- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ആക്ടിനെ പരസ്യമായി ആദ്യം എതിർത്തത് ബേബി; തെറ്റുപറ്റിയെന്ന് സെക്രട്ടറി വിജയരാഘവനും സമ്മതിച്ചു; തൊട്ടു പിറകെ മന്ത്രി ഐസക്കിന്റെ 'വട്ടു' പ്രയോഗവും; കോടിയേരി മാറിയതോടെ കഷ്ടകാലം പിണറായിക്ക്; തദ്ദേശത്തിൽ ഫലം എതിരായാൽ മുഖ്യമന്ത്രിക്കും അവധി കൊടുക്കും; തിരിച്ചടി സെമി ഫൈനൽ വിജയത്തിന് ശേഷമെന്ന് പിണറായി പക്ഷം; സിപിഎമ്മിൽ വീണ്ടും രണ്ടഭിപ്രായം
കോഴിക്കോട്: കേരളത്തിൽ സ്വർണ്ണ കടത്തിനും കിഫ്ബിക്കും പിന്നാലെ കെ എസ് എഫ് ഇ ചർച്ചയും. എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിക്കുമ്പോൾ സിപിഎമ്മിലും വിഷയം ആളി കത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ എതിർ സ്വരം ശക്തമാണെന്നതിന്റെ സൂചനയാണ് കെ എസ് എഫ് ഇയിലെ ചർച്ചകൾ.
ഇത് മനസ്സിലാക്കിയാണ് കടന്നാക്രമണത്തിന് പ്രതിപക്ഷവും എത്തുന്നത്. കെഎസ്എഫ്ഇ നടത്തിപ്പിൽ ക്രമക്കേടുണ്ടായെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അഴിമതി കണ്ടെത്തിയ വിജിലൻസിന് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആർക്കാണ് വട്ട്? മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ്. വിജിലൻസിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. അതിനിടെ ധനമന്ത്രിയുടെ പ്രസ്താവനകൾ അതിരുവിട്ടതാണെന്ന അഭിപ്രായം സിപിഎമ്മിലെ പിണറായി ചേരിക്കുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് വരെ മൗനം തുടരാനാണ് പിണറായിയുടെ തീരുമാനം. തദ്ദേശത്തിൽ സിപിഎമ്മിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം എതിരാളികൾക്ക് മറുപടി നൽകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയാൽ മുഖ്യമന്ത്രിക്ക് തൽസ്ഥാനം പോലും നഷ്ടമാകും. അസുഖത്തിന്റെ പേരിൽ പാർട്ടി സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും അവധി നൽകും. പകരം മുഖ്യമന്ത്രിയായി ക്ലീൻ ഇമേജുള്ള ആൾ എത്തുമെന്നാണ് പിണറായി വിരുദ്ധർ പറയുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഈ നീക്കങ്ങൾക്കുണ്ട്. വി എസ് പക്ഷത്തെ വെട്ടിയൊതുക്കി പിണറായി പാർട്ടിയിൽ സമ്പൂർണ്ണ ആധിപത്യം നേടിയിരുന്നു. ആരും പിണറായിയെ എതിർത്തിരുന്നില്ല. ആ ചിത്രം സിപിഎമ്മിൽ മാറുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ഉള്ളൂ. അതിനു മുമ്പുള്ള സെമി ഫൈനൽ ആയാണ് തദ്ദേശത്തെ സിപിഎമ്മും കോൺഗ്രസും കാണുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിലെ വിവാദങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്നത് നിർണ്ണായകമാണ്. സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായാൽ മുഖ്യമന്ത്രി കസേരയിൽ പുതിയ ആളെത്തുമെന്ന സൂചനയാണ് പുറത്തു വരുന്നത്. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം ഇതിനോടകം ശക്തമാണ്. സ്വർണക്കള്ളക്കടത്ത് പോലുള്ള പ്രശ്നങ്ങൾ ചർച്ചാവിഷയമാവുന്നതിനിടയിലാണ് കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് നടന്നത്.
വിജിലൻസിന്റെ മാസ് ഓപ്പറേഷനായിരുന്നു ഇന്നലെ നടന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് പുറത്തുവിട്ടിട്ടില്ല. ഇത്തരം ഓപ്പറേഷനുകൾ കഴിഞ്ഞാൽ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണവിവരങ്ങൾ പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നതും സിപിഎമ്മിലെ ഭിന്നത പുറത്തു കൊണ്ടു വരാൻ വേണ്ടിയാണ്. പിണറായിയേയും ധനമന്ത്രിയേയും കടന്നാക്രമിക്കുകയാണ് ചെന്നിത്തല.
തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയിൽ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാൽ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതിൽ അഴിമതി നടന്നുവെന്ന് വിജിലൻസ് കണ്ടെത്തിയാൽ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോൾ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്. പാർട്ടിക്ക് തെറ്റുപറ്റിയെന്നാണ് പാർട്ടി സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞത്.
ഇപ്പോഴിതാ തോമസ് ഐസകും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും രംഗത്തുവന്നിരിക്കുന്നു. സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്താൽ ഈ പടയൊരുക്കം കൂടുതൽ വ്യക്തമാവും. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് ഈ പടയൊരുക്കം ആരംഭിച്ചതെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇങ്ങനെ സിപിഎമ്മിലെ വിഭാഗീയത വീണ്ടുമെത്തുന്നവെന്ന ചർച്ചകളാണ് പ്രതിപക്ഷവും സജീവമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ