ന്യൂഡൽഹി: ഇന്ധന - പാചകവാതക വിലവർധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കും. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ. ഇന്ധന വിലവർധനവിൽ നിന്നുള്ള എക്സൈസ് ഡ്യൂട്ടി പണംകൊണ്ടാണ് സൗജന്യ വാക്സിൻ നൽകുന്നതെന്ന കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവന പരിഹാസ്യമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് കാലത്തെ വീഴ്ചകൾ മറച്ചുവയ്ക്കാൻ കേന്ദ്രം പച്ചക്കള്ളം പറയുകയാണ്. 60 ശതമാനം ആളുകൾക്ക് മാത്രമേ ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുള്ളൂ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ 21 ശതമാനം മാത്രമാണ്. സൗജന്യ വാക്സിനേഷൻ എന്നത് ശരിയല്ല. അമിത ചെലവുകൾക്ക് പണം കണ്ടെത്താൻ ജനങ്ങളെ കൊള്ളയടിക്കുന്ന തന്ത്രമാണ് ബിജെപി സർക്കാരിന്റേത്. ബജറ്റിൽ പറഞ്ഞ 3500 കോടി എവിടെയെന്ന് കേന്ദ്രം വ്യക്തമാക്കണം. വാക്സിനേഷന്റെ വേഗം കൂട്ടാൻ കേന്ദ്രം തയ്യാറാകണം. കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് 100 കോടി വാക്സിൻ ആഘോഷം. പൊതുമേഖലയെ വിറ്റഴിക്കാൻ അനുവദിക്കില്ല. കൽക്കരി, ഊർജപ്രതിസന്ധിക്ക് കാരണം ആസൂത്രണമില്ലായ്മയാണ്.

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനും കേന്ദ്രം തയ്യറാകണം. കശ്മീരിൽ സാധാരണക്കാരെ അന്യായമായി തടവിലാക്കുകയും, കൊല്ലുകയും ചെയ്യുന്നു. അന്യായമായ തടവുകൾ ഒഴിവാക്കണം. കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.