കണ്ണുർ:75 വയസിന് മുകളിൽ പ്രായമുള്ളവർ ഇത്തവണ കേന്ദ്ര കമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ ഉണ്ടാവില്ലെന്നു സിപിഎം പൊളിറ്റ് ബ്യുറോ അംഗം രാമചന്ദ്രൻ പിള്ള. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രകമ്മറ്റിയിൽ നിന്ന് ഒഴിവാക്കുമോ എന്ന സംശയവും സജീവമായി. അടിമുടി പൊളിച്ചെഴുത്ത് പോളിറ്റ് ബ്യൂറോയിൽ ഉണ്ടായേക്കും. കേരളത്തിൽ നിന്ന് യുവാക്കളാകും പോളിറ്റ് ബ്യൂറോയിൽ എത്തുകയെന്നും സൂചനയുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് പിബിയിൽ എത്താൻ സാധ്യത ഏറെയാണ്.

സിപിഎം പാർട്ടി കോൺഗ്രസ് പ്രചരണത്തിന്റെ ഭാഗമായുള്ള വെബ്‌സൈറ്റ് ഉദ്ഘാടനം കണ്ണുരിൽ നിർവഹിച്ചാണ് എസ് രാമചന്ദ്രൻ പിള്ളയുടെ തുറന്നു പറച്ചിൽ. സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി. ഈ സാഹചര്യം മുമ്പിലുണ്ടായിട്ടും 75 വയസിന് മുകളിൽ പ്രായമുള്ളവർ ഇത്തവണ കേന്ദ്ര കമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ ഉണ്ടാവില്ലെന്നു തറപ്പിച്ചു പറയുകയാണ് എസ് ആർ പി. പിണറായിക്ക് മാത്രം ഇളവു കൊടുക്കാനാണ് സാധ്യത. പക്ഷേ അത് എസ് ആർ പി പറയുന്നുമില്ല.

കേന്ദ്ര കമ്മറ്റിയിൽ മുഹമ്മദ് റിയാസ് എത്തുമെന്ന് ഉറപ്പാണ്. ആദ്യമായി കേന്ദ്ര കമ്മറ്റിയിൽ എത്തുമ്പോൾ തന്നെ റിയാസ് പിബിയിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. റിയാസിനെ കേന്ദ്ര കമ്മറ്റിയിൽ ഉൾപ്പെടുത്താൻ എം സ്വരാജ് അടക്കമുള്ള യുവ നേതാക്കളേയും കേന്ദ്ര കമ്മറ്റിയിൽ എടുത്തേക്കും. കണ്ണൂരിലെ പാർട്ടി സമ്മേളനവും അതുകൊണ്ട് തന്നെ റിയാസിന്റെ രാഷ്ട്രീയ ഭാവിയുടെ ഗ്രാഫ് ഉയർത്തുമെന്ന ചർച്ചകളാണ് സജീവമാക്കുന്നത്. ഇതു തന്നെയാണ് എസ് ആർ പിയും പറയുന്നത്.

നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മാറാൻ പിണറായി സന്നദ്ധനായിരുന്നു. മരുമകനായ റിയാസിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലോടെ റിയാസിനെ എടുക്കാൻ മറ്റ് വഴികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ പിണറായിയും മരുമകനും സെക്രട്ടറിയേറ്റിലെത്തി. പാർട്ടി കോൺഗ്രസിൽ കേന്ദ്ര നേതൃത്വം ഇതിനെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ റിയാസിനെ എത്തിക്കാൻ പിണറായി കേന്ദ്ര കമ്മറ്റിയിൽ നിന്നും മാറുമെന്നും സൂചനകളുണ്ട്. പിണറായിയെ നിലനിർത്താൻ കേന്ദ്ര നേതൃത്വം സമ്മർദ്ദം ചെലുത്തുമ്പോൾ റിയാസ് വേണമെന്ന് ഉറപ്പിച്ചു പറയാനും കഴിയും.

യുവാക്കൾക്ക് അവസരം നൽകുന്നുവെന്ന പേരിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ വെട്ടിയൊതുക്കുന്നത് റിയാസിന് വേണ്ടിയാണെന്ന വിമർശനം കേരളത്തിലെ നേതാക്കൾക്കിടയിലുമുണ്ട്. പ്രവർത്തന മികവും പാരമ്പര്യവും പരിഗണിക്കാതെ ചിലർക്ക് പ്രെമോഷൻ നൽകുന്നതും സ്വന്തം ഇഷ്ടക്കാരെ ഉയർത്താനാണെന്ന വിമർശനം സജീവമാണ്. പാർട്ടി കോൺഗ്രസിലും ഇതെല്ലാം വീണ്ടും ആവർത്തിക്കുമെന്നാണ് സൂചന.

കേന്ദ്ര സർക്കാരിനെതിരായ നയ പ്രഖ്യാപനമാണ് പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യം ഇത് എസ് ആർ പിയുടെ വാക്കുകളിലും വ്യക്തമാണ്. വർഗീയ, കോർപറേറ്റ് കൂട്ടുകെട്ടിന്റെ അമിതാധികാര പ്രവണതയാണ് കേന്ദ്ര ഭരണത്തിൽ കാണുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും എപ്പോഴും സ്വീകരിക്കുന്നത്.
ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരുമായെല്ലാം യോജിക്കാമോ അവരെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പെടുത്തുകയാണ് പാർട്ടി കോൺഗ്രസ് മുൻപോട്ടു വയ്ക്കുന്ന ആശയം

അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. ത്രിപുരയിലും ബംഗാളിലും പാർട്ടിക്ക്വലിയ തിരിച്ചടി നേരിട്ടു. മറ്റു സംസ്ഥാനങ്ങളിലും അപചയമുണ്ട്. കേരളത്തിൽ തിരിച്ച് വന്നതു പോലെ അഖിലേന്ത്യ തലത്തിൽ സിപിഎം.തിരിച്ചു വരാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള സമീപനങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്നും എസ്. ആർ.പി പറഞ്ഞു.

ബിജെപിയെ എതിർക്കുന്ന വർഗീയതയെ എതിർക്കുന്ന ഏതു പാർട്ടിയോടൊപ്പം നിൽക്കാനും പാർട്ടി തയ്യാറാണ്. ബിജെപിക്കെതിരെ ഒരു നിലപാടും കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെടുക്കുന്നില്ല. കെ.റെയിലിനെതിരെ ഇപ്പോൾ കേരളത്തിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ് സംസ്ഥാനത്തിന് പദ്ധതി അത്യന്താപേക്ഷിതമാണ്.. പ്രകൃതിയെ സംരക്ഷിച്ചുള്ള പദ്ധതിയാണിത്. എന്നാൽ ചെറിയ വിഭാഗം ഇതിനെതിരെയാണ്. തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോവും. കെ- റെയിൽ പദ്ധതിയിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല.

കേന്ദ്ര ഘടകം മുതൽ താഴെയുള്ള ഘടകം വരെ ഏകാഭിപ്രായമാണുള്ളതെന്നും എസ്.ആർ.പി പറഞ്ഞു. സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.