- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടി; തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുന്നു; ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്തു'; സിപിഎമ്മിന്റെ ജാതിവിവേചനത്തിൽ മടുത്ത് ഇസ്ലാം സ്വീകരിക്കുന്നത് ആലോചിക്കുന്നതായി പയ്യന്നൂരിലെ ചിത്രലേഖ
കണ്ണൂർ: പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്ക് സിപിഎമ്മിൽനിന്ന് നേരിട്ട ദുരനുഭവവും ജാതി വിവേചനവും കേരളം പലതവണ ചർച്ച ചെയ്തതാണ്. ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന പ്രഖ്യപനവുമായിട്ടാണ് ചിത്രലേഖ രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ പീഡനം കഴിഞ്ഞ 20 വർഷമായി താൻ സഹിക്കയാണെന്ന് ഇനി പിടിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ട് താൻ ഇസ്ലാമിലേക്ക് മാറുകയാണുമെന്നുമാണ് അവർ പറയുന്നത്. ലൗ ജിഹാദ് എന്നു പറഞ്ഞ് ആരും ഈ വഴിക്ക് വരേണ്ടെന്നും സിപിഎമ്മിനെ പേടിക്കാതെ ജീവിക്കാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചൂടൻ ചർച്ചയാണ് ചിത്രലേഖയുടെ പോസ്റ്റിൽ നിറയുന്നത്. സിപിഎമ്മിനെ പേടിച്ച് ഇസ്ലാമിലേക്ക് പോവുകയെന്നത് വറചട്ടിയൽനിന്ന് എരിതീയിലേക്ക് പോകുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുമ്പോൾ, ഇസ്ലാമിസ്റ്റുകൾ തങ്ങളുടെ മതത്തിലേക്ക് ചിത്രലേഖയെ സ്വാഗതം ചെത്തുകൊണ്ടും കമന്റ് ഇടുന്നുണ്ട്.
ചിത്രലേഖയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചന ത്തിനെ ചോദ്യം ചെയ്തതുകൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുന്നു ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സിപിഎം പാർട്ടിയുടെ ആക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലൗ ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സിപിഎംന് മുന്നിൽ ഇനിയും സ്വൈര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎംനേ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗഹം.
'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ'
സംഭവം ചിത്രലേഖയെ അനകൂലിക്കുന്നവർ പറയുന്നത് ഇങ്ങനെയാണ്.15 വർഷം മുമ്പാണ് പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലത്ത് ചിത്രലേഖയും ഭർത്താവ് ശ്രീഷ്കാന്തും ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാനായി ലോൺ എടുത്തു ഓട്ടോ വാങ്ങുന്നത്. അന്ന് തുടങ്ങിയ സംഭവങ്ങളാണ് ഇപ്പോഴും ഉള്ളത്. ചിത്രലേഖയുടെ ഭർത്താവ് ശീഷ്കാന്ത് പയ്യന്നൂരുകാരൻ അല്ലാത്തതുകൊണ്ടും അവിടുത്തെ സ്ഥലങ്ങൾ പരിചയമില്ലാത്തതുകൊണ്ടും ചിത്രലേഖയോട് ഓട്ടോ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയും ആയി എടാട്ടെ സ്റ്റാന്റിലെത്തിയപ്പോൾ ''ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന ഒരു കമന്റ് ആണ് അവരെ എതിരേറ്റത്. ശ്യാമസുന്ദര കേരള, നിഷ്കളങ്ക പയ്യന്നൂരിലെ ഒരു ഓട്ടോ സ്റ്റാന്റിലെ ആദ്യത്തെ പ്രതികരണം. ഒരു ദുർഗാപൂജ നാളിൽ ഇടതുപക്ഷ സി ഐ ടി യു യൂണിയൻ ഒരു നമ്പൂതിരിയെ ഒക്കെ വെച്ചു ഓട്ടോകൾ പൂജയും നടത്തിയെന്നും ചിത്രലേഖ പിന്നീട് പറഞ്ഞിരുന്നു.
ചിത്രലേഖ എന്ന ദളിത് സ്ത്രീക്കെതിരെയുള്ള സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതീയ അക്രമം അവിടെ തുടങ്ങി. പിന്നീട് ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോയുടെ റെക്സിൻ കീറിപ്പറിച്ചു. എതിർക്കാൻ ചെന്ന ചിത്രലേഖയുടെമേൽ ഓട്ടോ ഓടിച്ചു കയറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ ചിത്രലേഖ രക്ഷപ്പെട്ടത്. പയ്യന്നൂരിലെ ജാതി ആൺകോയ്മയെ അനുസരിക്കാത്ത, അതിനെതിരെ പ്രതികരിച്ച ചിത്രലേഖ നിരന്തരം ആക്രമിക്കപ്പെട്ടു. ഓട്ടോ കീറിയതിനെതിരെ ശബ്ദമുയർത്തിയ ചിത്രലേഖയോടു ''നിന്നെയും കീറും'' എന്നാണ് അവിടത്തെ ഓട്ടോ ഡ്രൈവർമാരിൽ ഒരാൾ പ്രതികരിച്ചത്. ചിത്രലേഖ പൊലീസിൽ ഈ പ്രശ്നങ്ങൾ പരാതിയാക്കിയപ്പോൾ അജിത് കുമാർ എന്ന സിപിഎം ഗുണ്ടയുടെ നേതൃത്വത്തിൽ ചിത്രലേഖയുടെ വീട്ടിൽ വെച്ചു തന്നെ അവരുടെ ഓട്ടോ കത്തിച്ചു ചാമ്പൽ ആക്കുന്ന സംഭവവും നടന്നു. ഒരു ദളിത് സ്ത്രീയുടെ നെഞ്ചത്ത് കയറി പൊലിപ്പിച്ച്ചെടുക്കുന്ന വിപ്ലവങ്ങൾ. പിന്നീട് പി. കെ . ശ്രീമതിയെപ്പോലുള്ള വിപ്ലവ നായികമാർ ചിത്രലേഖ എന്റെ സ്വന്തം സഹോദരി ആണെന്ന് പയ്യന്നൂരിൽ പ്രസംഗിച്ചു. പക്ഷെ ഇന്ന് വരെ പി.കെ. ശ്രീമതി ചിത്രലേഖയുടെ വീട് വരെ ഒന്ന് പോയിട്ടുപോലുമില്ല.
ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്കാന്തിനെ ഗൂണ്ടാ ലിസ്റ്റിൽ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലിൽ അടച്ചു. അവിടെയും തീർന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തിൽ ശ്രീഷ്കാന്തിനെ കൊല്ലാൻ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്, ശ്രീഷ്കാന്തിന്റെ അനിയനും. . പാർട്ടിയോടും പഞ്ചായത്ത് മെമ്പർമാരോടും യൂണിയൻ നേതാക്കളോടും പരാതിപ്പെട്ടപ്പോൾ തങ്ങൾക്ക് ഈ കാര്യത്തിൽ ഇടപെടാൻ പറ്റില്ല എന്നായിരുന്നു മറുപടി.
പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അല്ലെങ്കിൽ ജാതിസമൂഹത്തിന്റെയും പ്രശ്നം, പാടത്ത് പണിയെടുക്കുന്ന, ഓച്ചാനിച്ചു നിക്കേണ്ട ഒരു വ്യവസ്ഥയിൽ നിന്ന് ഒരു പൊതുഇടമായ റോഡിലേക്ക് ഒരു ദളിത് സ്ത്രീ ഓട്ടോറിക്ഷയും ഓടിച്ചു വന്നു എന്നതാണെന്നാണ് പല സാമൂഹിക നിരീക്ഷകരും ചുണ്ടിക്കാട്ടിയത്. ശ്രീഷ്കാന്തിനെ ''പൊലച്ചീന്റെ കൂടെ കെടക്കുന്നവൻ'' എന്നു പറഞ്ഞായി ആക്ഷേപം. മദ്യപാനി ആയി ചിത്രീകരിക്കുക, സ്വഭാവം നല്ലതല്ലെന്ന് പറഞ്ഞുപരത്തുക, സദാചാര പൊലീസിങ് ചമയുക എന്നതൊക്കെയും ചിത്രലേഖക്ക് നേരെയുണ്ടായി.
ഇങ്ങനെയായതോടെ ചിത്രലേഖ പുനരധിവാസ സമിതി എന്ന ഒരു ഗ്രൂപ്പും കണ്ണൂരിൽ സാമൂഹി പ്രവർത്തകരുടെ നേതൃത്വത്തിൽ ഉണ്ടാക്കിയിരുന്നു. കണ്ണൂരിലെ മറ്റൊരു സ്ഥലത്ത് ജീവിക്കുന്നതിനായി സ്ഥലം വാങ്ങിച്ച് വീട് വെക്കുന്നതിനും മറ്റുമായി ഏകദേശം പത്ത് ലക്ഷം രൂപ ചെലവു വരും എന്നാണ് കരുതുന്നത്. ചിത്രലേഖയുടെ മക്കളുടെ വിദ്യാഭ്യാസവും ഇപ്പോൾ സുമനസ്സുകളുടെ ഐക്യദാർഡ്യം കൊണ്ടാണ് മുന്നോട്ടു പോയിരുന്നത്. ഇതിനുപിന്നാലെ ചിത്രലേഖ ഇപ്പോൾ ഇസ്ലാം സ്വീകരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ