- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത്; പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിക്ക് മുതലാളിത്ത സമീപനം; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനം ഉയർത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം
പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കടുത്ത വിമർശനം ഉയർത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം. നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്നും വിമർശനമുയർന്നു.
സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു.
സിപിഎമ്മിൽ ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണിയിൽ സിപിഐയിൽ കടുത്ത എതിർപ്പ് ഉയർന്നതിനൊപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് എതിർപ്പറിയിച്ചിരുന്നു.
വിവാഹ പ്രായത്തിലെ സിപിഎം നിലപാട് സംബന്ധിച്ചും വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു.
പത്തനംതിട്ടയിലെ സിപിഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയർന്നു. അടൂരിൽ ചിറ്റയം ഗോപകുമാർ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓർക്കണമെന്നും വിമർശനം ഉണ്ടായി.
വിഭാഗീയ പ്രവർത്തനങ്ങളുടെ അവശിഷ്ടം നിലനിൽക്കുന്നുവെന്ന സംഘടന റിപ്പോർട്ടിനും ജില്ലാ സമ്മേളനത്തിൽ മറുപടി ഉണ്ടായി. വിഭാഗീയത നിലനിൽക്കുന്ന ഏരിയ കമ്മിറ്റികളിൽ അത് പരിഹരിക്കാൻ ഉപരി കമ്മിറ്റി എന്ത് ചെയ്തുവെന്ന് പ്രതിനിധികൾ ചോദിച്ചു. വിഭാഗീയത നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായ തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്നാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്.
അതേ സമയം പെരിന്തൽമണ്ണയിലെ ചില നേതാക്കൾ പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടെന്നായിരുന്നു മലപ്പുറം സിപിഎം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ കെപിഎം മുസ്തഫയുടെ തോൽവിക്ക് കാരണം ജില്ലയിലെ ചില നേതാക്കളുടെ വ്യക്തി താൽപ്പര്യങ്ങൾകൊണ്ടാണെന്നാണ് റിപ്പോർട്ടിലെ വിമർശനം.
സ്ഥാനാർത്ഥിത്വം ചില ജില്ലാ നേതാക്കൾ നേരത്തെ സ്വയം ഉറപ്പിച്ചു പ്രവർത്തിച്ചുവെന്നും നേതൃത്വം പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയ ഇവർക്ക് ഉൾകൊള്ളാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭ ഉപതെരെഞ്ഞടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകൾ പല ബൂത്തിലും നിയമസഭാ സ്ഥാനാർത്ഥിക്ക് കിട്ടിയില്ല. പെരിന്തൽമണ്ണയിലെ ചില നേതാക്കൾ പാർലമെന്ററി വ്യാമോഹത്തിന് അടിമപെട്ടെന്നും അച്ചടക്ക നടപടിക്ക് വിധേയരായവർ തെറ്റുതിരുത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിലെ തോൽവിക്ക് കാരണം ആത്മാർഥതയില്ലാത്ത പ്രവർത്തനമാണന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലയിലെ പ്രധാന നേതാക്കന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച കെ.പി.എം മുസ്തഫ 38 വോട്ടിനാണ് പരാജയപ്പെട്ടത്. നേതാക്കൾ പ്രവർത്തിച്ചിരുന്നുവെങ്കിൽ 38 വോട്ടിന്റെ പരാജയമുണ്ടാവില്ലെന്നാണ് അന്വേഷണ കമ്മീഷനും റിപ്പോർട്ട് നൽകിയിരുന്നത്.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവി സിപിഎമ്മിൽ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിലെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുകുറഞ്ഞത് സംഘടനാ ദൗർബല്യമെന്ന് സിപിഎം റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ