- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം; ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനം വേണം; ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്; ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിന്മാറണം; പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി
കണ്ണൂർ: ബിജെപിക്കെതിരായ നിലപാട് പ്രഖ്യാപിച്ചു പാർട്ടി കോൺഗ്രസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയ മുന്നേറ്റത്തിന് ബിജെപി മതധ്രുവീകരണം ഉപയോഗിക്കുകയാണ്. ഇതിനെ ചെറുക്കാൻ വിശാല മതേതര സഖ്യം ഉണ്ടാകണം. ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനം വേണമെന്നും യെച്ചൂരി പറഞ്ഞു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തൽ സാധ്യമാകൂ. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തിൽ അവർ കൊണ്ടുവരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ചെറുക്കണം. ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രസർക്കാർ ഫെഡറൽ അവകാശങ്ങൾ അടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കു പോലും കടന്നുകയറുന്നു. മോദിയുടെ ഏകാധിപത്യത്തിൽ വർഗീയ കോർപ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. കോവിഡ് മഹാമാരിയെ ബിജെപി സർക്കാർ നേരിട്ടത് നാം കണ്ടതാണ്. നിരവധി ശവശരീരങ്ങളാണ് ഗംഗയിൽ ഒഴുകി നടന്നത്. അതേസമയം മഹാമാരിയിൽ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നതിന് കേരളം ലോകത്തിനു തന്നെ മാതൃകയായി. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങൾപോലും പരാജയപ്പെട്ടിടത്താണ് കേരളം മാതൃകയായത്.
യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് കാരണക്കാർ അമേരിക്കയാണ്. നാറ്റോ വിപുലീകരിക്കാനുള്ള ശ്രമമാണ് യുദ്ധത്തിലേക്ക് നയിച്ചത്. നാറ്റോ വിപുലീകരണം സാമ്രാജ്യത്വ ഇടപെടൽ ലക്ഷ്യമിട്ടുകൊണ്ടാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയാണ് ഇന്ത്യ. ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിന്മാറണം. അമേരിക്കൻ മേധാവിത്വം ചെറുക്കുന്നത് ചൈനയായതുകൊണ്ട്, ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
കണ്ണൂർ ബർണശേരി ഇ കെ നായനാർ അക്കാദമിയിലെ നായനാർ നഗറിൽ മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. 17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.കേരളത്തിൽനിന്നാണ് കൂടുതൽപേർ. 178 പ്രതിനിധികൾ. പശ്ചിമബംഗാളിൽനിന്ന് 163 പേരും ത്രിപുരയിൽനിന്ന് 42 പേരുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ