പാലക്കാട്; പി കെ ശശിക്കെതിരായ പാർട്ടിയിലെ പടയൊരുക്കത്തിന് പിന്നിൽ ജില്ലയിലെ തന്നെ ഒരു പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് സൂചന. ലോക്സഭ ഇലക്ഷൻ മുന്നിൽ കണ്ട് സീറ്റ് പിടിക്കാൻ നടത്തുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമാണ് നിലവിൽ ഉയർന്നു വന്നിരിക്കുന്ന പരാതിയെന്ന് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു. ഒരു ഘട്ടത്തിൽ പാർട്ടിയിലെ ഏതാനും ചില നേതാക്കളിൽ ഒതുങ്ങി പോയിരുന്ന ശശിക്കെതിരായി പരാതിക്കിടയാക്കിയ കഴിഞ്ഞ ഡിസംബറിൽ നടന്ന പീഡനശ്രമത്തെ നിലവിൽ കേന്ദ്ര നേതൃത്വം വരെ ഇടപെടുന്ന രീതിയിൽ ഉയർത്തി കൊണ്ടുവരാൻ കാരണം പാർട്ടിയിലെ വിഭാഗീയതയും അധികാര വടം വലിയും ആണെന്നാണ് ലഭിക്കുന്ന വിവരം.

വരാൻ പോകുന്ന ലോക് സഭ ഇലക്ഷനിൽ പാലക്കാട് നിന്ന് മൽസരിക്കാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്ന് കേട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ശശിയുടേത്. നിലവിലുള്ള എംഎൽ എ സ്ഥാനം രാജിവെച്ചും പാർലിമെന്റിലേക്ക് മൽസരിക്കാൻ തയ്യാറാകും എന്നും സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾ ശശി നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ലൈംഗികാരോപണവുമായി ഡി വൈ എഫ് ഐ യിലെ ജില്ലാ നേതാവ് രംഗത്ത് വന്നത്. എം എൽ എ സ്ഥാനം രാജിവെച്ച് പാർലിമെന്റംഗമാകുന്നത് വഴി കാലങ്ങളായി മണ്ണാർക്കാട് തട്ടകമാക്കി രാഷ്ട്രീയം കളിച്ചിരുന്ന ശശി ജില്ലയിലെ തന്നെ അനിഷേധ്യ നേതാവാകാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.

ഇത്തരത്തിൽ ജില്ല പിടിക്കാനുള്ള ശശിയുടെ ശ്രമങ്ങളുടെ കടയ്ക്കലാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലൂടെ കത്തി വെച്ചത്. ശശിയുടെ വീഴ്ച ചിലർക്കെല്ലാം അവസരമായിട്ടുണ്ടെന്നും ശശിയോട് അനുഭാവം പുലർത്തുന്നവർ പറയുന്നു. എന്നാൽ ഇക്കാര്യം പരസ്യമായി പുറത്ത് പറയാനോ പേര് വെളിപ്പെടുത്താനോ ഇവർ തയ്യാറല്ല.

പാർലിമെന്റിലേക്ക് മൽസരിക്കുകയും അത് വഴി ജില്ലയിലെ തന്നെ അനിഷേധ്യ നേതാവാകാനുള്ള ശശിയുടെ ശ്രമങ്ങൾക്ക് പകരമായി അണിയറയിൽ നടക്കുന്നത് പഴുതടച്ചുള്ള വെട്ടിനിരത്തലാണെന്നും ഇതിൽ ജില്ലയിലെ ഒരു പ്രമുഖ നേതാവിന് പ്രധാന പങ്കുണ്ട് എന്നുമാണ് ലഭിരുന്ന വിവരം. ഇത്തരത്തിലുള്ള ഉൾപാർട്ടി വെട്ടിനിരത്തലിന്റെ അവസാനത്തെ ഉദാഹരണമാണ് ശശിയുടെ അടുത്ത അനുയായിയും കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിന്റെ അറസ്റ്റ് എന്നാണറിയുന്നത്.

ശശിയുമായി അടുത്ത ബന്ധമുണ്ട് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്ന വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് കണ്ട് കെട്ടിയതും പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയും പി കെ ശശിയുടെ അടുത്ത സുഹൃത്തുമായ ഒറ്റപ്പാലം എം എൽ എ പി.ഉണ്ണിക്കെതിരെ മലബാർ സിമന്റ്‌സ് അഴിമതികേസിൽ വിജിലൻസ് കുറ്റപത്രവും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

പരാതിക്കടിസ്ഥാനമായ സംഭവം നടന്ന മണ്ണാർക്കാട്ടെ പാർട്ടിയിലെ വലിയൊരു വിഭാഗം ശശിക്കൊപ്പം ഉറച്ച് നിന്നിട്ടും ജില്ലയിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തിലെ ഒരു വിഭാഗം പരാതിക്കാരിയുടെ കൂടെ നിക്കാൻ കാരണം ജില്ലയിലെ തന്നെ പ്രമുഖ നേതാവിന്റെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണെന്നാണ് ശശിക്ക് അനുകൂലമായി നിലപാടെടുക്കുന്നവരുടെ കണക്ക് കൂട്ടൽ.

ശശിയെ പോലെ ജില്ലയിലും സംസ്ഥാനത്തും വലിയ സ്വാധീനമുള്ള നേതാവിനെതിരെ കടുത്ത നിലപാടുമായി ഉറച്ച് നിക്കണമെങ്കിൽ പാർട്ടിയിൽ തുല്യ പ്രാധാന്യമുള്ള ഒരാളുടെ പിന്തുണ കൂടിയേ തീരൂ എന്നാണ് ഇവരുടെ വിലയിരുത്തൽ.അതേ സമയം നിലവിൽ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനൊപ്പം പാർട്ടിയിലെ മറ്റൊരു യുവനേതാവിന്റെ പേര് ചേർത്ത് അപവാദം പ്രചരിപ്പിക്കാനും പരാതിക്കാരിയെ സ്വഭാവഹത്യ നടത്താനും മണ്ണാർക്കാട്ടെ ഡിവൈ എഫ് ഐ നേതാക്കളിൽ ചിലർക്ക് ശശി നിർദ്ദേശം നൽകിയിരുന്നതായും ഇതാണ് കേന്ദ്ര നേതൃത്വത്തിന് വരെ പരാതി അയക്കുന്ന തരത്തിൽ പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും മറുപക്ഷം വാദിക്കുന്നുണ്ട്.