- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറപ്പാണ് എൽഡിഎഫിന് 85 സീറ്റ്; യുഡിഎഫിന് പരമാവധി 55 സീറ്റ് വരെ; എൻഡിഎക്ക് സീറ്റൊന്നും കിട്ടില്ല; ബിജെപിക്ക് നാല് സീറ്റുകളിലെ സാധ്യത തടയാൻ പരമാവധി പരിശ്രമം; എൽഡിഎഫിന് അനുകൂലമായ മുഖ്യഘടകങ്ങളിൽ ഒന്ന് ജനക്ഷേമപ്രവർത്തനം തന്നെ; സിപിഎമ്മിന്റെ സ്വന്തം പ്രാഥമിക സർവേ ഫലം ഇങ്ങനെ
തിരുവനന്തപുരം: ഇപ്പോൾ പ്രീ-പോൾ സർവേകളുടെ ബഹളമാണ്. ഓരോ മാധ്യമവും സർവേ നടത്തി ട്രെൻഡ് അറിയിക്കുന്നു, പ്രവചനങ്ങൾ നടത്തുന്നു. ഭൂരിപക്ഷം സർവേകളും എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിച്ചതോടെ, പ്രതിപക്ഷ നേതാവ് സർവേകളെ വിമർശിച്ച് തന്നെ രംഗത്തെത്തുകയും ചെയ്തു. പ്രീപോൾ സർവേ ഫലങ്ങൾ കണ്ട് മതിമറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അണികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏതായാലും, മറ്റുസർവേകൾക്കൊന്നും കാക്കാതെ സിപിഎം തന്നെ ഒരു പ്രാഥമിക സർവേ നടത്തി സ്വയം വിലയിരുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എൽഡിഎഫിന് ഉറപ്പായി 85 സീറ്റുകൾ കിട്ടുമെന്ന് സിപിഎം സർവേയിൽ പറയുന്നു. യുഡിഎഫിന് പരമാവധി 55 സീറ്റുകൾ കിട്ടുമ്പോൾ എൻഡിഎക്ക് സീറ്റൊന്നുമില്ല. സർവേ പ്രകാരം എൽഡിഎഫിന് 9 സീറ്റുകളിൽ കൂടി മുൻതൂക്കമുണ്ട്.
കോൺഗ്രസിന് 24 സീറ്റ് വരെയും, ലീഗിന് 16 സീറ്റുവരെയും കിട്ടാൻ സാധ്യത. അങ്ങനെ പരമാവധി 55 സീറ്റുവരെ. മഞ്ചേശ്വരം, കഴക്കൂട്ടം, നേമം, കോന്നി മണ്ഡലങ്ങളിൽ ബിജെപിക്ക് സാധ്യതയുണ്ടെങ്കിലും ഇത്തവണ സീറ്റ് കിട്ടാതിരിക്കാൻ പ്രത്യേക പരിശ്രമം നടത്തിക്കഴിഞ്ഞുവെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. നേമം, കോട്ടയം, അരുവിക്കര സീറ്റുകൾ സിപിഎം പിടിച്ചെടുക്കാനുള്ള സാധ്യതയും സർവേ ടീം പ്രവചിക്കുന്നു.
പിണറായി വിജയന്റെ യോഗങ്ങളിൽ കൂടുന്ന ആൾക്കൂട്ടം വോട്ട് വിഹിതത്തിൽ വരുത്താനിടയുള്ള വർദ്ധനയും സർവേ ടീം പഠനവിധേയമാക്കി. എല്ലാ ജില്ലകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ 13 അംഗ സംഘമാണ് ക്രോഡീകരിക്കുന്നത്. ജില്ലാ റിപ്പോർട്ടുകളിൽ സ്ഥാനാർത്ഥികളുടെ പ്രതികരണങ്ങൾ കൂടി ഉൾക്കൊള്ളിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കും. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഓരോ മേഖലയിലെയും വിജയ സാധ്യത വിലയിരുത്തും.
സർവേ ഫല പ്രകാരം സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫിന് അനുകൂലമായ മുഖ്യഘടകങ്ങളിൽ ഒന്ന്. ജനക്ഷേമ നടപടികൾ സ്ത്രീകളെ എൽഡിഎഫ് പക്ഷത്തേക്ക് ചായാൻ പ്രേരകമായി. വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ജനപിന്തുണ വർദ്ധിപ്പിക്കാൻ സഹായകമായി.
ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയും ഇടതുമുന്നണിക്ക് അനുകൂലമായിരിക്കും. വിശേഷിച്ചും കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എൽഡിഎഫിന്റെ വോട്ടുവിഹിതം കൂട്ടും. ഇടതുമുന്നണിയിൽ അടുത്തകാലത്ത് ചേർന്ന കോൺഗ്രസ്-യുഡിഎഫ് നേതാക്കളും പുതിയ മേഖലകളിലേക്ക് മുന്നണിക്ക് വഴി തുറക്കും. വയനാട്ടിൽ, 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നിൽ രണ്ടുസീറ്റ് നേടി. ഇത്തവണ സുൽത്താൻ ബത്തേരി കൂടി ജയിക്കും. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടിലെ തോൽവി കോൺഗ്രസിന് തിരിച്ചടിയാവുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
പ്രീ-പോൾ സർവേകളിൽ പ്രവചിക്കുന്ന തുടർഭരണം സ്വപ്‌നം കണ്ടിരിക്കാതെ വോട്ടെടുപ്പ് ദിവസം വരെ വിശ്രമമില്ലാതെ പണിയെടുക്കാനാണ് അണികൾക്ക് നേതാക്കൾ നൽകുന്ന സന്ദേശം. വരുദിവസങ്ങളിൽ എൽഡിഎഫിന് എതിരായ സർവേകളും വരുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. അത്തരം സർവേ ഫലങ്ങൾ കാര്യമായി എടുക്കരുതെന്നുമാണ് പാർട്ടി നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ