കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസിന്റെ സമാപനത്തിനോടനുബന്ധിച്ച് കണ്ണൂരിൽ നാളെ വൈകുന്നേരം നടക്കുന്ന റെഡ് വോളണ്ടിയർ മാർച്ചിലും ബഹുജന റാലിയിലും പങ്കെടുക്കുന്ന റെഡ് വോളണ്ടിയർമാരെയും ബഹുജനങ്ങളെയും വഹിച്ചെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ്ങ് ക്രമീകരണം ഏർപ്പെടുത്തിയതായി സംഘാടക സമിതി അറിയിച്ചു.

വോളണ്ടിയർ പരേഡിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന വോളണ്ടിയർയമാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഉച്ചയ്ക്ക് ശേഷം 2.30ന് തന്നെ കണ്ണൂർ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള റോഡിൽ എത്തിച്ചേരണം. അതിന് ശേഷം പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കാത്ത വിധത്തിലാണ് ക്രമീകരണമൊരുക്കിയിട്ടുള്ളത്.

വോളണ്ടിയർമാരെ കയറ്റി വരുന്ന വാഹനങ്ങൾ പ്രവേശിക്കുകയും വോളണ്ടിയർയമാരെ വാഹനത്തിൽ നിന്ന് ഇറക്കി ഈ വാഹനങ്ങൾ മിലിട്ടറി ഹോസ്പിറ്റൽ മുതൽ ഗേൾസ് ഹൈസ്‌കൂൾ വരെയുള്ള പ്രദേശത്തും, മസ്‌കോട്ട് റോഡിലും പാർക്ക് ചെയ്യേണ്ടതാണ്. പൊതുസമ്മേളനം കഴിഞ്ഞതിന് ശേഷം വളണ്ടിയർമാരെ തിരിച്ചെടുക്കുന്നതിനായി മാത്രമെ ഈ വാഹനങ്ങൾ സ്റ്റേഡിയം പരിസരത്ത് എത്തേണ്ടതുള്ളൂ.

റാലിയിൽ എത്തിച്ചേരുന്ന ബഹുജനങ്ങളുമായി വരുന്ന വാഹനങ്ങൾ താഴെ പറയും പ്രകാരമാണ് ബഹുജനങ്ങളെ ഇറക്കേണ്ടത്.

വടക്ക് നിന്നും വരുന്ന വാഹനങ്ങൾ - എ.കെ.ജി ആശുപത്രിക്ക് മുൻവശം
അലവിൽ വഴി വരുന്ന വാഹനങ്ങൾ - എസ് എൻ പാർക്കിന് സമീപം
തെക്ക് നിന്നും വരുന്ന വാഹനങ്ങൾ - താണ

ഈ വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കാൻ പാടുള്ളതല്ല. പാർക്ക് ചെയ്യാൻ പറ്റുന്ന ടൗണിൽ നിന്ന് അകലെയുള്ള വിവിധ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. പൊതുസമ്മേളനത്തിന് ശേഷം ബഹുജനങ്ങളെ തിരിച്ചെടുക്കുന്നതിനായി മാത്രമെ ഈ വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കാം. ബഹുജനങ്ങൾ ഓരോ വാഹനത്തിൽ നിന്നും ഇറങ്ങിയാൽ ഉടൻ സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തിച്ചേരണം. കേന്ദ്രീകരിച്ച പ്രകടനമില്ല. സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവേശിക്കാതെ വളണ്ടിയർ പരേഡ് കാണാനായി റോഡരികിൽ കാത്തിരുന്നാൽ പിന്നീട് പൊതുസമ്മേളനം നടക്കുന്ന സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവേശിക്കാൻ കഴിയില്ലെന്നും സംഘാടക സമിതി അറിയിച്ചു.