുമാണ് പാർട്ടി ഔദ്യോഗിക നിലപാട്.


