കോഴിക്കോട്: പാർട്ടി സംസ്ഥാന സെക്രട്ടറി കോഴിക്കോട് കൊടുവള്ളിയിൽ കള്ളക്കടത്തുകാരനായ വ്യവസായിയിയുടെ ആഡംബരവാഹനമായ കൂപ്പറിൽ കയറി ജനജാഗ്രത യാത്ര നടത്തിയതിന്റെ ക്ഷീണം സിപിഎമ്മിന് ഇനിയും തീർന്നിട്ടില്ല. അതുകൊണ്ടുതന്നെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകരുതെന്ന കർശന തീരുമാനത്തിലാണ് സിപിഎം.

ഇതിനായി പണപ്പിരിവടക്കമുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാക്കാനും പ്രത്യേകം നിരീക്ഷിക്കാനും ഇക്കാര്യത്തിൽ മുൻകാലങ്ങളിലെ മാനദണ്ഡങ്ങൾ കർശനമാക്കാനും സിപിഎം തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിനായി കോർപറേറ്റുകളിൽനിന്ന് സംഭാവന വാങ്ങില്ലെന്നതാണ് പ്രധാന തീരുാമനം. ഭരണം കയ്യിലുള്ളതിനാൽ കളങ്കിതരും പ്രാഞ്ചിയേട്ടന്മാരും പാർട്ടി അനുഭാവികളായി നുഴഞ്ഞുകയറുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസംചേർന്ന സിപിഎം സംസ്ഥാന കമ്മറ്റി കീഴഘടകങ്ങളെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ തൃശൂരിൽ വാർത്താ സമ്മേളനം നടത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം സ്ഥിരീകരിച്ചു.തൃശൂരിൽ 37 വർഷത്തിന് ശേഷം എത്തുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് കോർപറേറ്റുകളിൽ നിന്ന് പിരിവ് വാങ്ങില്ലെന്നും, സാധാരണക്കാരിൽ നിന്ന് സമാഹരിക്കുന്ന പണം കൊണ്ട് സമ്മേളനം നടത്തുമെന്ന് പ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഫെബ്രുവരി 22 മുതൽ 25 വരെ നടക്കുന്ന സമ്മേളനത്തിന് ബ്രാഞ്ച്, ഏരിയ, ലോക്കൽ കമ്മിറ്റികളിലും സ്വാഗതസംഘം രൂപവത്കരിക്കും. സംസ്ഥാനത്ത് 27,762 ബ്രാഞ്ചുകളിലായി 4.63 ലക്ഷം പേരാണ് പാർട്ടിയിൽ അംഗങ്ങളായുള്ളത്.

മൂന്നു വർഷത്തിനുള്ളിൽ അംഗസംഖ്യയിൽ അറുപതിനായിരത്തിന്റെ വർധനയും പുതിയ 67 ലോക്കൽ കമ്മിറ്റികളും നിലവിൽ വന്നു. 475 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 600 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 25,000 ചുവപ്പ് വളന്റിയർമാർ പങ്കെടുക്കുന്ന മാർച്ചും ബഹുജന റാലിയും സമ്മേളനത്തി!!െന്റ ഭാഗമായി നടക്കും. സിപിഎമ്മിനു വേണ്ടി രക്തസാക്ഷികളായ 564 പേരുടെ ശവകുടീരങ്ങളിൽ നിന്ന് ദീപശിഖ റാലി തുടങ്ങുമെന്ന പ്രത്യേകതയും ഉണ്ട്. െഫബ്രുവരി 17ന് തുടങ്ങി 21ന് തൃശൂരിൽ എത്തുന്ന വിധമാണ് ദീപശിഖറാലി നടത്തുക.

അധികാരത്തിലിരുന്നപ്പോൾ മതന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ കഴിയാത്തവരുമായി ഇപ്പോൾ എങ്ങനെ കൂട്ടുകൂടുമെന്ന് കോടിയേരി ചോദിച്ചു. 2004 ൽ പിന്തുണ നൽകിയപ്പോൾ ബിജെപിയെ ഒറ്റപ്പെടുത്താനാവാത്ത കോൺഗ്രസാണ് സിപിഎമ്മിന്റെ മുഖ്യശത്രു ആരാണെന്ന് ചോദിക്കുന്നതെന്ന് അദ്ദേഹംകുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.സി.സി അധ്യക്ഷ പദവിയിൽ അമ്മക്ക് പകരം മകൻ വന്നു എന്നതല്ലാതെ ഒരുമാറ്റവും കോൺഗ്രസിൽ ഉണ്ടായിട്ടില്ല. ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ആർ.എസ്.എസിനെതിരെ വിശാല സഖ്യം രൂപവത്കരിക്കേണ്ടി വന്ന സമയത്തെല്ലാം അത് സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ് കോൺഗ്രസും ബിജെപിയും രാജ്യം ഭരിച്ചത്. ഹിന്ദുത്വം എന്നു പേരിട്ട് ബിജെപിയും ബൂർഷ്വ, ഭൂപ്രഭുത്വ ഭരണത്തിലൂടെ കോൺഗ്രസും കോർപറേറ്റുകളുടെ വളർച്ചയെ സഹായിച്ചു. രാജ്യത്തെ സമ്പത്തി!!െന്റ 60 ശതമാനവും കൈയാളി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനിക വർഗമാണ്. നയപരമായി യോജിപ്പുള്ള കക്ഷികൾ ചേർന്ന് രാജ്യത്ത് പുതിയ രാഷ്ട്രീയ പുനരേകീകരണത്തിനു ശ്രമിക്കേണ്ട സമയമാണ്.

ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ ഒരു പ്രത്യയശാസ്ത്രം കോൺഗ്രസിനില്ല. അവർ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയനയം പുനർവിചിന്തനത്തിനു വിധേയമാക്കണം. സംസ്ഥാനത്ത് ശത്രുപക്ഷത്തു നിൽക്കുന്ന പല പാർട്ടികളും ഇടതുപക്ഷത്തേക്ക് വരും. അവരെ ആകർഷിക്കത്തക്ക തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.