ഹൈദരബാദ്: 22 ാമത് പാർട്ടി കോൺഗ്രസിൽ, കോൺഗ്രസ് ബന്ധത്തിൽ, തങ്ങളുടെ നിലപാടിൽ ഉറച്ച് സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും.യെച്ചൂരിയുടെ നിലപാട് പാർട്ടി തള്ളി എന്ന സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസുമായി ഒരു വിധത്തിലുള്ള രാഷ്ട്രീയ ധാരണയും സാദ്ധ്യമല്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. തിരഞ്ഞെടുപ്പ് അടവ് നയവും രാഷ്ട്രീയ അടവ് നയവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭുക്കന്മാരുടെ പാർട്ടിയാണെന്നും തിരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപിയെ പരാജയപ്പെടുത്താനുള്ള നിലപാട് പാർട്ടി കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്ത കേന്ദ്രക്കമ്മിറ്റി വോട്ടിനിട്ട് അംഗീകരിച്ചതാണ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് രേഖയെന്ന് ആമുഖപ്രസംഗത്തിൽ കാരാട്ട് വിശദീകരിച്ചു. കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണിത്. എന്നാൽ, അന്ന് എതിർപ്പ് രേഖപ്പെടുത്തിയ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാത്രമാണ് യെച്ചൂരി അവതരിപ്പിക്കുന്നതെന്നും കാരാട്ട് പറഞ്ഞു

രാഷ്ട്രീയനയവും അടവ്നയവും വ്യത്യസ്തമാണെന്ന് പറഞ്ഞ കാരാട്ട്, കോൺഗ്രസുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പിലെ അടവ് നയം അതാത് സമയത്തെ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസൃതമായി സ്വീകരിക്കേണ്ടതാണ്. ബിജെപിക്കെതിരെ പോരാടാൻ നിരവധി വഴികളുണ്ട്. അവരെ തോൽപ്പിക്കാനുള്ള വഴികൾ സ്വീകരിക്കുകയും വേണം.

സീതാറാം യെച്ചൂരി അവതരിപ്പിച്ചത് ബദൽരേഖയല്ല, പാർട്ടിയിലെ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാത്രമാണെന്നും പ്രകാശ് കാരാട്ട് പിന്നാട് മാധ്യമ പ്രവർത്തകരോട്് വ്യക്തമാക്കി. അതേസമയം, ബദൽരേഖയായി തന്നെയാണ് യെച്ചൂരി പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്തതെന്നാണ് അറിയുന്നത്.താൻ കോൺഗ്രസ് അനുകൂലിയല്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കണം.ധാരണ പോലും വേണ്ടെന്ന എഴുതി വയ്ക്കുന്നതിൽ തെറ്റില്ല.അടവുനയമെന്ന് എഴുതി വച്ചാൽ പിന്നീട് പിന്നോട്ട് പോകാൻ കഴിയില്ല. വാതിൽ പൂർണമായി അടയ്ക്കരുതെന്നും സാധ്യതകൾ തുറന്നു വയ്ക്കണമെന്നുമാണ് യെച്ചൂരിയുടെ ബദൽ രേഖയുടെ കാതൽ.

അതേസമയം, യെച്ചൂരിയുടേത് ബദൽരേഖയല്ലെന്നും ന്യൂനപക്ഷ നിലപാടാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ അറിയിച്ചു.