കണ്ണൂർ: ഹൈന്ദവസമൂഹത്തിലെ എല്ലാവർക്കും അവരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് വിവാഹവും മരണാനന്തര ചടങ്ങുകളും മറ്റും നടത്താൻ സിപിഎം അനുമതി നൽകാൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരി 13ന് വിവാഹത്തോടനുബന്ധിച്ച ചടങ്ങുകൾക്കിടെ തോട്ടടയിൽ ഒരു സംഘം ആളുടെ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു വെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം അത്യന്തം ദുഃഖകരമാണ്. ഈ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎം പറയുമ്പോൾ അതിൽ സിപിഎം പ്രവർത്തകർ തന്നെയാണ് ഉൾപ്പെട്ടെതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിവാഹം പോലുള്ള പവിത്രമായ ചടങ്ങുകളിൽ ആഭാസകരമായ ചെയ്തികൾ കൊണ്ടു ഇത്രയേറെ വിനാശകരമായ തലത്തിൽ എത്തിച്ചേർന്നതിന്റെ യഥാർത്ഥ കാരണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ഗ്രാമങ്ങളിൽ മുൻകാലങ്ങളിൽ വളരെ ചിട്ടയോടെയും ആചാരബദ്ധമായും അച്ചടക്കത്തോടെയുമാണ് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. അതിനായി എല്ലാവരും അംഗീകരിക്കുന്ന നാട്ട് മുഖ്യസ്ഥന്മാർ നേതൃത്വം നൽകിയിരുന്നു. ഹൈന്ദവ മൂല്യങ്ങൾക്കും നാട്ടാചാരങ്ങൾക്കും മുൻഗണന നൽകിയായിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്.

എന്നാൽ കമ്യുണിസ്റ്റ് പാർട്ടി ശക്തിപ്പെട്ടതോടു കൂടി ഈ ചടങ്ങുകളിലെ ആത്മീയതയെയും ആചാരങ്ങളെയും തള്ളിക്കളയുകയും നാട്ടു മുഖ്യസ്ഥന്മാർക്ക് പകരം പാർട്ടി മുഖ്യന്മാർ ചടങ്ങുകളുടെ നിയന്ത്രണം കൈയാളുകയും ചെയ്തു. ഇതിന്റെ ഫലമായി വിശ്വാസത്തിനനുസരിച്ച് ചടങ്ങ് നടത്താൻ കഴിയാത്ത നില വന്നു. പിന്നീട് തോന്നിയവരെല്ലാം ചടങ്ങ് നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി.

സിപിഎം ഇനിയെങ്കിലും തെറ്റുതിരുത്തണം. ഓരോ വീട്ടുകാർക്കും അവരുടെ വിശ്വാസമനുസരിച്ച് ചടങ്ങ് നടത്തുള്ള അനുവാദം നൽകണം. ആഭാസത്തരങ്ങൾ ഇല്ലാതാക്കാൻ ഇതാണ് പരിഹാരമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. പാർട്ടി വിശ്വാസികൾ സ്‌കൂളുകളിൽ നിന്നോ ക്ലബുകളിൽ നിന്നോ വിവാഹം കഴിക്കാം. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യണമെന്ന് സി.പി. എം ശഠിക്കരുത്. ഓരോരുത്തരെയും അവരുടെ ഇഷ്ടത്തിന് ഇത്തരം കാര്യങ്ങളിൽ വിടണം.

കണ്ണുർ ജില്ലയിലെ പാർട്ടി സ്വാധീന കേന്ദ്രങ്ങളിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, പുലയ മഹാസഭ എന്നീ സാമുദായിക സംഘടനകൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ചടങ്ങുകൾ നടത്താൻ സിപിഎം അനുവദികുന്നില്ല. മരണവീട്ടിൽ പോയി സ്വന്തമായി സമുദായ ശ്മാശാനമുള്ളവരെപ്പോലും മരണാനന്തര ചടങ്ങുകൾ നടത്താൻ അനുവദിക്കാതെ പഞ്ചായത്ത് വക ശ്മശാനങ്ങളിൽ സംസ്‌കരിക്കാൻ പാർട്ടി പ്രാദേശിക നേതാക്കൾ നിർബന്ധിക്കുകയാണ്. ഇതു കാരണം പിതൃക്കൾക്ക് മോക്ഷപ്രാപ്തിക്കായി ഒന്നും ചെയ്യാൻ കഴിയാതെ ദുഃഖിക്കുന്ന നിരവധിപ്പേർ കണ്ണൂരിലുണ്ട്.

പാർട്ടി ഗ്രാമങ്ങളിൽ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകൾ ചെയ്യാൻ ഒരുങ്ങുന്നവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയുമാണ് സി.പി. എം പ്രാദേശിക നേതൃത്വം. അവർ മതേതരരായി വളർത്തിയ സംഘങ്ങളാണ് ഇപ്പോൾ ഇത്തരം അനിഷ്ടകരമായ സംഭവങ്ങളിൽപ്പെടുന്നത്. പാർട്ടിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ അവർ വളർന്നു കഴിഞ്ഞുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

വിവാഹ വീടുകൾ കേന്ദ്രികരിച്ചുള്ള മദ്യസൽക്കാരവും മറ്റു അനാചാരങ്ങളും തടയുന്നതിന് ആര് മുൻപോട്ടു വന്നാലും ഹിന്ദു ഐക്യവേദി കൂടെ നിൽക്കുമെന്ന് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ.ജി ബാബു, ജില്ലാ പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ലാ ജനറൽ സെക്രട്ടറി പി വി ശ്യാം മോഹൻ എന്നിവരും പങ്കെടുത്തു.