ഹൈദരാബാദ് :ബിജെപി.യെ അധികാരത്തിൽനിന്നു താഴെയിറക്കാനുള്ള വിശാല രാഷ്ട്രീയചേരിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎം. പാർട്ടി കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള ചർച്ച. പൊതുചർച്ചയിൽ വോട്ടെടുപ്പ് ആവശ്യവുമുയർന്നതോടെ പാർട്ടി കോൺഗ്രസ് ആവേശത്തിലേക്ക് കടക്കുന്നു. ബംഗാൾ ഘടകം യെച്ചൂരിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നു. കേരളം പ്രകാശ് കാരാട്ടിനൊപ്പവും. അതുകൊണ്ട് തന്നെ ത്രിപുരയടക്കമുള്ള ചെറു സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമാകും. ഈ വോട്ട് പിടിക്കാൻ യെച്ചൂരി രംഗത്തിറക്കിയിരിക്കുന്നത് സാക്ഷാൽ വി എസ് അച്യുതാനന്ദനെയാണ്. വിഎസിന് രാജ്യമെങ്ങുമുള്ള സിപിഎമ്മുകാരിൽ സ്വാധീനമുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

അതിനിടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. വിജയസാധ്യത മുന്നിൽ കണ്ടുകൊണ്ടാണു പാർട്ടിയിൽ പരമാധികാരം പാർട്ടി കോൺഗ്രസിനാണെന്ന് യെച്ചൂരി ആവർത്തിക്കുന്നത്. കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളിയ ന്യൂനപക്ഷ രേഖ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷ രേഖയായി രൂപപ്പെടുമോ എന്ന ആശങ്കയിലാണു കേരളഘടകത്തിന്റെ ശക്തമായ പിന്തുണയുള്ള കാരാട്ട് പക്ഷം. വ്യക്തമായി രൂപംകൊണ്ട ചേരിതിരിവ് പൊട്ടിത്തെറിയിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് വീണ്ടും യെച്ചൂരി തുടരുക എന്ന പൊതുധാരണയിലേക്ക് ഇരു വിഭാഗങ്ങളും എത്തുന്നത്.

കേന്ദ്രനേതൃത്വത്തിലെ അഭിപ്രായവ്യത്യാസം പാർട്ടി കോൺഗ്രസിലേക്കും പടരുന്നതിന്റെ പ്രതിഫലനമായിരുന്നു കരടു രാഷ്ട്രീയപ്രമേയത്തിന്മേൽ വ്യാഴാഴ്ച നടന്ന പൊതുചർച്ച. ഭിന്നത രൂക്ഷമായതിനു പുറമേ, ഭേദഗതികളിൽ രഹസ്യവോട്ടെടുപ്പിന് ആവശ്യമുയർന്നതും ശ്രദ്ധേയമായി. ബിജെപി.യെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നർവേൽക്കറാണ് രഹസ്യവോട്ടെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടത്. ഇത് യെച്ചൂരിയുടെ ആഗ്രഹമാണ്.

രഹസ്യ വോട്ടെടുപ്പ് നടന്നാൽ കേരളത്തിൽ നിന്ന് പോലും വോട്ടുകൾ യെച്ചൂരിക്ക് കിട്ടും. യെച്ചൂരി പക്ഷത്തെ വോട്ടുകൾ മലക്കം മറിയുകയുമില്ല. കേരളത്തിലെ വോട്ടുകൾ എല്ലാം കരാട്ടിനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കൈയുർത്തി വോട്ടെണ്ണിയാൽ ആരും പിണറായിയെ ഭയന്ന് യെച്ചൂരിക്ക് വോട്ട് ചെയ്യില്ല. എന്നാൽ രഹസ്യ ബാലറ്റിലേക്ക് കാര്യങ്ങളെത്തിയാൽ തോമസ് ഐസക്കിനെ പോലുള്ളവർ യെച്ചൂരിയെ പന്തുണയ്ക്കും. വലിയ വിഭാഗീയ ചർച്ചകൾക്കാണ് പാർട്ടി കോൺഗ്രസ് വേദിയാകുന്നത്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. അതിനിടെ താൻ ജനറൽ സെക്രട്ടറിയാകാൻ ഇല്ലെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ നിലപാട് എടുത്തു കഴിഞ്ഞു.

പൊതുചർച്ചയിൽ സംസാരിച്ച കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺഗ്രസുമായുള്ള ബന്ധത്തെ എതിർത്തുവെന്നതാണ് വസ്തുത. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോൺഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നു. കാരാട്ട് പക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്ന കേരളത്തിനു വേണ്ടി പി. രാജീവാണ് പൊതുചർച്ചയ്ക്കു തുടക്കമിട്ടത്. ബിജെപി.യെ താഴെയിറക്കാനുള്ള തിരഞ്ഞെടുപ്പുതന്ത്രമെന്ന നിലയ്ക്ക് കോൺഗ്രസുമായി ഏതെങ്കിലും തരത്തിൽ സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്നു രാജീവ് തുറന്നടിച്ചു. നാളത്തെ ബിജെപി.യാണ് ഇന്നത്തെ കോൺഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ത്രിപുരയിൽ വ്യാപകമായി കോൺഗ്രസ് വോട്ടുകൾ ബിജെപി.യിലേക്കു ചോർന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. ത്രിപുരയിൽനിന്നുള്ള പ്രതിനിധി തപൻ ചക്രവർത്തിയും കോൺഗ്രസ് സഹകരണത്തെ എതിർത്തു. ആന്ധ്രാപ്രദേശ്, ബിഹാർ, ഹരിയാണ, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങൾ ഔദ്യോഗികപ്രമേയത്തെ പിന്തുണച്ചു. തമിഴ്‌നാട്, അസം സംസ്ഥാനങ്ങൾ യെച്ചൂരിയെ പിന്തുണച്ചു. അങ്ങനെ വിഭാഗീയത നിറയുന്ന ചർച്ചയാണ് സജീവമായത്. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനെച്ചൊല്ലിയും സിപിഎമ്മിൽ ഭിന്നത നേതൃത്വത്തെ വെട്ടിലാക്കി.

ഭേദഗതികളിൽ ആരെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ പാർട്ടി കോൺഗ്രസ് അതു പരിഗണിക്കുമെന്ന് സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, രഹസ്യവോട്ടെടുപ്പിനു ഭരണഘടനാപരമായി വ്യവസ്ഥയില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ വാദം. എന്നാൽ, അങ്ങനെയൊരു പ്രഖ്യാപിത വ്യവസ്ഥയില്ലെന്നു യെച്ചൂരിപക്ഷം ചൂണ്ടിക്കാട്ടുന്നു. രഹസ്യവോട്ടെടുപ്പു വേണ്ടെന്ന് പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയൊന്നുമില്ല.

കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന കരടുരാഷ്ട്രീയ അടവുനയം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തു തീരുമാനിക്കണമെന്നു മാത്രമേ ഭരണഘടനയിൽ പറയുന്നുള്ളൂ. അതുകൊണ്ട് തന്നെ യെച്ചുരി പക്ഷം രഹസ്യ ബാലറ്റിന് ഉറച്ചു തന്നെയാണ്.