കണ്ണൂർ: കേന്ദ്രത്തിൽ ഭരണമേധാവിത്വം പുലർത്തുന്ന ബിജെപിയെ ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് പാർട്ടിയെ സജ്ജമാക്കുകയാണ് പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്ന് സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂരിൽ പാർട്ടി പരിപാടിയെ കുറിച്ചു വിശദീകരിക്കുന്നിനായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിട്ടുവീഴ്ചയില്ലാതെ സംഘപരിവാറിനെ ചെറുത്തേ സി.പി. എമ്മിന് മുന്നോട്ടുപോകാനാകൂ. കേരളത്തിൽ സംഘപരിവാറിനെ ചെറുക്കാനാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായി സംഘപരിവാറിനെ നേരിടാനാകുന്ന സംഘടനാശേഷി ഉയർത്തണം. പല പാർട്ടികളും സംഘപരിവാറിനെ ചെറുക്കുന്ന കാര്യത്തിൽ ആടിക്കളിക്കുകയാണ്.

ഇതിൽനിന്ന് വ്യത്യസ്തമായി ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സി.പി. എം ലക്ഷ്യമിടുന്നത്. എന്നാൽ ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സഖ്യത്തിൽ തൃണമൂൽ കോൺഗ്രസിനെ കൂട്ടില്ലെന്നും ജനാധിപത്യധ്വംസനമാണ് അവർ ബംഗാളിൽ അധികാരത്തിൽ വന്നതിനു ശേഷം സി.പി. എം പ്രവർത്തകരെ വേട്ടയാടുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷമുള്ള സിപി എമ്മിന്റെ സംഘടനാപരമായ പ്രവർത്തനങ്ങൾ സ്വയംവിമർശനപരമായി വിലയിരുത്തുന്ന റിപ്പോർട്ടാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തിയത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതിൽ വീഴ്ചവന്നിട്ടുണ്ട്. കോവിഡ് അടച്ചിടലും നിയന്ത്രണങ്ങളും ഇതിന് കാരണമായെന്നും കാരാട്ട് പറഞ്ഞു.കേരളത്തിലൊഴികെ മറ്റിടങ്ങളിൽ അംഗത്വം കുറഞ്ഞിട്ടുണ്ട്. ഇതു കോവിഡ് കാലമായതിനാൽപുതുക്കാൻ കഴിയാഞ്ഞതാണെന്ന് കാരാട്ട് പറഞ്ഞു.