- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാ സമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് നീക്കാൻ ശ്രമം': സിപിഎമ്മിന്റെ കുറിപ്പ് തയ്യാറാക്കിയത് പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന് മുമ്പ്; പ്രതികരണവുമായി വി.ഡി.സതീശനും കെ.സുരേന്ദ്രനും
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎമ്മിന്റെ കുറിപ്പ് ചർച്ചയാകുന്നു. ഗുരുതരമായ ആരോപണം ആണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചതോടെ വിഷയം ചൂടുപിടിക്കുകയാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും ഡേറ്റകൾ ഉണ്ടെങ്കിൽ സിപിഎം പുറത്തുവിടണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സിപിഎം പുറത്തിറക്കിയ കുറിപ്പിലെ പരാമർശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും സതീശൻ പറഞ്ഞു.
ഈ വിഷയത്തിൽ തെളിവുണ്ടോ എന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും സിപിഎം വ്യക്തമാക്കണം. അതിനുള്ള ഉത്തരവാദിത്തം സിപിഎമ്മിനും സർക്കാറിനുമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. നാർകോട്ടിക് ജിഹാദ് വിവാദം എല്ലാ സമുദായ നേതാക്കളെയും ഒരു മേശക്ക് ചുറ്റും ഇരുത്തുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പ്രതികരിക്കാതെ ജോസ് കെ മാണി
അതേസമയം, സിപിഎമ്മിന്റെ പരാമർശത്തിൽ കേരള കോൺഗ്രസ് നേതീവ് ജോസ് കെ മാണി പ്രതികരിച്ചില്ല. വിഷയത്തിൽ കൂടുതലൊന്നും പറയാനില്ല, വിഷയത്തിൽ ഇതിനകം സമൂഹത്തിൽ നിരവധി ചർച്ചകൾ നടന്നതാണെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾ ജോസ് കെ മാണിയുടെ പ്രതികരണം. സർക്കാരിന് എല്ലാ കാര്യങ്ങളും അറിയാം. ഉചിതമായ സമയത്ത് ഉചിതമായ ഇടപെടൽ നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇത് തന്നെയാണ് ബിജെപി പറയുന്ന ലൗ ജിഹാദെന്ന് സുരേന്ദ്രൻ
അതേസമയം, ലൗ ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാൻ എന്തുകൊണ്ടാണ് സിപിഎം പരസ്യമായി തയ്യാറാകാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കലാലയങ്ങളിൽ പെൺകുട്ടികളെ വശംവദകളാക്കി മതപരിവർത്തനത്തിന് ശ്രമം നടക്കുന്നുവെന്നുവരെ പറഞ്ഞുവെക്കുന്ന സിപിഎം, ഇത് തന്നെയാണ് ഞങ്ങൾ വർഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാൻ എന്തിനാണ് മടികാണിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോൾ സിപിഎം എടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. പത്തുവർഷത്തിലധികമായി ഭീകരവാദ ശക്തികൾ ലൗ ജിഹാദിനെ ഉപയോഗിച്ച് മതം മാറ്റം നടത്തുന്നുവെന്ന് പറഞ്ഞപ്പോൾ അതിനെതിരായ നയമാണ് സിപിഎം സ്വീകരിച്ചത്. സിപിഎം റിപ്പോർൽ ഇക്കാര്യം കണ്ടെത്തിയങ്കെിൽ അത് തന്നെയാണ് ലൗ ജിഹാദ് എന്ന് തുറന്നുസമ്മതിക്കാൻ അവർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിലെ ഇരട്ടത്താപ്പ് സിപിഎം നേതൃത്വം ഒഴിവാക്കണം. ശരിയായ അന്വേഷണം നടത്തണം. ഭീകരവാദശക്തികളുടെ സ്വാധീനം കേരളത്തിൽ വർധിച്ച് വരികയാണെന്നും അതിനായി ലൗജിഹാദ് ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്റെ കുറിപ്പ് ഇങ്ങനെ
വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകർഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നൽകിയ സിപിഎമ്മിന്റെ കുറിപ്പിൽ പറയുന്നുണ്ട്. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന് മുമ്പാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സെപ്റ്റംബർ 10നാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നൽകിയത്.
ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ 'ന്യൂനപക്ഷ വർഗീയത' എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമർശമുള്ളത്. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കണമെന്നാണ് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്.
സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തീവ്രവാദ രാഷ്ട്രീയക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുവരുമ്പോഴാണ് വർഗീയതയിലേക്കും തീവ്രവാദ പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.
പൊതുവേ വർഗീയ ആശയങ്ങൾക്ക് കീഴ്പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് പോകുന്നുണ്ടെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലിം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടൽ നടത്തുകയും വേണം. ക്ഷേത്രക്കമ്മറ്റികൾ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രക കമ്മറ്റികൾ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടൽ വേണമെന്നും കുറിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ