- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാർ അജണ്ട; ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: വ്യത്യസ്ത ഭാഷയും സംസ്‌കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ്യത്യസ്ത ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കേന്ദ്ര,സംസ്ഥാനബന്ധങ്ങളെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാർ അജണ്ടയാണ്. ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക് മാറ്റാമെന്നും അവർ കരുതുന്നു. ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത്. ദേശീയ ഭാഷാ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നത്. എന്നാൽ അത് അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. ഭാഷ ജീവന്റെ സ്പന്ദനം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നേരത്തെ ശക്തമായ കേന്ദ്രം, ശക്തമായ സംസ്ഥാനം എന്നായിരുന്നു രാജ്യം ഭരിച്ചിരുന്ന നയമെങ്കിലും കഴിഞ്ഞ ഏഴുവർഷമായി ബിജെപി സർക്കാർ അതു അട്ടിമറിച്ചിരിക്കുകയാണ്. ഒരേ നികുതി, ഒരുതെരഞ്ഞെടുപ്പ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. ഇതു സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിനാണ. കേന്ദ്രപ്ളാനിങ് ബോർഡ് പിരിച്ചുവിട്ട്നീതി ആയോഗ് സംവിധാനം നിലവിൽ വരുത്തി. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് വികസനത്തിനുള്ള ഫണ്ട് അനുവദിക്കാതെയായി.
ജി. എസ്.ടി നഷ്ടപരിഹാര തുക കോടതിയിലെത്തിയപ്പോഴാണ് അനുവദിക്കാൻ തയ്യാറായത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശം കവർന്നെടുത്തു.2015ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് റെയിൽവേ വികസനത്തിനായി സംയുക്തമായി പ്രവർത്തിക്കാമെന്നു പറഞ്ഞാണ് റെയിൽകോർപറേഷനുണ്ടാക്കിയത്. 2016ൽ ഇതിനായുള്ള കരാറും സംസ്ഥാനസർക്കാരുമായി ഒപ്പിട്ടു. എന്നാൽ ഇപ്പോൾ കേരളം നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രറെയിൽവേ മന്ത്രാലയം വിലങ്ങുതടിയായി നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിനാറിൽ സി.പി. എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി.


