- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി ഫലസ്തീൻകാർ കൊല്ലപ്പെട്ടു; കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം; ഫലസ്തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം; സൗമ്യാ സന്തോഷിനെ ഹമാസ് കൊന്നത് സിപിഎമ്മും എസ് എഫ് ഐയും അറിയാതെ പോകുമ്പോൾ
ന്യൂഡൽഹി: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടത് സിപിഎം അറിഞ്ഞിട്ടില്ല. ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യ എന്നു പറയുന്ന ദേശാഭിമാനിയും ആക്രമണം നടത്തിയത് ഹമാസാണെന്ന് പറയാൻ മടിച്ചിരുന്നില്ല. എന്നാൽ സിപിഎം ഇറക്കിയ പ്രസ്താവനയിൽ നിറയുന്നത് ഇസ്രയേലിനെതിരെയുള്ള രാഷ്ട്രീയം മാത്രമാണ്.
ഇസ്രയേൽ ഭരണകൂടം ആക്രമണം തുടരുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സിപിഐഎം. ഫലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി ഇന്ത്യൻ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് ഫലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നും സിപിഐഎം വിമർശിക്കുന്നു. നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയും രംഗത്തുവന്നിരുന്നു.
രണ്ടു സംഘടനയുടെ പ്രസ്താവനയിലും മലയാളി മരിച്ചതിനെ കുറിച്ച് പരാമർശിക്കുന്നില്ലെന്നതാണ് വസ്തുത. മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം പോലും നടത്തിയില്ല. ഇതിനെ പിസി ജോർജിനെ പോലുള്ളവർ വിമർശിക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളിക്കുണ്ടായ ദുരന്തം ഓർമ്മപ്പെടുത്താതെയുള്ള സിപിഎം പിബിയുടെ പ്രസ്താവന.
ഫലസ്തീനുകാരുടെ മരണത്തിൽ അനുശോചനയും വേദനയും പങ്കുവയ്ക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ മലയാളി നേഴ്സിനെ മനപ്പൂർവ്വം മറക്കുകയാണ്. ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ഇടുക്കി - കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. അതായത് കേരളം മാത്രം ഭരിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം ഫലസ്തീനിൽ ഹമാസിന്റെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടാലും മൗനത്തിലാകുമെന്ന സൂചനയാണ് നൽകുന്നത്. എസ് എഫ് ഐയുടെ സംസ്ഥാന നേതൃത്വും സൗമ്യയുടെ മരണം കാണുന്നില്ല.
ഫലസ്തീനിൽ കുറച്ചു ദിവസമായി സംഘർഷമാണ്. അന്നൊന്നും ഇതിലെ രാഷ്ട്രീയ നിലപാട് വിശദീകരിച്ചതുമില്ല. മലയാളി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയിൽ ചർച്ച തുടങ്ങിയത്. അതിന് ശേഷമുള്ള പ്രസ്താവനയിലാണ് മലയാളിയുടെ കൊലപാതകത്തെ സിപിഎമ്മും എസ് എഫ് ഐയും കണ്ടില്ലെന്ന് നടിക്കുന്നത്.
സിപിഐഎം പ്രസ്താവന: ഫലസ്തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗസ്സാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി ഫലസ്തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം. യഹൂദ കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർത്ഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് ഫലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന ഫലസ്തീൻകാർക്ക് വാക്സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. ഫലസ്തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.
എസ്എഫ്ഐ പ്രസ്താവന: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : എസ്. എഫ്.ഐ ഫലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം ഫലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുള്ള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്.
പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. ഫലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡന്റ് വി.എ വിനീഷ്
മറുനാടന് മലയാളി ബ്യൂറോ